ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പരിശോധന വേണ്ടെന്ന് വിദഗ്ധ സമിതി; സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ കൂടുമെന്നും വീടുകളില്‍ ചികിത്സ ആരംഭിക്കണമെന്നും നിര്‍ദ്ദേശം
കൊച്ചി: കൊവിഡ് സ്ഥിരീകരിച്ച ശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ പത്താം ദിവസം പരിശോധനകളില്ലാതെ തന്നെ ആശുപത്രി വിടാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കണമെന്നും സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുമെന്നും സമിതി മുന്നറിയിപ്പ് നല്‍കി.
പരിശോധന നടത്തുന്ന ഇടങ്ങളിലൊക്കെ വലിയ തോതില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയാണ്. ക്ലസ്റ്ററുകളുടെ എണ്ണം കൂടുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ക്ലസ്റ്ററുകളില്‍ 80 ശതമാനവും സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പ്രദേശങ്ങളിലാണ്. പലര്‍ക്കും രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ചികിത്സയ്ക്കായി കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തുടങ്ങണമെന്നും മെഡിക്കല്‍ കോളെജ് ആശുപത്രികളിലെ ചികിത്സ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി മാറ്റണമെന്നും വിദഗ്ധ സമിതി നിര്‍ദേശിക്കുന്നു.
സംസ്ഥാനത്ത് കുറച്ച് പേര്‍ക്ക് മാത്രമാണ് രോഗം ഗുരുതരമാകുന്നത്.എന്നാല്‍ ഈ സ്ഥിതിയ്ക്കും മാറ്റമുണ്ടായേക്കാമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍ സര്‍ക്കാര്‍ മേഖലയിലെ തീവ്ര പരിചരണ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തണമെന്നും നിരക്ക് നിശ്ചയിച്ച സ്വകാര്യ ആശുപത്രികളില്‍ കൂടി ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."