മധ്യപ്രദേശില്‍ മന്ത്രിമാര്‍ അധികമെന്ന് ഹരജി; സുപ്രിം കോടതി നോട്ടിസയച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ പുതിയ 28 മന്ത്രിമാര്‍കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ പുതിയ വിവാദം. മന്ത്രിസഭയില്‍ പരമാവധി ഉണ്ടാകാവുന്നതിലുമധികം മന്ത്രിമാരെ നിയമിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി മുന്‍ സ്പീക്കര്‍ എന്‍.പി പ്രജാപതി നല്‍കിയ ഹരജിയില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സുപ്രിംകോടതി നോട്ടിസയച്ചു. നിലവില്‍ 34 മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. നിയമസഭയിലെ ആകെ അംഗങ്ങളുടെ പരമാവധി 15 ശതമാനമേ മന്ത്രിമാര്‍ ഉണ്ടാകാവൂവെന്നാണ് നിയമമെന്നും ഇവിടെ അതു ലംഘിക്കപ്പെട്ടുവെന്നുമാണ് അഭിഭാഷകനായ കപില്‍ സിബല്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. 230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയില്‍ നിലവില്‍ 206 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ് വിമതര്‍ രാജിവച്ചതടക്കം 24 സീറ്റുകളിലേക്കു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിലവില്‍ മുഖ്യമന്ത്രിയടക്കം 31ലേറെ മന്ത്രിമാരെ നിയമിക്കാന്‍ പറ്റില്ലെന്നിരിക്കേയാണ് 34 മന്ത്രിമാരെ നിയമിച്ചിരിക്കുന്നതെന്നാണ് ഹരജിയില്‍ പറയുന്നത്. എന്നാല്‍, നിയമസഭയിലെ ആകെ അംഗബലമാണോ അതോ നിലവിലെ അംഗബലമാണോ ഇക്കാര്യത്തില്‍ ബാധകമാകുക എന്നതടക്കമുള്ള ചോദ്യങ്ങളുയരുന്നതാണ് ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."