ശബരി സൂപ്പര്‍ ഡീലക്സ് പത്തനംതിട്ട സര്‍വിസ് ശനിയാഴ്ച മുതല്‍
മാനന്തവാടി: ദീര്‍ഘദൂര സര്‍വിസിനായി മാനന്തവാടിയിലെത്തിച്ച ശബരി സൂപ്പര്‍ ഡീലക്സ് ബസുകള്‍ നിരത്തിലിറക്കാന്‍ ധാരണയായി.
കഴിഞ്ഞ ഫെബ്രുവരി 15ന് ഡിപ്പോകളിലെത്തിച്ച അഞ്ചു ബസുകള്‍ ഓടാത്തതുമായി ബന്ധപ്പെട്ട് സുപ്രഭാതം വാര്‍ത്തകള്‍ ചെയ്തിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട റൂട്ടുകളിലേക്ക് സര്‍വിസ് നടത്തുന്നതിനു രണ്ടു വീതം ബസുകളും ബസുകള്‍ക്ക് കേടുപാടു സംഭവിക്കുമ്പോള്‍ യാത്ര മുടങ്ങാതിരിക്കാന്‍ ഒരു ബസും എന്ന നിലയിലാണ് അഞ്ചു ബസുകള്‍ എത്തിച്ചത്.
ചീഫ് ഓഫിസില്‍ നിന്നും അനുമതി ലഭിക്കാഞ്ഞതിനാലാണ് ബസുകള്‍ ഓടുന്നതിനു തടസമായിരുന്നത്. അനുമതി ലഭ്യമാക്കാന്‍ ഒ.ആര് കേളു എം.എല്‍.എയും ഇടപെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് പത്തനംതിട്ട സര്‍വിസ് ഓടുന്നതിനു അനുമതി നല്‍കികൊണ്ട് ചൊവ്വാഴ്ച ചീഫ് ഓഫിസില്‍ നിന്നും മാനന്തവാടി ഡിപ്പോയിലേക്ക് അറിയിപ്പ് ലഭിച്ചു.
എല്ലാ ദിവസവും രാത്രി 10.30ന് മാനന്തവാടിയില്‍ നിന്നും പുറപ്പെട്ട് തൃശ്ശൂര്‍, മൂവാറ്റുപുഴ, കോട്ടയം വഴിയാണ് ബസ് പത്തനംതിട്ടയിലെത്തുക. എല്ലാ ദിവസവും വൈകുന്നേരം ഏഴു മണിക്ക് പത്തനംതിട്ടയില്‍ നിന്നും ഇതേ റൂട്ടില്‍ മറ്റൊരു ബസ് മാനന്തവാടിയിലേക്കും പുറപ്പെടും. ഇനി തിരുവന്തപുരം ബസിനു കൂടി അനുമതി ലഭിക്കുന്നതോടെ എല്ലാ ബസുകളും ഓടിത്തുടങ്ങും.
പത്തനംതിട്ട ബസ് സര്‍വിസ് 29ന് രാവിലെ 10.30ന് ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് മാനന്തവാടി എ.ടി.ഒ രഞ്ജിത് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."