കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: സാക്ഷിക്ക് സുരക്ഷയൊരുക്കണമെന്ന് വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ അതോറിറ്റി
സിസ്റ്റര്‍ ലിസിക്ക് സുരക്ഷയൊരുക്കാനുള്ള ഉത്തരവ് വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം കേരളത്തില്‍ ആദ്യത്തേത്
കോട്ടയം: കന്യാസ്ത്രീ പീഡന കേസിലെ സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ കോട്ടയം വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ ഉത്തരവ്. സുരക്ഷ നല്‍കാന്‍ മൂവാറ്റുപുഴ ഡിവൈ.എസ്.പിക്കാണ് നിര്‍ദേശം നല്‍കിയത്. കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് നിര്‍ദേശം. കൂടാതെ സിസ്റ്റര്‍ ലിസിക്ക് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ഇതിന് നടപടി സ്വീകരിക്കുന്നതിനായി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ജഡ്ജി, ജില്ലാ പൊലിസ് മേധാവി, പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരടങ്ങിയ അതോറിറ്റിയുടെതാണ് ഉത്തരവ്. കോടതിയില്‍ മൊഴിനല്‍കുന്ന സാക്ഷികളുടെ സുരക്ഷ പരിഗണിച്ചാണ് വിറ്റ്‌നസ് പ്രൊട്ടഷന്‍ അതോറിറ്റി നടപടി. എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയശേഷം ലിസിയെ പുതിയ താമസ സ്ഥലത്തേക്ക് മാറ്റണം.
കഴിഞ്ഞ മാര്‍ച്ച് മാസം ബിഷപ്പിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയതിനെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ലിസി വടക്കേലില്‍ പറഞ്ഞിരുന്നു. ബിഷപ്പിനെതിരായ ലൈംഗികാരോപണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കേസ് വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തിലാണ് സാക്ഷിയായ സിസ്റ്റര്‍ ലിസിക്ക് സംരക്ഷണം ഒരുക്കാന്‍ വിറ്റ്‌നസ് പ്രൊട്ടഷന്‍ അതോറിറ്റി നിര്‍ദേശിച്ചത്. നിലവില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗമാണ് സിസ്റ്റര്‍ ലിസി. വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം കേരളത്തില്‍ ആദ്യമായാണ് സാക്ഷിക്ക് സുരക്ഷ ഒരുക്കാന്‍ അതോറിറ്റി ഉത്തരിവിടുന്നത്. സിസ്റ്റര്‍ ലിസി വടക്കേലിന്റെ സഹോദരനാണ് അതോറിറ്റിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."