'കെ-ടെറ്റ് അധിക യോഗ്യതയില്‍ നിന്ന് സര്‍വിസിലുള്ളവരെ ഒഴിവാക്കണം'
കല്‍പ്പറ്റ: നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക, സര്‍വിസിലുള്ളവരെ കെ-ടെറ്റ് അധിക യോഗ്യതയില്‍ നിന്നൊഴിവാക്കുക, ഹൈസ്കൂള്‍ കായികാധ്യാപകരുടെ ശമ്പളം തുല്യത വരുത്തുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, ഭാഷാധ്യാപക പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുക, ഹയര്‍സെക്കന്‍ഡറി-വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സര്‍വിസ് പ്രശ്നങ്ങള്‍ പരിഹരിക്കുക, തുടങ്ങിയ 37 ആവശ്യങ്ങളുന്നയിച്ച് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെ.എസ്.ടി.യു) ജില്ലയിലെ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അവകാശ പത്രിക സമര്‍പ്പിച്ചു. അധ്യാപക - ജീവനക്കാരുടെ ശമ്പള നടപടികള്‍ ആരംഭിക്കുക, ബ്രോക്കണ്‍ സര്‍വിസ് പെന്‍ഷനും മറ്റാനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക, പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിനായുള്ള നടപടികള്‍ വേഗത്തിലാക്കുക, സമഗ്ര ശിക്ഷാ അഭിയാന് വ്യക്തതയും സുതാര്യതയും ഉറപ്പാക്കുക, ക്ഷാമബത്ത കുടുശ്ശിക അനുവദിക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഹണി.ജി.അലക്സാണ്ടര്‍ക്ക് കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ്, ജില്ലാ പ്രസിഡന്റ് കെ.പി ഷൗക്കുമാന്‍, ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ അവകാശ പത്രിക നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."