യു.എസ് തെരഞ്ഞെടുപ്പിലെ ഇടപെടല്‍: 12 റഷ്യന്‍ രഹസ്യാന്വേഷകര്ക്കെതിരേ കുറ്റം ചുമത്തി
വാഷിങ്ടണ്‍: 2016ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ച് 12 റഷ്യന്‍ സൈനിക രഹസ്യാന്വേഷണ ഓഫിസര്‍ക്കെതിരേ യു.എസ് കുറ്റം ചുമത്തി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവെന്നാണ് ഇവര്ക്കതെിരേയുള്ള ആരോപണം.
കുറ്റാരോപിതര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റ് വഴി ഇടപെടല്‍ നടത്തിയെന്ന് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസന്സ്റ്റിന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റന്റെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തി. ഒരു വിഭാഗം വിവരങ്ങള്‍ ചോര്‍ത്തുകയും മറ്റുള്ളവര്‍ ഇതു ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് റോസ്റ്റന്സ്റ്റിന് പറഞ്ഞു.
റഷ്യന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ജെ.ആര്.യുവിന്റെ ഭാഗമാണിവരെന്നാണ് ആരോപണം. എന്നാല്‍ യു.എസ് കുറ്റംചുമത്തിയ 12 പേര് ജെ.ആര്.യുവിന്റെ ഭാഗമായിരുന്നുവെന്നതിന്റെ തെളിവുകളൊന്നുമില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെ ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധം തകര്‍ക്കാനാണ് 12 പേര്‍ക്കെതിരേ കുറ്റംചുമത്തിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പറഞ്ഞു.
അതേസമയം, ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നേരത്തെ തീരുമാനിക്കപ്പെട്ട പ്രകാരം നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്സങ്കിയിലാണ് കൂടിക്കാഴ്ച നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."