ജി.എന്‍.പി.സി അഡ്മിന്‍ രാജ്യം വിട്ടതായി സൂചന
തിരുവനന്തപുരം: ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ നേമം കാരയ്ക്കാമണ്ഡപം സ്വദേശി അജിത്കുമാര്‍ രാജ്യം വിട്ടതായി സൂചന. ഇതേ തുടര്‍ന്ന് പൊലിസും എക്‌സൈസും എമിഗ്രേഷന്‍ വിഭാഗത്തില്‍നിന്നു വിവരങ്ങള്‍ തേടി.
സോഷ്യല്‍ മീഡിയയിലൂടെ മദ്യാപാനത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് അജിത്കുമാറിനും ഭാര്യ വിനീതയ്ക്കുമെതിരേ എക്‌സൈസും പൊലിസും കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഒളിവില്‍പോയ ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം അജിത്കുമാറും ഭാര്യയും വിദേശത്താണെന്നും ഉടന്‍ തിരിച്ചെത്തി നിയമനടപടികള്‍ നേരിടുമെന്നും അജിത്കുമാറിന്റെ അഭിഭാഷകന്‍ ഫേസ്ബുക്കിലൂടെ സൂചന നല്‍കി.
ജി.എന്‍.പി.സി അഡ്മിന്‍മാര്‍ക്ക് മദ്യക്കമ്പനികളുമായി ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. അഡ്മിന്‍മാരുടെ വീട്ടിലും ചില ബാറുകളിലും നടത്തിയ റെയ്ഡില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ചു. ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ ഗ്രൂപ്പിലൂടെ ശ്രമം നടന്നത് ഇതിന്റെ ഭാഗമാണെന്നാണ് വിവരം. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ അഡ്മിന്‍ വിഭാഗം ശ്രമം നടത്തിയെന്നാണ് പൊലിസും എക്‌സൈസ് വകുപ്പും സംശയിക്കുന്നത്. ഇതിനായി മദ്യക്കമ്പനികളില്‍ നിന്ന് ഇവര്‍ക്ക് പണം ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ അഡ്മിന്‍മാരുടെ ബാങ്ക് അക്കൗണ്ട് അന്വേഷണസംഘം പരിശോധിക്കും.
മതസ്പര്‍ധയുണ്ടാക്കുന്നതും കുട്ടികളെ അവഹേളിക്കുന്നതുമായ പോസ്റ്റിട്ടവരുടെ യു.ആര്‍.എല്‍ വിലാസം ലഭിക്കുന്നതിന് പൊലിസ് ഫേസ്ബുക്ക് അധികൃതര്‍ക്ക് വീണ്ടും കത്തയച്ചു. ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ ഡിസ്‌കൗണ്ട് കൂപ്പണ്‍വരെ ഗ്രൂപ്പിലുള്ളവര്‍ക്ക് നല്‍കിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനികളുമായി രഹസ്യധാരണയുണ്ടായിരുന്നുവെന്നാണ് എക്‌സൈസ് സംശയിക്കുന്നത്. അജിത്കുമാറിന്റെയും ഭാര്യ വിനീതയുടെയും പേരില്‍ എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്കുകളിലുള്ള മൂന്ന് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. അജിത്കുമാറും ഭാര്യയും കീഴടങ്ങിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."