കുടിവെള്ള പദ്ധതിയില്‍ അഴിമതിയെന്ന് ആരോപണം
എരുമപ്പെട്ടി : എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള വിതരണ പദ്ധതികളുടെ മറവില്‍ അഴിമതി നടത്തുന്നതായി പരാതി.
കോണ്‍ഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം പ്രക്ഷോഭത്തിനൊരുങ്ങുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള എരുമപ്പെട്ടി പഞ്ചായത്ത് ഭരണസമിതി രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിവെള്ള പദ്ധതികളുടെ മറവില്‍ വലിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളുമാണ് നടത്തിയിരിക്കുന്നത്.
പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിനാമികളെ ഉപയോഗിച്ച് ലക്ഷങ്ങള്‍ പിരിച്ചെടുത്തിട്ടുണ്ടെന്ന് സി.പി.എം ആരോപിക്കുന്നു.
ഗുണഭോക്തൃ സമിതിയോ, അക്കൗണ്ട് വഴിയോ അല്ലാതെയാണ് കുടിവെള്ള വിതരണത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് വന്‍ തുകകള്‍ ഈടാക്കുന്നത്.
പഞ്ചായത്ത് ഭരണ നേതൃത്വവും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും നടത്തുന്ന അഴിമതികളുടെ പ്രതൃക്ഷ ഉദാഹരണമാണ് കാക്കനാട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന് വന്നിട്ടുള്ള വിവാദം.
നിലവിലെ കരാറുകാരന്‍ പറഞ്ഞ തുകയുടെ പകുതി തുകയില്‍ വീട്ട് കണക്ഷന്‍ നല്‍കാന്‍ മറ്റ് കരാറുകാര്‍ രംഗത്ത് വന്നിട്ടുണ്ടുണ്ടെങ്കിലും ക്വട്ടേഷന്‍ നടപ്പിലാക്കാതെ വാര്‍ഡ് മെമ്പറായ വൈസ് പ്രസിഡന്റിന്റെ ബിനാമിക്ക് കമ്മിറ്റി നിര്‍മാണ പ്രവര്‍ത്തനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പദ്ധതിയുടെ പേരില്‍ നൂറിനടുത്ത് ഗുണഭോക്താക്കളില്‍ നിന്നും 6000 രൂപ വീതം പിരിച്ചെടുത്തിട്ടുണ്ടെങ്കിലും കണക്ഷന്‍ നല്‍കാന്‍ ഇതുവരേയും തയ്യാറായിട്ടില്ല.
വീട്ട് കണക്ഷന്റെ പേരില്‍ പഞ്ചായത്ത് ഭരണ നേതൃത്വവും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു.
വാട്ടര്‍ അതോററ്റിയുടെ ജലവിതരണ പദ്ധതികള്‍ ഏറ്റെടുത്ത് ക്വട്ടേഷന്‍ ക്ഷണിക്കാതെ നടത്തുന്നത് അഴിമതി നടത്താനാണെന്ന് സി.പി.എം ആരോപിക്കുന്നു.
ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സി.പി.എം എരുമപ്പെട്ടി ഈസ്റ്റ്, വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ പി.ടി ദേവസി, വി.വിശ്വനാഥന്‍ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."