പീഡനം: മദര്‍ ജനറാളിന്റെ ആരോപണങ്ങള്‍ പൊളിയുന്നു
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗികപീഡനത്തിന് പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരായ മദര്‍ ജനറാളിന്റെ ആരോപണങ്ങള്‍ പൊളിയുന്നു. ഒരു വീട്ടമ്മയുടെ ഭര്‍ത്താവുമായുള്ള അവിഹിതബന്ധം സംബന്ധിച്ച പരാതിയില്‍ നടപടിയെടുത്തതിനാണ് ബിഷപ്പിനെതിരേ കന്യാസ്ത്രീ ലൈംഗികചൂഷണ പരാതി നല്‍കിയതെന്നായിരുന്നു മദര്‍ ജനറാള്‍ റെജീന കടന്തോട്ടില്‍ ആരോപിച്ചത്. തെളിവുശേഖരണത്തിനും നടപടിയെടുക്കുന്നത് ഉള്‍പ്പടെയുള്ള മറ്റു കാര്യങ്ങള്‍ക്കും വേണ്ടിയാണ് താന്‍ കുറവിലങ്ങാടെത്തിയതെന്നും വിഷയത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ് ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീ പരാതിയുമായെത്തിയതെന്നുമാണ് മദര്‍ ജനറാള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, മദര്‍ ജനറാള്‍ കുറവിലങ്ങാട്ടെത്തിയത് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി ചര്‍ച്ച ചെയ്യാനാണെന്ന് വ്യക്തമാക്കുന്ന കത്തുകളുടെ പകര്‍പ്പ് പുറത്തുവന്നു. ജൂണ്‍ രണ്ടിനാണ് മദര്‍ ജനറാള്‍ കുറവിലങ്ങാട്ടെത്തിയത്. തുടര്‍ന്ന് അവിടെയുള്ള കന്യാസ്ത്രീകളുമായി ചര്‍ച്ചകള്‍ നടത്തി. ആ സമയത്ത് പരാതിക്കാരിയായ കന്യാസ്ത്രീയെ മദര്‍ ജനറാള്‍ കണ്ടിരുന്നില്ല.
കുറവിലങ്ങാട്ടെത്തി ചര്‍ച്ച നടത്തിയെങ്കിലും താങ്കളെ കാണാന്‍ സാധിച്ചില്ലെന്നും ബിഷപ്പിനെതിരേ പരാതി നല്‍കിയ വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് നിങ്ങളുടെ ഭാഗത്തുനിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് മദര്‍ ജനറാള്‍ കന്യാസ്ത്രീക്ക് കത്തയച്ചത്. താങ്കളുടെ നിര്‍ദേശങ്ങള്‍ ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനായി പോകേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. ഈ കത്തിന് കന്യാസ്ത്രീ മറുപടിയും നല്‍കി.
വിഷയം പരിഹരിക്കേണ്ടതിന് പകരം കന്യാസ്ത്രീക്കെതിരേ പൊലിസില്‍ പരാതി നല്‍കാന്‍ ബിഷപ്പിന് അവസരമൊരുക്കുകയാണ് മദര്‍ ജനറാള്‍ ചെയ്തതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌തെന്നാണ് ജൂണ്‍ 23ന് കന്യാസ്ത്രീ മിഷനറീസ് ഓഫ് ജീസസിന് നല്‍കിയ കത്തില്‍ പറയുന്നത്. ബിഷപ്പിന്റെ ഭീഷണിക്കെതിരേ പ്രതികരിച്ച അഞ്ച് കന്യാസ്ത്രികള്‍ക്ക് സന്യാസിനി മഠം നീതി ഉറപ്പാക്കിയില്ലെന്നും അതില്ലാതായതോടെയാണ് പലരും മഠം ഉപേക്ഷിച്ചു പോയതെന്നും കത്തില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."