ഇഖാമയും ശമ്പളവുമില്ലാതെ മലയാളികളടക്കം മുപ്പതോളം തൊഴിലാളികൾ ദമാമിൽ ദുരിതത്തിൽ
ദമാം: താമസ രേഖയും ശമ്പളവുമില്ലാതെ മലയാളികളടക്കം മുപ്പതോളം തൊഴിലാളികൾ ദുരിതത്തിൽ. കിഴക്കൻ സഊദിയിലെ ദമാം മിന പോർട്ടിലെ ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളികളാണ് സഹായം തേടുന്നത്. പലരുടെയും ഉറ്റ ബന്ധുക്കൾ മരണപ്പെട്ടപ്പോൾ പോലും നാട്ടിൽ അയക്കാതെയും വെക്കേഷൻ കാലാവധി കഴിഞ്ഞിട്ടും നാട്ടിൽ പോകാൻ അനുവദിക്കാതെയും കമ്പനി ഇവരെ ദുരിതക്കയത്തിൽ തള്ളുകയായിരുന്നു. പലവിധ രോഗങ്ങൾ കൊണ്ട് പ്രയാസപെടുന്ന പലരും ഇഖാമയും ഇൻഷുറൻസും ഇല്ലാത്തതിനാൽ ആശുപത്രികളിൽ പോലും പോവാൻ പറ്റാത്ത നിസ്സഹായവസ്ഥയിലാണ്.
20 വർഷത്തോളമായി ജോലി ചെയ്യുന്ന പലരും സർവ്വീസ് മണി ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ലെന്നും ഇവർ പരാതി പറയുന്നു. എത്രയും പെട്ടെന്ന് താമസരേഖ ശരിയാക്കി കിട്ടാനുള്ള കുടിശികയും വാങ്ങി പ്രായമായ മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും കാണാനുള്ള പ്രാർത്ഥനയിലാണ് ഇവർ. ദുരിതത്തിലായ തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണസൗകര്യവും, നിയമസഹായവുമായി ഇന്ത്യൻ സോഷ്യൽഫോറം രംഗത്തെത്തിയിട്ടുണ്ട്.
സോഷ്യൽ ഫോറം സഹായത്തോടെ ലേബർ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് തൊഴിലാളികൾ. ഫോറം ദമാം കേരള സ്റ്റേറ്റ് സെക്രട്ടറി മൻസൂർ എടക്കാട് ഇവരെ സന്ദർശിച്ചു വേണ്ട സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടിലായ ഇവർക്ക് ആവശ്യമായ ഭക്ഷ്യ കിറ്റുകൾ സോഷ്യൽ ഫോറം വോളണ്ടിയർമാർ എത്തിച്ചു നൽകി. തുടർന്ന് നിയമ വശങ്ങൾ പഠിക്കുകയും റിയാദ് ഇന്ത്യൻ എംബസിയിൽ നിന്നും കേസിൽ ഇടപെട്ട് നിയമ സഹായവും മറ്റും ചെയ്യാനുള്ള അനുമതി പത്രം വാങ്ങി ലേബർ ഓഫിസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."