സൂര്യാതപ ജാഗ്രതാ മുന്നറിയിപ്പ് തുടരുന്നു
തൊടുപുഴ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനങ്ങള്‍ പ്രകാരം വരുന്ന രണ്ട് ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പകല്‍ 11 മണി മുതല്‍ മൂന്നുവരെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന പൊതുപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പുറം തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, പോലീസുകാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയവര്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാന്‍ സാധ്യതയുള്ള വിഭാഗക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ന് ഇടുക്കി ജില്ലയില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് .
നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയില്‍ കരുതണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെ സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക; മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. അവധിക്കാലത്ത് വിനോദയാത്ര നടത്തുന്നവര്‍ നേരിട്ട് തീവ്രമായ ചൂടേല്‍ക്കാത്ത തരത്തില്‍ സമയക്രമീകരണം നടത്തുക. 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടാതിരിക്കുക. കളിസ്ഥലങ്ങളില്‍ തണലും ജല ലഭ്യതയും ഉറപ്പ് വരുത്തുക. അതീവ ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കുക.
അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ഒരുക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുണ്ട്. വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ നിര്‍ദേശം പാലിക്കുക.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ 11 മുതല്‍ മൂന്ന് വരെ സുരക്ഷിതരാണെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ചൂട് ഏല്‍ക്കാതിരിക്കുന്ന രീതിയിലുള്ള വസ്ത്രധാരണത്തിന് നിര്‍ദ്ദേശിക്കണം. മാധ്യമപ്രവര്‍ത്തകരും പൊലിസ് ഉദ്യോഗസ്ഥരും 11 മുതല്‍ മൂന്ന് വരെ കുടകള്‍ ഉപയോഗിക്കണം. തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ തുടരുവാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപ സൂചിക കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."