അമ്പലപ്പാറയില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ള വിതരണം ആരംഭിക്കും
ഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള വിതരണം ഉടന്‍ ആരംഭിക്കും. ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ കുടിവെള്ള വിതരണം ചെയ്യാനുള്ള ടെന്‍ഡര്‍ അംഗീകരിച്ചു. തിങ്കളാഴ്ച എഗ്രിമെന്റ് ചെയ്യുന്നതോടെ അടുത്ത ആഴ്ചയില്‍ തന്നെ കുടിവെള്ളം വിതരണം നടത്താനാകുമെന്ന് അധികൃതര്‍ പറഞ്ഞു. ജലക്ഷാമം രൂക്ഷമായ അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ജല അതോറിറ്റിയുടെ വെള്ളമെത്താത്ത പ്രദേശങ്ങളാണ് കൂടുതലുള്ളത്. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന ഉള്‍പ്രദേശങ്ങളുള്‍പ്പെടെ 20 വാര്‍ഡുകളിലേക്കും കുടിവെള്ളമെത്തിക്കാനാണ് പദ്ധതി ഇട്ടിട്ടുള്ളത്.
ഭൂഗര്‍ഭജലം വന്‍തോതില്‍ താഴ്ന്നതോടെഅമ്പലപ്പാറ പഞ്ചായത്തിലെ നിരവധി കുഴല്‍ക്കിണറുകളാണ് വറ്റിയത്. ചെറുകിട കുടിവെള്ള പദ്ധതികളില്‍ പോലും നീരുറവ ഇല്ലാതായതോടെ ജലക്ഷാമം നേരിടുന്ന പ്രദേശവാസികള്‍ ബന്ധുവീടുകളിലേക്കും, മറ്റും താമസം മാറിയിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം റവന്യൂ വകുപ്പ് വിതരണം ചെയ്ത ടാങ്കുകള്‍ ഇതിനായി ഉപയോഗിക്കാനാവാത്ത അവസ്ഥയാണെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ മോട്ടര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ഇത്തരം ടാങ്കുകള്‍ നിറക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് ആവശ്യം ശക്തമാണ്.
അമ്പലപ്പാറ പഞ്ചായത്തിലെ ചുനങ്ങാട് മേഖലയില്‍ കിഫ്ബി പദ്ധതിയിലൂടെ 10 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി ഉദ്ഘാടനം കഴിഞ്ഞെങ്കിലും പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാത്ത തിനാല്‍ പഴയ ഉപഭോക്താക്കള്‍ക്ക് മാത്രമേ ജലഅതോറിറ്റിയുടെ വിതരണജലം ലഭ്യമാവുകയുള്ളൂവെന്ന സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."