അടാട്ട് ഫാര്‍മേഴ്‌സ് സഹകരണബാങ്ക് ക്രമക്കേട്;വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു
തൃശൂര്‍: ജില്ലയിലെ അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. അടാട്ട് ബാങ്കില്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേടും, തിരിമറികളും നടന്നുവെന്ന സഹകരണ വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ വിജിലന്‍സിന് മുഖ്യമന്ത്രി ഉത്തരവ് നല്‍കിയത്.
സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച ആരോപണത്തില്‍ ബാങ്ക് പ്രസിഡന്റായിരുന്ന എം.വി. രാജേന്ദ്രന്‍, അനില്‍ അക്കര എം.എല്‍.എ എന്നിവര്‍ക്കെതിരേ അന്വേഷണമുണ്ടാകും.
മുന്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ മരുമകനാണ് എം.വി രാജേന്ദ്രന്‍. സംഘത്തിന്റെ അംഗത്വ രജിസ്റ്ററിലും അനുബന്ധരേഖകളിലും കൃത്രിമം നടത്തുക, അര്‍ഹതയില്ലാത്തവര്‍ക്ക് വലിയ സംഖ്യ വായ്പ അനുവദിച്ചു നല്‍കുക, ബാധ്യതാ രജിസ്റ്ററില്‍ ക്രമക്കേടുകള്‍ നടത്തുക, കൃത്രിമരേഖകള്‍ ഉണ്ടാക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞതായാണ് ജോയിന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യകത ഉണ്ടെന്നും ആയത് സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മാനേജിങ് ഡയറക്ടറോട് നിര്‍ദേശിച്ചുവെങ്കിലും അപ്രകാരമുള്ള യാതൊരുവിധ രേഖകളും സംഘത്തില്‍ സൂക്ഷിച്ചു വരുന്നില്ല എന്ന് രേഖാമൂലം മാനേജിങ് ഡയറക്ടര്‍ എഴുതി നല്‍കുകയുണ്ടായതായി ജോയിന്റ് രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അനര്‍ഹര്‍ക്ക് കൃത്രിമ മാര്‍ഗങ്ങളിലൂടെ അംഗത്വം നല്‍കി വായ്പയും മറ്റാനുകൂല്യങ്ങളും നല്‍കിയതുവഴി സംഘത്തിന് 31.75 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കിയിട്ടുണ്ട്. നെല്ല്, അടയ്ക്ക സംഭരണത്തിലും വില്‍പനയിലും വായ്പ നല്‍കിയതിലും വലിയ തോതില്‍ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും നടത്തിയിട്ടുള്ളത്. സംഘത്തിന്റെ പ്രസിഡന്റ് എം.വി.രാജേന്ദ്രന്‍ അദ്ദേഹം തന്നെ ചെയര്‍മാനായ ഒരു സ്വകാര്യ കമ്പനിക്ക് 15 കോടി രൂപ യാതൊരുവിധ നിയമ പിന്‍ബലമില്ലാതെയും തിരിച്ചുപിടിക്കത്തക്ക ജാമ്യവസ്തുക്കളില്ലാതെയും വായ്പ അനുവദിച്ചത് വിജിലന്‍സ് അന്വേഷിക്കും. മാവേലിക്കര താലൂക്ക് സര്‍വീസ് സഹകരണ ബാങ്ക്, തൃശൂര്‍ ജില്ലയിലെ തന്നെ പുത്തൂര്‍ സര്‍വീസ് സഹകരണബാങ്ക് എന്നിവിടങ്ങളില്‍ നടന്നതിന് സമാനമായ തട്ടിപ്പ് അടാട്ടും നടന്നെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."