വരുന്നു, സ്വയംഭരണം
എന്‍ജിനീയറിങ് കോളജിലേക്ക് ഇതാ ഇനി സ്വയംഭരണം. കേരളത്തിലെ മൂന്ന് എന്‍ജിനീയറിങ് കോളജുകള്‍ക്ക് യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷന്‍ (യു.ജി.സി) സ്വയംഭരണം നല്‍കുന്നു. അതും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ അനുമതിയോടെ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്വകാര്യ എന്‍ജിനീയറിങ് കോളജുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതിനെ എപ്പോഴും എതിര്‍ത്തുകൊണ്ടിരുന്ന സി.പി.എമ്മും പാര്‍ട്ടി നേതൃത്വത്തിലുള്ള അധ്യാപക സംഘടനകളും നിലപാടു മാറ്റിയോ? നയം തിരുത്തിയോ?
തിരുവനന്തപുരത്തെ മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, കോട്ടയത്തെ സെന്റ് ഗിറ്റ്‌സ് കോളജ് ഓഫ് എന്‍ജിനീയറിങ്, കൊച്ചിയിലെ രാജഗിരി കോളജ് ഓഫ് എന്‍ജിനീയറിങ് എന്നീ മൂന്ന് സ്വകാര്യ എന്‍ജിനീയറിങ് കോളജുകള്‍ക്കാണ് കേരളത്തില്‍ ആദ്യമായി സ്വയംഭരണ പദവി ലഭിക്കുന്നത്. ഈ വര്‍ഷം മുതല്‍ ഈ കോളജുകള്‍ക്ക് സ്വന്തമായി കോഴ്‌സുകള്‍ തുടങ്ങാം. ഇഷ്ടംപോലെ സിലബസ് പരിഷ്‌കരിക്കാം. സ്വയം പരീക്ഷയും നടത്താം. സര്‍വകലാശാല ബിരുദം നല്‍കിയാല്‍ മാത്രം മതി.
ഇടതുപക്ഷം തീവ്രമായ വിലക്കു കല്‍പിച്ചിരുന്ന സ്വയംഭരണത്തിന് ഇതോടെ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ വരവേല്‍പ്പ് നല്‍കുകയാണ്. പക്ഷേ, കേരളത്തിലെ ഏറ്റവും മികവുള്ള തിരുവനന്തപുരത്തെ ഗവ. എന്‍ജിനീയറിങ് കോളജിന് ഇനിയും സ്വയംഭരണ പദവി ആയിട്ടില്ല. 1939 -ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മുന്‍കൈയെടുത്തു സ്ഥാപിച്ച ഈ കോളജ് തന്നെയാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രഗത്ഭരായ വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് പഠിക്കാന്‍ ലക്ഷ്യംവയ്ക്കുന്നത്. പക്ഷേ, ശക്തമായ രാഷ്ട്രീയ ശക്തികള്‍ സ്വയംഭരണത്തിനു വിലങ്ങുതടിയായി നില്‍ക്കുന്നു. അതിനു മുന്‍പില്‍ ചില അധ്യാപക സംഘടനകളാണെന്നതാണ് നിര്‍ഭാഗ്യകരമായ കാര്യം.
കോഴ്‌സുകളുടെ പുതുമയുടെ കാര്യത്തിലായാലും പഠനത്തിന്റെ നിലവാരത്തിലായാലും കേരളത്തിലെ എന്‍ജിനീയറിങ് കോളജുകള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണെന്നു പറയാതെ വയ്യ. കോഴ്‌സുകള്‍ മിക്കതും അറുപഴഞ്ചന്‍. സിലബസും അങ്ങനെ തന്നെ. ഇതിലൊക്കെ എന്തെങ്കിലും മാറ്റം വരുത്താന്‍ അധ്യാപക സംഘടനകള്‍ക്കൊന്നും താല്‍പര്യമില്ല. പ്രത്യേകിച്ച് ഇടത് സംഘടനകള്‍ക്ക്, ആര്‍ക്കും പുതിയ വിഷയങ്ങളോ പുതിയ കാര്യങ്ങളോ പഠിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ താല്‍പര്യമില്ല. പണ്ടെങ്ങോ പഠിച്ച് പരീക്ഷയെഴുതിയ പാഠങ്ങള്‍, ഒക്കുമെങ്കില്‍ പഴയ സ്വന്തം നോട്ട്ബുക്കിലെഴുതിയ കുറിപ്പുകളും പണ്ടത്തെ പുസ്തകങ്ങളും നോക്കി വായിച്ച് ക്ലാസിലെത്താനാണ് മിക്കവര്‍ക്കും താല്‍പര്യം. വിജ്ഞാന ലോകത്ത് എത്രയെത്ര പുതിയ മേഖലകള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. മെഷീന്‍ ലോണിങ്, ഡേറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിങ്ങനെ. പുതിയ പുതിയ വിജ്ഞാന മേഖലകളിലേറി ലോകം അതിവേഗം പുരോഗമിക്കുമ്പോള്‍ ഇതിനൊപ്പമോ, ഇതിനൊക്കെ ഏറ്റവും മുന്‍നിരയിലോ സഞ്ചരിക്കേണ്ട കേരളത്തിലെ എന്‍ജിനീയറിങ് കോളജുകള്‍ പിന്‍പന്തിയില്‍ മുടന്തി നീങ്ങുന്നു. മികവിന്റെയും കഴിവിന്റെയും കാര്യത്തില്‍ ലോകോത്തര നിലവാരമുള്ള ധാരാളം വിദ്യാര്‍ഥികളുള്ള നാടാണ് നമ്മുടേതെന്ന് പറയേണ്ടതില്ലതാനും.
2018-ലെ പുതുക്കിയ യു.ജി.സി വ്യവസ്ഥകള്‍ അനുസരിച്ചാണ് ഇപ്പോള്‍ സംസ്ഥാനത്തെ മൂന്ന് എഞ്ചിനീയറിങ് കോളജുകള്‍ക്ക് സ്വയംഭരണാവകാശം കിട്ടിയിരിക്കുന്നത്. ഈ വ്യവസ്ഥകളനുസരിച്ച് പിണറായി സര്‍ക്കാര്‍ സ്വന്തം നിലപാട് മാറ്റുകയായിരുന്നു. ഇതുസംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ പ്ലാനിങ് ബോര്‍ഡംഗം ഡോ. ബി. ഇഖ്ബാല്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, കേരള സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.എസ് രാജശ്രീ എന്നിവര്‍ അംഗങ്ങളായി ഒരു സമിതി രൂപീകരിച്ചു. സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് എന്‍ജിനീയറിങ് കോളജുകളില്‍ സ്വയംഭരണത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലും സര്‍വകലാശാലാ തലത്തിലും സ്വകാര്യ മേഖലയിലുമുള്ള എന്‍ജിനീയറിങ് കോളജുകളെല്ലാം കൂടി 158 എണ്ണമുണ്ട് സംസ്ഥാനത്ത്. പാലക്കാട്ടെ ഐ.ഐ.ടി, തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐസര്‍), കോട്ടയത്തെ ട്രിപ്പിള്‍ ഐ.ടി, കോഴിക്കോട്ടെ എന്‍.ഐ.ടി എന്നീ കേന്ദ്ര സ്ഥാപനങ്ങള്‍ വേറെയും. വേണ്ടത്ര പഠനമൊന്നും നടത്താതെയാണ് സ്വകാര്യ മേഖലയില്‍ എന്‍ജിനീയറിങ് കോളജുകള്‍ അനുവദിച്ചത്. നല്ലൊരു പങ്ക് സ്വകാര്യ മാനേജ്‌മെന്റുകളും തുടങ്ങിയത് കച്ചവടത്തിനു വേണ്ടിയായിരുന്നുതാനും. സെല്‍ഫ് ഫൈനാന്‍സിങ്ങിന് സ്ഥാപനങ്ങളുടെ ലക്ഷ്യം തന്നെ കച്ചവടമായപ്പോള്‍ അധ്യയനത്തിന്റെ നിലവാരം തീരെ കുറഞ്ഞു.
കണക്കില്‍ നല്ല പ്രാവീണ്യമുള്ളവര്‍ക്ക് മാത്രമേ എന്‍ജിനീയറിങ് പഠിക്കാനാവൂ എന്നിരിക്കെ തീരെ മാര്‍ക്ക് കുറഞ്ഞവരെപ്പോലും കനത്ത ഫീസ് വാങ്ങി എന്‍ജിനീയറിങ്ങിനു ചേര്‍ക്കാന്‍ സ്വകാര്യ എന്‍ജിനീയറിങ് മുതലാളിമാര്‍ക്ക് കഴിഞ്ഞു. ഇത് സംസ്ഥാനത്തെ എന്‍ജിനീയറിങ് പഠനത്തിന്റെ നിലവാരത്തെ വല്ലാതെ ബാധിച്ചു. പരീക്ഷയില്‍ തോറ്റ് തുന്നംപാടുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ നിര നീണ്ടു. ധാരാളം എന്‍ജിനീയിറിങ് കോളജുകള്‍ പൂട്ടിക്കെട്ടി.
വന്‍കിട ഐ.ടി സ്ഥാപനങ്ങള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസരംഗം അപചയം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കാണണം. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലെ ഫ്‌ളൈടെക്സ്റ്റ് എന്ന സ്ഥാപനം ഓരോ വര്‍ഷവും കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ വിദ്യാര്‍ഥികളെ തിരക്കിയറങ്ങും. ഒരു വര്‍ഷം കഷ്ടിച്ചു കിട്ടുന്നത് ഇരുപതോളം കുട്ടികളെ മാത്രം. തുടക്കശമ്പളം ഒരു ലക്ഷം രൂപയിലേറെയാണിവിടെ. നല്ല മികവുള്ള കുട്ടികളെ കിട്ടുക ബുദ്ധിമുട്ടാണെന്ന് ഫ്‌ളൈടെക്സ്റ്റ് സി.ഇ.ഒ ഡോ. വിനോദ് വാസുദേവന്റെ സ്ഥിരം പരാതി.
ലോകത്തിലെ പ്രമുഖ മോട്ടോര്‍ വാഹന നിര്‍മാതാക്കളിലൊന്നായ നിസാന്‍ മോട്ടോഴ്‌സ് ഇലക്ട്രിക് കാറിനും ഡ്രൈവറില്ലാതെ ഓടുന്ന കാറിനും ആവശ്യമായ വന്‍ ഗവേഷണങ്ങളുടെ ആഗോള ഹബ് സ്ഥാപിക്കാന്‍ ലോകത്തെ ഏറ്റവും നല്ല ഇടമായി കണ്ടത് തിരുവനന്തപുരമായിരുന്നു. ബംഗളൂരുവിനെപ്പോലെയോ ഹൈദരാബാദിനെപ്പോലെയോ അധികം തിരക്കില്ലാത്ത രണ്ടാംനിര പട്ടണമെന്നതു മാത്രമല്ല, വിദ്യാഭ്യാസപരമായി വളരെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനത്തിന്റെ തലസ്ഥനമെന്ന നിലയിലുള്ള പ്രാധാന്യവും നിസാന്‍ ഇവിടെ കണ്ടു. മൂന്ന് വര്‍ഷം മുന്‍പ് നിസാന്‍ സി.ഐ.ഒ (ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍) ആയി ചുമതലയേറ്റ തിരുവനന്തപുരം സ്വദേശി ടോണി തോമസാണ് അതിനു കാരണക്കാരനായതെന്നത് മറ്റൊരു കാര്യം.
തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിലാണ് ടോണി പഠിച്ചത്. പിന്നെ ജോലി തേടി അലഞ്ഞുനടന്നു. പല കടമ്പകളും കടന്ന് അമേരിക്കയില്‍ സിറ്റി ബാങ്കിന്റെ സി.ഐ.ഒ സ്ഥാനത്തെത്തി. പിന്നെ വോഡഫോണ്‍ ഇന്ത്യാ സി.ഐ.ഒ. അതുകഴിഞ്ഞ് ജി.ഇയുടെ ഗ്ലോബല്‍ സി.ഐ.ഒ. അവിടെനിന്ന് നിസാന്‍ സി.ഐ.ഒ സ്ഥാനത്തേക്ക്. 'വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം തന്നെയായിരുന്നു നിസാനെ തിരുവനന്തപുരത്തേക്കാകര്‍ഷിച്ച പ്രധാന ഘടകം. പക്ഷെ ഇവിടുത്തെ എന്‍ജിനീയറിങ് കോളജുകളിലെ സിലബസ് തികച്ചും പഴഞ്ചന്‍ തന്നെ. ഞങ്ങളും അതിനു മുന്‍പ് ഞങ്ങളുടെ അധ്യാപകരും പഠിച്ച അതേ സിലബസാണ് ഇപ്പോഴും നിലവിലുള്ളത്. അതുകൊണ്ട് തന്നെ ആധുനിക വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ വിദ്യാര്‍ഥികളെ കണ്ടെത്തുക ഏതൊരു വന്‍കിട സ്ഥാപനത്തിനും വലിയ വെല്ലുവിളി തന്നെയാണെന്ന ടോണി തോമസിന്റെ വാക്കുകള്‍ പ്രസക്തമാണ്.
സി.ഇ.ടിയില്‍ തന്നെ എന്‍ജിനീയറിങ് പഠിച്ച് ഉന്നതങ്ങളിലെത്തിയ തിരുവനന്തപുരം സ്വദേശി അജയ് പ്രസാദിനും ഇതുതന്നെ അഭിപ്രായം. ബി.ടെക്കിനു ശേഷം അജയ് പ്രവേശനപരീക്ഷയെഴുതി ചേര്‍ന്നത് കൊല്‍ക്കത്താ ഐ.ഐ.എമ്മില്‍. അതുകഴിഞ്ഞ് അമേരിക്കയിലെ ലോകപ്രശസ്തമായ എം.ഐ.ടിയില്‍. പഠനം പൂര്‍ത്തിയായപ്പോഴേക്ക് ബോസ്റ്റന്‍ കേന്ദ്രമായുള്ള ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ് എന്ന ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗം. ഏഷ്യയില്‍ വലിയ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയായിരുന്ന ടോറസ് ചുമതല അജയ് പ്രസാദിനെ ഏല്‍പിച്ചു. അജയ് ആവട്ടെ തെരഞ്ഞെടുത്തത് ജനിച്ചു പഠിച്ചു വളര്‍ന്ന തിരുവനന്തപുരവും. തിരുവനന്തപുരത്തെ ടെക്‌നോ പാര്‍ക്കില്‍ ടോറസ് കൊണ്ടുവരുന്നത് 2000 കോടി രൂപ ചെലവില്‍ തീര്‍ക്കുന്ന ഐ.ടി മന്ദിരങ്ങളും ലോകോത്തര നിലവാരമുള്ള മാളും താമസസൗകര്യങ്ങളും. എല്ലാംകൂടി 25000 ലേറെ പേര്‍ക്ക് വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍. ഇപ്പോള്‍ രംഗത്തുള്ള ലോകത്തെ ചില പ്രമുഖ ഐ.ടി സ്ഥാപനങ്ങള്‍ ഇവിടെ സ്ഥലമെടുക്കാന്‍ ടോറസുമായി സംസാരിച്ചു തുടങ്ങിക്കഴിഞ്ഞു. ഒക്കെയും ഉന്നത നിലയിലുള്ള ജോലികള്‍. എന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗത്തു വലിയ മാറ്റങ്ങളുണ്ടായാല്‍ മാത്രമേ ബിരുദമെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച ജോലി കിട്ടുകയുള്ളൂവെന്ന് അജയ് മുന്നറിയിപ്പ് നല്‍കുന്നു. 'എന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗം വളരെ പരിതാപകരമായ നിലയിലാണ്. പഴയ സിലബസും പഴയ പാഠങ്ങളും മാത്രമേയുള്ളൂ. പുതിയ വിഷയങ്ങളോ പുതിയ പാഠങ്ങളോ ഇല്ല. ലോകത്തെ വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമ്മുടെ എന്‍ജിനിയറിങ് വിദ്യാഭ്യാസരംഗം അടിമുടി പൊളിച്ചെഴുതണം' - അജയ് പ്രസാദിന്റെ വാക്കുകള്‍.
പക്ഷേ, പൊളിച്ചെഴുത്തിനു നേതൃത്വം കൊടുക്കാന്‍ ഇവിടെ ആരുണ്ട്. അവസാനം വിഷയത്തിന്റെ ഗൗരവം സി.പി.എം നേതൃത്വം ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നു വേണം മനസിലാക്കാന്‍. ഇപ്പോള്‍ മൂന്ന് എന്‍ജിനീയറിങ് കോളജുകള്‍ക്ക് മാത്രമാണ് സ്വയംഭരണ പദവി. കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തും. കൊച്ചി മുതല്‍ കാസര്‍കോട്ടുവരെയുണ്ട് കേരളം. മലബാര്‍ മേഖലയില്‍ പ്രത്യേകിച്ച്, മലപ്പുറത്തും കോഴിക്കോട്ടുമെല്ലാം വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷകളിലും സിവില്‍ സര്‍വിസ് പരീക്ഷകളിലും മറ്റും വന്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. മലപ്പുറത്തെ വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷകളില്‍ റാങ്കുകള്‍ നേടുന്നതുകണ്ട് പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് അച്യുതാനന്ദന്‍ പരീക്ഷാ നടത്തിപ്പിനെ കുറ്റപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. മലപ്പുറത്തെ കുട്ടികള്‍ റാങ്കുകള്‍ നേടുന്നതിനു കാരണം പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളാണെന്നായിരുന്നു അച്യുതാനന്ദന്റെ ആക്ഷേപം.
സ്വയംഭരണമെന്നാല്‍ ഏറെ ഉത്തരവാദിത്വമെന്നാണര്‍ഥം. സ്വന്തം ഗവേണിങ് കൗണ്‍സിലും ഭരണ സ്വാതന്ത്ര്യവും അക്കാദമിക് സ്വാതന്ത്ര്യവുമൊക്കെ വരുമെന്ന് പ്രതീക്ഷിക്കാം. അതു വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. പ്രമുഖ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും മാറ്റം അനിവാര്യമാണ്. സ്വയംഭരണം വലിയ വെല്ലുവിളിയാണെന്ന കാര്യവും ഓര്‍ക്കണം. മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോര്‍ജ് പറയുന്നു: സ്വയംഭരണം എന്‍ജിനീയറിങ് അധ്യാപകര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും. കോളജ് മാനേജ്‌മെന്റുകള്‍ക്കും. പുതിയ കോഴ്‌സുകള്‍ കൊണ്ടുവരണം. അധ്യാപകര്‍ പുതിയ പാഠങ്ങള്‍ പഠിക്കുകയും വേണം. എല്ലാവരും കൂട്ടായി അധ്വാനിച്ചാല്‍ മാത്രമേ എന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗത്തു മാറ്റങ്ങള്‍ കൊണ്ടുവരാനാകൂ'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."