വികാസ് ദുബെയുടെ മരണം; അന്വേഷണ സംഘത്തിനെതിരായ ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഗുണ്ടാ നേതാവായിരുന്ന വികാസ് ദുബെയെയും അഞ്ച് അനുയായികളെയും വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ വധിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തില്‍നിന്നു മുന്‍ ഡി.ജി.പിയേയും മുന്‍ ഹൈക്കോടതി ജഡ്ജിയെയും ഒഴിവാക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. പൊലിസ് നടത്തിയെന്നു പറയപ്പെടുന്ന ഈ ഏറ്റുമുട്ടലുകള്‍ വ്യാജമാണോയെന്ന് അന്വേഷിക്കുന്ന സംഘത്തിലേക്ക് കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞയാഴ്ചയായിരുന്നു ഇരുവരെയും ഉള്‍പ്പെടുത്തിയിരുന്നത്.
റിട്ട. സുപ്രിംകോടതി ജഡ്ജി ബി.എസ് ചൗഹാന്, മുന്‍ ഡി.ജി.പി കെ.എല്‍ ഗുപ്ത, റിട്ട. ഹൈക്കോടതി ജഡ്ജി ശശികാന്ത് അഗര്‍വാള്‍ എന്നിവരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇതില്‍ ബി.എസ് ചൗഹാന്, കെ.എല്‍ ഗുപ്ത എന്നിവരെ ഒഴിവാക്കണമെന്നായിരുന്നു രണ്ടുപേര്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. ഇതാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ബെഞ്ച് തള്ളിയത്.
ഏറ്റുമുട്ടലുകള്‍ക്കൊപ്പം, വികാസ് ദുബെ നേരത്തെ വിവിധ കേസുകളില്‍ ജാമ്യം ലഭിച്ച് രക്ഷപ്പെട്ടതെങ്ങനെയെന്നും പ്രത്യേകം അന്വേഷിക്കാന്‍ സുപ്രിംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."