HOME
DETAILS
MAL
യു.എസില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് കുത്തിവീഴ്ത്തിയ ശേഷം വാഹനം കയറ്റി കൊലപ്പെടുത്തി
backup
July 30 2020 | 03:07 AM
പ്രതി അറസ്റ്റില്‍
കോട്ടയം: മലയാളി നഴ്സിനെ അമേരിക്കയില്‍ ഭര്‍ത്താവ് കുത്തി വീഴ്ത്തിയശേഷം വാഹനം കയറ്റി കൊലപ്പെടുത്തി. അമേരിക്കയിലെ സൗത്ത് ഫ്ളോറിഡ കോറല്‍ സ്പ്രിങ്സിലെ ബ്രോവാഡ് ഹെല്‍ത്ത് ആശുപത്രിയില്‍ നഴ്സായ കോട്ടയം മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ ജോയി-മേഴ്സി ദമ്പതികളുടെ മകള്‍ മെറിന് ജോയി ( 28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വെളിയനാട് മണ്ണൂത്തറ നെവിന് (ഫിലിപ്പ് മാത്യു - 34) നെ പൊലിസ് അറസ്റ്റു ചെയ്തു. കുടുംബകലഹത്തെ തുടര്‍ന്ന് ഭര്‍ത്താവുമായി കുറേക്കാലമായി മെറിന് അകന്നു കഴിയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
രണ്ടു വയസുകാരി മകള്‍ നോറ കോട്ടയത്തെ അമ്മ വീട്ടിലാണുള്ളത്. നോറയുടെ രണ്ടാം ജന്മദിനവും മാതാപിതാക്കളുടെ വിവാഹ വാര്‍ഷികവും ഇന്നാണ്. ജന്മദിനം ആഘോഷിക്കാന്‍ വീട്ടുകാര്‍ ഒരുങ്ങുന്നതിനിടെയാണ് അച്ഛന്റെ ക്രൂരതയില്‍ അമ്മയുടെ ജീവന് പൊലിഞ്ഞത്.
ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെയാണ് സംഭവം നടന്നതെന്നാണ് നാട്ടില്‍ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ആശുപത്രിയിലെ അവസാന ഷിഫ്റ്റ് ജോലി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനായി പാര്‍ക്കിങ് ഏരിയയിലേക്ക് വരുമ്പോഴാണ് മെറിന് കുത്തേറ്റത്. ശരീരത്തില്‍ 17 തവണ കുത്തേറ്റു. നിലത്തു വീണ മെറിന്റെ ശരീരത്തിലൂടെ നെവിന് വാഹനമോടിച്ച് കയറ്റുകയും ചെയ്തു. പൊലിസ് ഉടന്‍ തന്നെ മെറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട നെവിനെ സ്വയം കുത്തി മുറിവേല്‍പ്പിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മിഷിഗണിലെ വിക്സനിലാണ് നെവിന് ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് ഏകമകള്‍ നോറയുമായി ദമ്പതികള്‍ നാട്ടിലെത്തിയത്. കുടുംബ കലഹത്തെ തുടര്‍ന്ന് നെവിന് നേരത്തെ തന്നെ അമേരിക്കയിലേക്ക് മടങ്ങിയിരുന്നു.
മകളെ അമ്മയെ നോക്കാന്‍ ഏല്‍പ്പിച്ചാണ് ജനുവരി 29 ന് മെറിന് ഫ്ളോറിഡയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. നിലവിലെ ജോലി രാജിവെച്ച് താമ്പയിലേക്ക് താമസം മാറാന്‍ ഇരിക്കവെയാണ് ദാരുണാന്ത്യം. ഇക്കഴിഞ്ഞ മെയില്‍ മാതാവ് മേഴ്സി മകള്‍ നോറയേയും കൊണ്ട് യു.എസില്‍ മെറിന്റെ അടുത്തേക്ക് പോകാനിരുന്നതാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."