വര്‍ഗീയ വിഭജനത്തിലൂടെ വോട്ട് നേടാന്‍ ബി.ജെ.പി ശ്രമം: കോടിയേരി
തിരുവനന്തപുരം: ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് വോട്ട് നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. പരസ്യമായി വര്‍ഗീയത പറഞ്ഞ് വോട്ട് തേടാനാണ് മോദി അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ ശ്രമം. ശബരിമല ഈ തെരഞ്ഞെടുപ്പില്‍ വിഷയമല്ലെന്നും കോടിയേരി മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കേന്ദ്രഭരണം ഉപയോഗിച്ച് ബി.ജെ.പി ശ്രമിക്കുകയാണ്. വിഷലിപ്തമായ പ്രചാരണത്തിന് പ്രധാനമന്ത്രി തന്നെ വന്നിരിക്കുന്നു. ആര്‍.എസ്.എസ് പ്രചാരകനെപ്പോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്.
കേരളത്തില്‍ ദൈവത്തിന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിക്കുന്നില്ലെന്ന് മോദി വ്യാജ പ്രചാരണം നടത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ദൈവത്തിന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്ന നിബന്ധന ഇറക്കിയതെന്ന വസ്തുത പ്രധാനമന്ത്രി മറച്ചുവയ്ക്കുന്നു. ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്നു പോലും ബി.ജെ.പി പറഞ്ഞിട്ടില്ല. സന്നിധാനത്ത് കലാപമുണ്ടാക്കിയും പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞും ആചാരങ്ങള്‍ ലംഘിച്ചവര്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ അവകാശമില്ല.
ശബരിമല കര്‍മസമിതി നേതാവ് സ്വാമി ചിദാനന്ദപുരി സന്യാസവേഷം കെട്ടിയ ആര്‍.എസ്.എസുകാരനാണ്. കേരളത്തെ വിഷലിപ്തമാക്കുന്നതിന് വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ ചിദാനന്ദപുരിയെ ആര്‍.എസ്.എസ് ഉപയോഗിക്കുന്നുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ആര്‍.എസ്.എസ് കബളിപ്പിക്കുകയാണ്. കേരളത്തില്‍ കലാപനീക്കം പരാജയപ്പെട്ടതിന്റെ അസഹിഷ്ണുതയാണ് സംഘപരിവാറിന്. ബി.ജെ.പിക്കെതിരേ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തയാറല്ല എന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം.
വയനാട്ടില്‍ മുസ്‌ലിം ലീഗ് ഉപയോഗിച്ചത് പാകിസ്താന്‍ പതാകയല്ല എന്ന് അമിത് ഷായ്ക്ക് മറുപടി നല്‍കാന്‍ ഒരു കോണ്‍ഗ്രസ് നേതാവും തയാറായിട്ടില്ല. വയനാട് പാകിസ്താനാണെന്ന് അമിത് ഷാ പറഞ്ഞത് ബോധപൂര്‍വമാണ്. പാകിസ്താനെതിരായ വിരോധം മുസ്‌ലിം വിരുദ്ധമാകാന്‍ അനുവദിക്കില്ല. പാകിസ്താന്‍ പരാമര്‍ശം നടത്തി ന്യൂനപക്ഷത്തിനെതിരേയുള്ള വിരോധമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മുസ്‌ലിം ലീഗിനോടുള്ള എതിര്‍പ്പ് മുസ്‌ലിം വിരോധമാക്കി മാറ്റാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനോ ലീഗിനോ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്നും കോടിയേരി സൂചിപ്പിച്ചു.
എല്‍.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ചരിത്രവിജയം നേടുന്നമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."