അണ്‍ എയ്ഡഡ് സ്‌കൂള്‍ അംഗീകാരത്തിന് നടപടിയായില്ല
മലപ്പുറം: അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ അംഗീകാരം സംബന്ധിച്ച് ഹൈക്കോടതി പറഞ്ഞിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് അപേക്ഷ സ്വീകരിച്ച് അംഗീകാരം നല്‍കുന്നതു സംബന്ധിച്ച അടിയന്തരമായി തീരുമാനമെടുക്കണമെന്ന ഹൈക്കോടതിയുടെ കല്‍പനയാണ് ഒരു വര്‍ഷം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഗൗനിക്കാതിരിക്കുന്നത്്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത മാനേജ്‌മെന്റുകള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു.
തുടര്‍ന്ന് അംഗീകാരത്തിനായി അപേക്ഷ നല്‍കിയ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മാനേജ്‌മെന്റുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിന് 2019 ജനുവരി 31നകവും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് അംഗീകാരം തേടിയ മാനേജ്‌മെന്റുകള്‍ക്ക്് മാര്‍ച്ച് 31നകവും അംഗീകാരം നല്‍കാന്‍ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 2015ലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനു മുന്‍പ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം, സി.ബി.എസ്.ഇ എന്‍.ഒ.സി എന്നിവ നല്‍കിയത്്. സംസ്ഥാനത്ത് 2015 മുതല്‍ അടിസ്ഥാന സൗകര്യമൊരുക്കി 1700ലധികം സ്‌കൂളുകള്‍ അംഗീകാരം കാത്തുകിടക്കുന്നുണ്ട്. ഇതിനിടെ 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമായി സര്‍ക്കാര്‍ 2018 ഡിസംബറില്‍ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ റദ്ദ് ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണിപ്പോള്‍.
ഈ കേസ് മെയ് 23ന് പരിഗണിക്കുമെന്നാണ് വിവരം. ഇതോടൊപ്പം മെയ് 20നകം നിലവില്‍ എത്ര സ്‌കൂളുകളാണ് സര്‍ക്കാര്‍ അംഗീകാരത്തിനായി അപേക്ഷ നല്‍കിയതെന്ന വിവരം ഉള്‍പ്പെടെ സമര്‍പ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്്. സി.ബി.എസ്.ഇ അംഗീകാരത്തിന് എന്‍.ഒ.സി ലഭിക്കാന്‍ 2018 വരെ ഫീസ് അടച്ച മാനേജുമെന്റ്കളെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ് തള്ളിയ കോടതി കഴിഞ്ഞ ദിവസം 25,000 രൂപ ഫീസ് അടക്കാന്‍ 17 വരെ സമയം അനുവദിച്ചിട്ടുണ്ട്്.
അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിട്ട് പോലും അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാത്ത പശ്ചാതലത്തിലാണ് 2018-19 അധ്യയനവര്‍ഷം കൂടി അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്്. അംഗീകാരം നല്‍കുന്നതിന് പലതവണ കോടതി സമയം അനുവദിച്ചിരുന്നെങ്കിലും നടപടിയെടുക്കാത്തതിലെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കോടതി കയറിയിട്ടും സര്‍ക്കാര്‍ കനിയാത്ത അവസ്ഥയാണ്. അതേസമയം, സി.ബി.എസ്.ഇ അംഗീകാരമില്ലാതെ ഒന്‍പതാം ക്ലാസ് പ്രവര്‍ത്തിച്ച മൂവാറ്റുപുഴ പുതുപ്പാടി പെരുമറ്റം വി.എം പബ്ലിക് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."