മന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ സ്ത്രീകള്‍ക്കെതിരേ കേസ്; നിരാഹാര സമരവുമായി വീട്ടമ്മമാര്‍
കോട്ടയം: ശോചനീയമായ പാലം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കു നിവേദനം കൊടുക്കാനെത്തിയ സ്ത്രീകള്‍ക്ക് എതിരേ കേസ്. സംഭവത്തില്‍ പ്രതിഷേധിച്ച് കുമരകത്ത് വീട്ടമ്മമാര്‍ നിരാഹാര സത്യാഗ്രഹം നടത്തി. കുമരകം കരിയില്‍ പാലത്തിനു സമീപം താമസിക്കുന്ന അന്‍പതിലേറെ സ്ത്രീകളാണ് ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ നിരാഹാര സത്യാഗ്രഹവുമായി പ്രതിഷേധിച്ചത്.
മെത്രാന്‍കായലിലെ കൊയ്ത് ഉത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിമാരായ തോമസ് ഐസക്കിനെയും, വി.എസ് സുനില്‍കുമാറിനെയും തടഞ്ഞെന്നാണ് കുമരകം കരിയില്‍ പ്രദേശത്തു താമസിക്കുന്ന നാല്‍പതു സ്ത്രീകള്‍ക്കെതിരായ കേസ്. എന്നാല്‍, മന്ത്രിമാരെ ആരും തടഞ്ഞിട്ടില്ലെന്നും കേസ് എടുക്കരുതെന്ന്് മന്ത്രിമാര്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നെന്നും സ്ഥലം എം.എല്‍.എയായ സുരേഷ് കുറുപ്പ് വ്യക്തമാക്കി. മെത്രാന്‍കായല്‍ പാടശേഖരത്തേയ്ക്കു പോകാന്‍ കഴിയുന്ന കരിയില്‍ പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കരിയില്‍ കോളനി നിവാസികളായ നാല്‍പതോളം സ്ത്രീകളാണ് മാസങ്ങളായി സമരം നടത്തുന്നത്. സമരം കണക്കിലെടുത്ത് മെത്രാന്‍കായലിലെ കൊയ്ത്ത് ഉത്സവത്തിനായി എത്തിയ മന്ത്രിമാര്‍ ബോട്ടിലാണ് സ്ഥലത്തേക്കു പോയത്. ഇതിനിടെ പൊങ്ങലക്കരി കോളനിയിലേ്ക്കുള്ള പാലത്തിന്റെയും റോഡിന്റെയും ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ തോമസ് ഐസക്കിനെയും, വി.എസ് സുനില്‍കുമാറിനെയും കണ്ട് നിവേദനം നല്‍കുകയായിരുന്നു.
സംഭവത്തിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്ത്രീകളുടെ വീട്ടില്‍ പൊലിസ് എത്തി സമന്‍സ് നല്‍കിയപ്പോഴുമാണ് മന്ത്രിയെ തടഞ്ഞെന്ന കുറ്റം ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തെന്നു വ്യക്തമായത്. തുടര്‍ന്നു ഇവര്‍ക്കെതിരെ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. ഇതോടെയാണ് സ്ത്രീകള്‍ വീണ്ടും സമരവുമായി രംഗത്ത് എത്തിയത്. പാലം അടിയന്തരമായി നിര്‍മിക്കണമെന്നും, ഇവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീകള്‍ നിരാഹാര സമരം.
സമരത്തിന് പിന്തുണയുമായി ജനപ്രതിനിധികളുമെത്തി. പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ് വീട്ടമ്മമാരുമായി കൂടിക്കാഴ്ച്ച നടത്തി. സംഭവം നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അറിയിച്ചു. പൊലിസ് നടപടി ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."