ഗ്രാമിക ദേശക്കാഴ്ചയ്ക്ക് ഇന്ന് തുടക്കം
മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമിക സംഘടിപ്പിക്കുന്ന കലാസാംസ്‌കാരികോത്സവം 'ദേശക്കാഴ്ച' ഇന്ന് മുതല്‍ മെയ് രണ്ട് ചൊവ്വാഴ്ച വരെ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗ്രാമികയുടെ 29-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ദേശക്കാഴ്ച മൃണാളിനി സാരാഭായ് വേദിയില്‍ നാളെ വൈകീട്ട് അഞ്ചിന് ചലചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്യും.
കെ.യു അരുണന്‍ എം.എല്‍.എ അധ്യക്ഷനാകും. കലാമണ്ഡലം ചിത്ര അക്കാദമി വാര്‍ഷികവും, അഭിമന്യൂ വിനയകുമാര്‍ നൃത്തോത്സവവും, വര്‍ഗ്ഗീസ് കാച്ചപ്പിള്ളി ചിത്രപദര്‍ശനവും ഉദ്ഘാടനം ചെയ്യും. അരങ്ങേറ്റം കുറിക്കുന്ന നൃത്ത വിദ്യാര്‍ഥികള്‍ക്ക് സന്ധ്യ നൈസന്‍ സ്മൃതി ഫലകങ്ങള്‍ വിതരണം ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ഗ്രാമിക അക്കാദമിയുടെ എഴുപതോളം നൃത്ത വിദ്യാര്‍ഥികളുടെ നൃത്തനൃത്ത്യങ്ങളും അരങ്ങേറും. ഇന്ന് ബാലമുരളീകൃഷ്ണ വേദിയില്‍ സംഗീതോത്സവം അരങ്ങേറും. രാവിലെ 10 മുതല്‍ ഗാനാലാപനം, 11 ന് ഗ്രാമിക ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയവ നടക്കും. രണ്ടു മണിക്ക് മന്ത്രി വി.എസ് സുനില്‍കുമാര്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.
പ്രമുഖ സംഗീതഞ്ജന്‍ വെള്ളിനേഴി സുബ്രഹ്മണ്യം മുഖ്യാതിഥിയാകും. സംഗീത സംവിധായകന്‍ പ്രതാപ് സിംഗിനെ വേദിയില്‍ ആദരിക്കും. മുന്നു മുതല്‍ അഞ്ചുമണി വരെ ഭരദ്വാജ് സുബഹ്മണ്യന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരി അരങ്ങേറും. തുടര്‍ന്ന് കീബോര്‍ഡ് ഫ്യൂഷന്‍, ഗിറ്റാര്‍, തബലവാദന്‍ എന്നിവയും ഗ്രാമിക അക്കാദമിയിലെ ആറ് സംഗീത വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും നടക്കും. മെയ് ഒന്നിന് ആണ്ടിപണിക്കര്‍ വേദിയില്‍ പൈതൃകോത്സവം നടക്കും. വൈകീട്ട് 5.30 ന് കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ക്ക് ശേഷം 6.30 ന് ഉദ്ഘാടന സമ്മേളനം നടക്കും. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍, പൈതൃകോത്സവം ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. 11 ചെണ്ട വിദ്യാര്‍ഥികളുടെ അരങ്ങേറ്റം പെരുവനം സതീശന്‍ മാരാര്‍ ഉദ്ഘാടനം ചെയ്യും.
ഗ്രാമത്തിലെ നാടന്‍ കലാകാരന്‍മാരായ അമ്മിണി കണ്ടന്‍, കണ്ണന്‍ തരകംപറമ്പില്‍ എന്നിവരെ രമേശ് കരിന്തലക്കൂട്ടവും വാദ്യകലാകാരന്‍മാരായ താഴേക്കാട്ടുപറമ്പില്‍ ബാലന്‍, മുരളി പതിയാരി എന്നിവരെ കൊടകര ഉണ്ണിയും ആദരിക്കും. വൈകീട്ട് ഏഴിന് ഗ്രാമിക അക്കാദമിയിലെ 11 ചെണ്ട വിദ്യാര്‍ഥികളുടെ പഞ്ചാരി അരങ്ങേറ്റവും രാത്രി എട്ടിന് കളരിപ്പയറ്റ് പ്രദര്‍ശനവും നടക്കും.
8.30 ന് കരിവെള്ളൂര്‍ കുണിയന്‍ പൂരക്കളി സംഘം അവതരിപ്പിക്കുന്ന പുരക്കളിയോടെ പൈതൃകോത്സവം സമാപിക്കും. മെയ് രണ്ട് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അനില്‍ വട്ടത്തറ വേദിയില്‍ സമാപന സമ്മേളനം നടക്കും. സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നടന്നുവരുന്ന കുട്ടികളുടെ നാടക പരിശീലന കളരി വേനല്‍മഴയുടെ സമാപനവും ഇതോടൊപ്പം നടക്കും. സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനാകും. വേനല്‍മഴ നാടകക്കളരി അംഗങ്ങള്‍ക്കുള്ള സാക്ഷ്യപത്ര വിതരണം സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി മോഹനന്‍ നിര്‍വ്വഹിക്കും.
പ്രമുഖ കൂടിയാട്ടം നര്‍ത്തകി കപില വേണു മുഖ്യാതിഥിയാകും. തുടര്‍ന്ന് വേനല്‍മഴ ക്യാമ്പിലെ 50 ഓളം വരുന്ന കുട്ടികള്‍ ക്ലക്ലീക്ലു എന്ന നാടകം അവതരിപ്പിക്കും. ഏഴു മണിക്ക് ഗ്രാമികസംഗീത നാടക അക്കാദമി പ്രതിമാസ നാടകം അരങ്ങേറും. ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയ്യേറ്റര്‍ അവതരിപ്പിക്കുന്ന അമേച്വര്‍ നാടകം അക്കാദമി അവാര്‍ഡ് നേടിയ ചില്ലറ സമരം എന്ന നാടകമാണ് അവതരിപ്പിക്കപ്പെടുക. ദേശക്കാഴ്ചക്ക് കഴിഞ്ഞ ദിവസം കുട്ടികള്‍ ചേര്‍ന്ന് കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമിക പ്രസിഡന്റ് വടക്കേടത്ത് പത്മനാഭന്‍, സെക്രട്ടറി പി.കെ കിട്ടന്‍, ഖജാന്‍ജി ഇ.കെ മോഹന്‍ദാസ് തുടങ്ങിയവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."