കൊവിഡില്‍ പൊലിസ് വടിയെടുക്കുന്നു, പൂര്‍ണ നിയന്ത്രണം പൊലിസിന്
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണത്തിന്റെ ചുമതല പൊലിസിനു നല്‍കുന്നതോടെ വീണ്ടും പൊലിസ് വടിയെടുക്കുന്നു. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 506 ആയി ഉയര്‍ന്നു. സമ്പര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്നു. ക്വാറന്റീന്‍ ലംഘിച്ച് പലരും പുറത്തിറങ്ങുന്നു. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. രോഗവ്യാപന തോത് വര്‍ധിക്കാന്‍ ഇതാണ് പ്രധാനകാരണമാകുന്നത്. ഈ പശ്ചാത്തലത്തിലാണ് കൊവിഡ് നിയന്ത്രണത്തിനുള്ള പൂര്‍ണ ചുമതല പൊലിസിന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കണ്ടെയിന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാനുള്ള ചുമതലയും പൊലിസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലാ പൊലിസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും. കണ്ടെയിന്‍മെന്റ് സോണില്‍ നിയന്ത്രണം ഫലപ്രദമാക്കാന്‍ പൊലിസ് നടപടി കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
നേരത്തെ ആരോഗ്യ വകുപ്പിന്റെ ചുമതലയിലുണ്ടായിരുന്ന പല കാര്യങ്ങളും ഇനി പൊലിസാണ് നിയന്ത്രിക്കുക. ആരോഗ്യവകുപ്പിന്റെ നടപടിയോട് സഹകരിക്കാത്തവരും പൊലിസിനെ ഭയന്ന് പുറത്തിറങ്ങാതെ അകത്ത് ഒതുങ്ങിക്കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമ്പര്‍ക്ക വിലക്ക് ലംഘിച്ചാല്‍ ബന്ധപ്പെട്ടവര്‍ പൊലിസിനെ അറിയിക്കണം. മാര്‍ക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ആളുകള്‍ അകലം പാലിക്കുന്നുവെന്ന് പൊലിസ് ആണ് ഉറപ്പാക്കേണ്ടത്. നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ കടന്നുകളഞ്ഞാല്‍ ഇത്തരക്കാരെ കണ്ടെത്താനും പൊലിസ് പെട്ടെന്ന് നടപടിയെടുക്കണം. പോസിറ്റീവായ ഒരാളുടെ കോണ്ടാക്ട് കണ്ടെത്തണം. പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടാണ് കണ്ടെത്തേണ്ടത്. ഇത് പൊലിസ് നേരിട്ട് നിര്‍വഹിക്കണം.
അന്വേഷണ മികവ് അവര്‍ക്കുണ്ട്. ഇത്തരക്കാരെ കണ്ടെത്താന്‍ എസ്.ഐയുടെ നേതൃത്വത്തില്‍ ടീം പ്രവര്‍ത്തിക്കും. കോണ്ടാക്ട് ട്രേസിങ് നടത്തലാണ് ടീമിന്റെപ്രധാന ചുമതല. പോസിറ്റീവ് ആളുകളുടെ സമ്പര്‍ക്ക പട്ടിക ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ച്, ചുമതല പൊലിസിന് നല്‍കുന്നു. 24 മണിക്കൂറിനകം കോണ്ടാക്ടുകള്‍ കണ്ടെത്തണം. കണ്ടെയിന്‍മെന്റ് സോണിലും പുറത്തും അകലം പാലിക്കണം.
24 മണിക്കൂറും പൊലിസ് ജാഗ്രത പാലിക്കണം. ആശുപത്രികള്‍, പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യ മാര്‍ക്കറ്റ്, വിവാഹ വീടുകള്‍, മരണ വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശവും ഉപദേശവും നല്‍കാന്‍ സംസ്ഥാന പൊലീസ് നോഡല്‍ ഓഫീസറായ കൊച്ചി കമ്മീഷണര്‍ വിജയ് സാഖറയെ നിശ്ചയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."