പുറമേരി കുനിങ്ങാട് റൂട്ടില്‍ ബസ് വേണമെന്ന ആവശ്യം ശക്തം
എടച്ചേരി: പുറമേരി നിന്നും കുനിങ്ങാട് വഴി വടകര ഭാഗത്തേക്ക് ബസ് സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ റൂട്ടില്‍ ബസ് സര്‍വീസ് ഉണ്ടായിരുന്നു. പുറമേരി, വേറ്റുമ്മല്‍ വഴി തലശ്ശേരിയിലേക്കെത്താനും ഇത് എളുപ്പമാര്‍ഗമാണ്. നിലവില്‍ കുനിങ്ങാട് പ്രദേശത്തുള്ളവര്‍ക്ക്, തലശ്ശേരിയിലെത്താന്‍ നാദാപുരം വഴിയോ, വടകര വഴിയോ ചുറ്റി പോകേണ്ട അവസ്ഥയാണ്. പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം ആറോളം ബസുകള്‍ ഈ റൂട്ടില്‍ ഓടിയിരുന്നു. എന്നാല്‍ പുറമേരി മുതല്‍ കുനിങ്ങാട് വരെയുളള നാലു കിലോമീറ്ററോളം ദൂരത്തില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞതോടെയാണ് ബസ് സര്‍വീസ് നിര്‍ത്തലാക്കിയത്. അതോടെ ഈ റൂട്ടിലെ വാഹന ഗതാഗതം ദുസഹമായി. പിന്നിട് ജീപ്പുകളും ഇടയ്‌ക്കൊക്കെ ഓട്ടോറിക്ഷകളും മാത്രം ഓടുന്ന റൂട്ടായി മാറി.
എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാല് കോടി രൂപ മുടക്കി പുറമേരി കുനിങ്ങാട് റോഡ് വീതി കൂട്ടി ടാര്‍ ചെയ്ത് മനോഹരമാക്കി. ഇരുവശങ്ങളിലും ശാസ്ത്രീയമായി ഓവുചാലുകളും സ്ഥാപിച്ചതോടെ റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും ഒഴിവായി. എന്നാല്‍ നിര്‍ത്തലാക്കിയ ബസ് റൂട്ട് ഇതുവരെയും പുനസ്ഥാപിച്ചില്ല. ഇപ്പോള്‍ ഈ റൂട്ടില്‍ ഓട്ടോറിക്ഷകള്‍ മാത്രമാണ് ജനങ്ങള്‍ക്ക് ആശ്രയം. അതു തന്നെ കൂടുതല്‍ കാശ് മുടക്കേണ്ട അവസ്ഥയിലുമാണ്. കുറ്റ്യാടി നിന്നും വടകര ഭാഗത്തേക്ക് പോകുന്ന ചില ബസുകളും മുന്‍പ് കുനിങ്ങാട് വഴി പോയിരുന്നു. റോഡ് ഉണ്ടായിട്ടും ഈ റൂട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിക്കാത്തതില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."