സഊദിയിൽ ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചു
റിയാദ്: സഊദിയിൽ ആറു മാസം മുമ്പ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് 2025 ഏപ്രിൽ 18 വരെ ദീർഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചത്.
ഭരണനേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് ആറു മാസം കൂടി സാവകാശം അനുവദിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. മുഴുവന്‍ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ പ്രത്യേകം പ്രത്യേകമായോ അടക്കാവുന്നതാണ്.
അതേ സമയം, പിഴകളിൽ ഇളവ് നൽകുന്നത് 4 നിയമ ലംഘനങ്ങൾക്ക് ബാധകമാകില്ല എന്നും മുറൂർ ഓർമ്മിപ്പിക്കുന്നു. ഡ്രിഫ്റ്റിംഗ്, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, പരമാവധി വേഗത 120 km /h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 50 കിലോമീറ്ററും കവിയുക, കൂടാതെ പരമാവധി വേഗത 140 km/h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 30 km/h-ൽ കൂടുതൽ കവിയുക എന്നിവയാണ് ഇളവ് ലഭിക്കാത്ത നാലു നിയമ ലംഘനങ്ങൾ. സഊദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."