മഴയ്ക്ക് മുന്‍പെങ്കിലും നീക്കുമോ ഈ മാലിന്യം?
ചങ്ങരംകുളം: ജില്ലാ അതിര്‍ത്തിയില്‍ കടവല്ലൂര്‍, ചാലിശേരി പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന കൊള്ളഞ്ചേരി തോട്ടില്‍ തള്ളിയ മാലിന്യം വെള്ളം വറ്റിയിട്ടും നീക്കം ചെയ്തില്ല.
നീരൊഴുക്ക് കാരണം മാലിന്യം നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും ജലവിതാനം താഴ്ന്നാല്‍ ഉടന്‍ നീക്കം ചെയ്യുമെന്നുമാണ് മാസങ്ങള്‍ക്കു മുന്‍പ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. ഇരു പഞ്ചായത്തുകളിലെയും കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന തോടായതിനാല്‍ സംയുക്ത മാലിന്യ സംസ്‌കരണത്തിന് പഞ്ചായത്തുകള്‍ ധാരണയിലെത്തിയിരുന്നു. ഹരിത കേരളം പദ്ധതിയിലുള്‍പ്പെടുത്തി തോട് സംരക്ഷിക്കാന്‍ പദ്ധതിയൊരുക്കിയെങ്കിലും മാര്‍ച്ചിനു മുന്‍പ് ഇതു നടപ്പാക്കാന്‍ കഴിഞ്ഞില്ല.
ഈ സാമ്പത്തിക വര്‍ഷത്തെ ഗ്രാമസഭകളിലും മാലിന്യം നീക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നതിനാല്‍ പുതിയ പദ്ധതി തയാറാക്കേണ്ടതുണ്ട്. ഒന്‍പതു മാസം മുന്‍പ് തോട് വെള്ളം നിറഞ്ഞ് കിടക്കുമ്പോഴാണ് പത്തോളം മാലിന്യച്ചാക്കുകള്‍ ഇവിടെ തള്ളിയത്. അന്ന് അത് നീക്കം ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. യന്ത്രം ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് മാലിന്യച്ചാക്കുകള്‍ വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്‌കൂള്‍ എന്‍.എസ്.എസ് വളന്റിയര്‍മാര്‍ ക്രിസ്മസ് ക്യാംപിന്റെ ഭാഗമായി നടത്തിയ ശ്രമവും ഫലിച്ചില്ല. കര്‍ഷകര്‍ സ്വന്തം നിലയ്ക്ക് വഞ്ചിയിറക്കിയും ചങ്ങാടം കെട്ടിയും മാലിന്യം നീക്കാന്‍ ചെയ്യാന്‍ നടത്തിയ ശ്രമവും ഫലം കണ്ടില്ല. തോട് ഇപ്പോള്‍ വറ്റി വരണ്ടു കിടക്കുന്നതിനാല്‍ അടിയന്തരമായി മാലിന്യം നീക്കാവുന്നതേ ഉള്ളൂ. മഴയ്ക്കു മുന്‍പ് ചെളിയും കാടും നീക്കം ചെയ്ത് നവീകരിച്ചാല്‍ ഇരു പഞ്ചായത്തുകളിലെയും കര്‍ഷകര്‍ക്ക് ആശ്രയിക്കാവുന്ന പ്രധാന ജലസ്രോതസായി കൊള്ളഞ്ചേരി തോടിനെ മാറ്റാന്‍ കഴിയുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."