മനുഷ്യാവകാശ കമ്മിഷന്‍ സര്‍ക്കാരിനോട് വിശദീകരണം തേടി
കല്‍പ്പറ്റ: വനംവകുപ്പ് അനധികൃതമായി പിടിച്ചെടുത്ത കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി വിവാദത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതോടെ കഴിഞ്ഞ 42 വര്‍ഷമായി നീതിക്ക് വേണ്ടി പോരാടുന്ന ഈ കുടുംബത്തിന്റെ ഭൂമി പ്രശ്‌നം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കിക്കൊണ്ട് 2007 ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.എന്നാല്‍ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഭൂമി തിരികെ നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കുകയായിരുന്നു. 2009 ല്‍ വിജിലന്‍സും 2016 ല്‍ മാനന്തവാടി സബ് കലക്ടറായിരുന്ന ശീറാം സാംബശിവ റാവുവും ജോര്‍ജിന്റെ ഭൂമി വനഭൂമി അല്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി പിടിച്ചെടുത്തതെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ കേസ് വാദത്തിന് വന്നപ്പോള്‍ സര്‍ക്കാര്‍ ബോധപൂര്‍വം മൗനം പാലിച്ചെന്നാണ് ആരോപണം. ഇതാണ് നേരത്തേ ഇറക്കിയ ഉത്തരവിനെതിരേ വിധി വരാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അന്ന് ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയും നിയമ സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും റവന്യൂ വകുപ്പും പൂര്‍ണമായും ജോര്‍ജിന് അനുകൂലമായ നിലപാട് സ്വീകരിച്ചതെങ്കിലും തെറ്റ്‌ചെയ്ത വനംവകുപ്പ് ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഇതാണ് ഭൂമി തിരികെ നല്‍കിക്കൊണ്ട് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് കോടതി റദ്ദാക്കാനുണ്ടായ സാഹചര്യമെന്നും പറയപ്പെടുന്നു.
ജോര്‍ജിന് അര്‍ഹതപ്പെട്ട നീതി അട്ടിമറിക്കപ്പെട്ടത് വെളിപ്പെടുത്തുന്ന, മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗങ്ങളുടെ മിനുട്‌സും ചീഫ് സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും നിയമ സെക്രട്ടറിയും സര്‍ക്കാരിന് നല്‍കിയ നിയമോപദേശങ്ങളുടെ പകര്‍പ്പുകളും മനുഷ്യാവകാശ കമ്മിഷന് മുന്നില്‍ ഹാജരാക്കിയിരുന്നു. വിവരാവകാശ നിയമപ്രകാരം സമാഹരിച്ച ഈ രേഖകള്‍ സഹിതം കാഞ്ഞിരത്തിനാല്‍ സമരസഹായ സമിതി ലീഗല്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.ടി പ്രദീപ്കുമാറാണ് കമ്മിഷന് മുന്നില്‍ ഹരജി ഫയല്‍ ചെയ്തത്.
ഇല്ലാത്ത കേസിന്റെയും നോട്ടിഫിക്കേഷന്റെയും പേര് പറഞ്ഞാണ് സര്‍ക്കാര്‍ വിഷയം നീട്ടിക്കൊണ്ടുപോവുന്നതെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഭൂമി തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജിന്റെ കുടുംബം വയനാട് കലക്ടറേറ്റ് പടിക്കല്‍ നടത്തിവരുന്ന സമരം 1065 ദിവസം പിന്നിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."