പൊന്നാനിയില്‍ വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
പൊന്നാനി: പൊന്നാനിയില്‍ വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു .രോഗങ്ങള്‍ക്കെതിരേ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
വേനല്‍ കനത്തതോടെ വേനല്‍ക്കാല രോഗങ്ങള്‍ വ്യാപകമായി പടരുകയാണ്. നിര്‍ജലീകരണം മൂലമുണ്ടാവുന്ന അസുഖങ്ങളും താപനില വര്‍ധിക്കുന്നതിനുസരിച്ചുള്ള പകര്‍ച്ചവ്യാധികളും വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ പൊന്നാനി താലൂക്കാശുപത്രിയില്‍ രോഗികളുടെ തിരക്ക് വര്‍ധിച്ചു. സ്വയം പ്രതിരോധത്തിലൂടെ തന്നെ ഇത്തരം അസുഖങ്ങള്‍ക്ക് തടയിടാനാവുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം പൊന്നാനിയിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 40ഓളം പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ചിരുന്നു. കുട്ടികളടക്കമുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയാണ് വിട്ടയച്ചത്.
കല്യാണമണ്ഡപങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന ശക്തമാക്കാനാണ് നീക്കം. കൂടാതെ പാചകക്കാര്‍ക്കും കാറ്ററിംഗ് സര്‍വിസുകാര്‍ക്കും പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകളും നല്‍കും. ചൂടുവെള്ളം മാത്രം ഉപയോഗിക്കാനും വൃത്തിയോടെ ഭക്ഷണം പാകം ചെയ്യാനും ശ്രദ്ധിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.
വേനല്‍കാല രോഗങ്ങള്‍ക്കെതിരേയുള്ള കാംപയിനും ആരോഗ്യ വകുപ്പ് ശക്തമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."