കഴക്കൂട്ടം മേട തിരുവാതിര മഹോത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനം
കഠിനംകുളം: കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ മേട തിരുവാതിര മഹോത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. വൈകിട്ട് നാലിന് ക്ഷേത്രത്തില്‍ നിന്നും ഗജവീരന്മാരുടെ അകമ്പടിയോടെ ആറാട്ട് എഴുന്നള്ളത്തിന് തുടക്കമാകും. തുമ്പ കടപ്പുറത്ത് എത്തിയതിന് ശേഷം ആറരയോടെ തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും. ആറാട്ടിന് മാറ്റ് കൂട്ടുവാന്‍ സ്‌പെഷ്യല്‍ നാദസ്വര കച്ചേരി, പഞ്ചവാദ്യം, ശിങ്കാരിമേളം, ചെണ്ടമേളം,വിവിധ ഫ്‌ളോട്ടുകളുമുണ്ടാകും.
പുറ്റിങ്ങല്‍ വെടിക്കെട്ട്' ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ കമ്പം ഒഴിവാക്കിയിട്ടുണ്ട്. പകരം കഴക്കൂട്ടത്തും പരിസര പ്രദേശങ്ങളിലും പ്രത്യേക ദീപാലങ്കാരമാണ് ഒരുക്കിയിട്ടുള്ളത്. തെക്കുംഭാഗം, വടക്കുംഭാഗം, പടിഞ്ഞാറന്‍ ഭാഗം എന്നിവിടങ്ങളിലെ വാര്‍ഡ് കമ്മിറ്റികളുടെയും വ്യാപാരി വ്യവസായികള്‍, ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്‍, വിവിധ സംഘടനകള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ പ്രദേശങ്ങളില്‍ ദീപാലങ്കാരവും ഫ്‌ളോട്ടുകളും ഒരുക്കിയിട്ടുണ്ട്.
ഇന്ന് ദേശീയ പാതയില്‍ ടെക്‌നോപാര്‍ക്ക് മുതല്‍ വെട്ടു റോഡ് വരെയുള്ള ഇരു വശങ്ങളും കാര്യവട്ടം മുതല്‍ കഴക്കൂട്ടം ജങ്ഷന്‍ വരെയും ദീപങ്ങളാല്‍ അലംകൃതമാകും. വൈകിട്ട് ആറു മണി മുതല്‍ ദേശീയപാതക്ക് സമീപവും കഴക്കൂട്ടം പഴയ ജങ്ഷന്‍, ബൈപാസ് ജങ്ഷന്‍, ക്ഷേത്ര അങ്കണം എന്നിവിടങ്ങളില്‍ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്.
സുരക്ഷയുറപ്പാക്കാന്‍ കഴക്കൂട്ടം അസി. കമ്മിഷണര്‍ പ്രമോദ് കുമാറിന്റെയും വിവിധ സി.ഐമാരുടെയും നേതൃത്വത്തില്‍ വന്‍ പൊലിസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലു മണി മുതല്‍ ദേശീയ പാതയിലും ഉള്‍റോഡുകളിലും ഗതാഗത നിയന്ത്രണവുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."