രാജമലയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ; പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ രാജമല മണ്ണിടിച്ചിലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ ആശ്വാസധനമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സ മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. ആകെ 80ലേറെ പേര്‍ താമസിച്ചിരുന്നു. ഇതില്‍ 15 പേരെ രക്ഷിച്ചു. 15 പേര്‍ മരിച്ചു.
മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവര്‍ ഗാന്ധിരാജ്, ശിവകാമി, വിശാല്‍, മുരുകന്‍, രാമലക്ഷ്മി, മയില്‍സാമി, കണ്ണന്‍, അണ്ണാദുരൈ, രാജേശ്വരി, കൗസല്യ, തപസിയമ്മാള്‍, സിന്ധു, നിതീഷ്, പനീര്‍ശെല്‍വം, ഗണേശന്‍. ഇവരുടെ നിര്യാണത്തില്‍ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ആശ്വാസ ധനം നല്‍കും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.
ഇവിടെ വൈദ്യുതിയും വാര്‍ത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാന്‍ വൈകി. പാലം ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തകര്‍ എത്താനും താമസിച്ചു. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തുന്നുണ്ട്.
കനത്ത മഴ മുന്നില്‍ കണ്ട് ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റിനെ ഇടുക്കിയില്‍ നിയോഗിച്ചിട്ടുണ്ട്. വാഗമണ്ണില്‍ കാര്‍ ഒലിച്ചുപോയ സ്ഥലത്ത് എന്‍.ഡി.ആര്‍.എഫ് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
രാവിലെയാണ് ഇവരെ രാജമലയിലേക്ക് അയച്ചത്. ഫയര്‍ഫോഴ്‌സ് പരിശീലനം നേടിയ 50 അംഗ ടീമിനെ എറണാകുളത്ത് നിന്ന് നിയോഗിച്ചു. ആകാശമാര്‍ഗം രക്ഷാ പ്രവര്‍ത്തനത്തിന് സാധ്യത തേടിയിരുന്നു.
വ്യോമസേനയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റര്‍ സേവനം തേടി. മോശം കാലാവസ്ഥ തിരിച്ചടിയായി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനെ നിയമിച്ചു. മൃതദേഹം കൈമാറുന്നതിന് ക്രൈം ബ്രാഞ്ച് എസ്പി സുദര്‍ശനെ നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."