മാറാതെ മഴ; ഒഴിയാതെ ദുരിതം
പടിഞ്ഞാറത്തറ: ബാണാസുര ഡാം റിസര്‍വോയറില്‍നിന്ന് വെള്ളം തുറന്നു വിടുന്നതിന്റെ അളവ് വര്‍ധിപ്പിച്ചതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. ബാണാസുര പദ്ധതി വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുകയും മലകളില്‍നിന്ന് നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ ബാണാസുര ഡാം റിസര്‍വൊയറില്‍ വെള്ളമുയര്‍ന്നു. ഇതോടെ ഷട്ടറുകള്‍ ഇന്നലെ രാവിലെ മുതല്‍ കൂടുതല്‍ ഉയരത്തില്‍ തുറന്നു.
ആകെയുള്ള നാല് ഷട്ടറുകളില്‍ മൂന്നെണ്ണമാണ് തുറന്നത്. മൂന്ന് ഷട്ടറുകള്‍ 1.3 മീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 110 ക്യുബിക് മീറ്റര്‍ വെള്ളമാണ് കരമാന്‍ തോട്ടിലൂടെ പുറത്തേക്കൊഴുക്കുന്നത്. ഇതോടെ തോടിനോട് ചേര്‍ന്ന താമസിക്കുന്ന കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. കോട്ടത്തറ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണിയിലായത്. കോട്ടത്തറ കുറുമണി ചെറുകണക്കുന്നിലെ 25 കുടുംബങ്ങളാണ് ഭീഷണിയിലുള്ളത്. ഇവര്‍ക്കായി പൂക്കോട് തടാകത്തില്‍നിന്ന് യാത്രാ ബോട്ടെത്തിച്ച് സൗകര്യമൊരുക്കിയിട്ടുണ്ട്.
വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ ആദിവാസി കോളനിയിലെ നൂറോളം പേരടങ്ങുന്ന എട്ട് കുടുംബങ്ങളെ വാരാമ്പറ്റ ഹൈസ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിത്താമസിപ്പിച്ചു. പുതുശ്ശേരിക്കടവ് മുണ്ടിയട്ടുപറമ്പില്‍ കോളനിയില്‍നിന്ന് ആറ് കുടുംബങ്ങളെ വെള്ളമുണ്ട ഗവ. ഹൈസ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഡാം റിസര്‍വൊയറിനോട് ചേര്‍ന്ന മാടതുംപാറ കോളനിയിലെ ആറ് കുടുംബങ്ങളെ തിങ്കളാഴ്ച് രാത്രിയില്‍ തന്നെ തെങ്ങുമുണ്ട ജി.എല്‍.പി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
കുപ്പാടിത്തറ തേര്‍ത്തുംകുന്ന്, പൂതങ്ങറക്കുന്ന്, നരിക്കുന്ന്, മുണ്ടക്കുറ്റി, കുറുമ്പാല, കുറുമണി, കാരക്കാമല തുടങ്ങിയ പല പ്രദേശങ്ങളിലും വെള്ളമുയര്‍ന്നതോടെ വീടുകളിലെത്തിപ്പെടാന്‍ കഴിയാത്ത നിലയിലാണുള്ളത്. ഇവര്‍ നാലും അഞ്ചും കിലോമീറ്ററുകള്‍ ചുറ്റിയാണ് പുറംലോകവുമായി ബന്ധപ്പെടുന്നത്. പ്രദേശങ്ങളിലെ ഹെക്ടര്‍ കണക്കിന് വയലുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ വാഴ, കമുകിന്‍തൈകള്‍, കപ്പ തുടങ്ങിയ കൃഷിയിനങ്ങളും നശിച്ചു.
നെല്‍കൃഷിക്കായി പാടമൊരുക്കാനും ഞാറ് വിതക്കാനും കഴിയാതെ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയിലുമായി. പുതുശ്ശേരിക്കടവില്‍ പതിനായിരക്കണക്കിന് ഇഷ്ടികകള്‍ വെള്ളത്തില്‍ മുങ്ങി. മഴ ശമിച്ചാലും നീരൊഴുക്ക് കുറയുന്നതോടെ മാത്രമെ ഡാം ഷട്ടറുകള്‍ അടക്കാന്‍ കഴിയുകയുള്ളൂവെന്നതാണ് നിലവിലെ അവസ്ഥ. എന്നാല്‍ ഇന്നലെ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ഡാം ഷട്ടറുകളിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ തോത് ഇന്ന് കുറച്ചേക്കും.
ഉരുള്‍പൊട്ടലിന്
സമാനമായ മണ്ണിടിച്ചില്‍
മാനന്തവാടി: തലപ്പുഴ മക്കിമലയില്‍ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍. അര ഏക്കര്‍ ഭൂമി മുന്ന് മീറ്റര്‍ ഇടിഞ്ഞുതാഴ്ന്നു. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാം നമ്പര്‍ കോളനിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് ഇടിഞ്ഞ് താഴ്ന്നത്. ഭൂമി ഇടിഞ്ഞ് താഴന്നതോടെപ്പം ഒരടി വീതിയില്‍ വിള്ളലും ഉണ്ടായിട്ടുണ്ട്.
മണ്ണ് ഇടിഞ്ഞ് തുഴന്നതിന് താഴെയായി നാല്‍പ്പതോളം കുടുംബങ്ങളുണ്ട്. ഇതില്‍ മണ്ണിടിഞ്ഞതിന് തൊട്ട് താഴെയുള്ള ഏഴ് കുടുംബങ്ങളെ റവന്യു വകുപ്പ് മാറ്റി പാര്‍പ്പിച്ചു. റവന്യു വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും സംഭവസ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തി. മക്കിമല ഗവ. എല്‍.പി സ്‌കൂളിലേക്കാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്.
വിള്ളലുണ്ടായ ഭാഗങ്ങളില്‍ രണ്ട് ഉറവകള്‍ ഉണ്ടായതിനാല്‍ വിള്ളലിലൂടെ വെള്ളം ഭൂമിക്കടിയിലേക്ക് ഒഴുകുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. മണ്ണ് ഇടിഞ്ഞതിന് താഴെയായി മറ്റൊരു സ്വകാര്യ വ്യക്തി വലിയകുളവും നിര്‍മിച്ചിട്ടുണ്ട്. അപകട സാധ്യത മുന്‍നിര്‍ത്തി കുളത്തിലെ ജലനിരപ്പ് കുറക്കാന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍ എന്‍.ഐ ഷാജുവിന്റെ നേതൃത്വത്തില്‍ റവന്യു സംഘവും കല്‍പ്പറ്റയില്‍ നിന്നുള്ള ദുരന്തനിവാരണ അതോറിറ്റി മേധാവി ആശാ കിരണിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലതെത്തി പരിശോധന നടത്തി.
നിരവധി വീടുകള്‍ക്ക് നഷ്ടം
പുല്‍പ്പള്ളി: കനത്ത മഴയിലും കാറ്റിലും മരം കട പുഴകി വീണ് വീട് തകര്‍ന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറ ഇല്ലിച്ചുവട് കൊല്ലംപറമ്പില്‍ രാജീവന്റെ വീടിന് മുകളിലാണ് ഇന്നലെ രാവിലെ തേക്ക് മരം കടപുഴകി വീണത്. വീട്ടിലുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട് ഭാഗികമായി തകര്‍ന്നു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു.
പഞ്ചായത്തും റവന്യു അധികൃതരും സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. ചീയമ്പത്ത് തകിടിയില്‍ മര്‍ക്കോസിന്റെ വീടിന്റെ പിന്‍ഭാഗവും കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും നശിച്ചു. ഇതിനു പുറമേ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ചെറുമരങ്ങളും തെങ്ങുകളും വീണ് പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീടുകളുടെ ഓടും ഷീറ്റുകളുമാണ് തകര്‍ന്നത്. ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ കൃഷിനാശവും ഉണ്ടായി.
തോല്‍പ്പെട്ടി: നരിക്കല്ലില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് ഇടിഞ്ഞു. പരവക്കല്‍ മമ്മിയുടെ വീടിന്റെ ഒരു ഭാഗമാണ് പൂര്‍ണമായും ഇടിഞ്ഞത്. ശേഷിച്ച ഭാഗവും ഏത് സമയത്തും വീഴുമെന്ന അവസ്ഥയിലാണ്. കുട്ടികള്‍ സ്‌കൂളിലും വീട്ടുകാര്‍ പുറത്തും ആയതിനാലാണ് ദുരന്തം ഒഴിവായത്. മഴ തുടര്‍ന്നാല്‍ നിലവിലെ വീട് പൂര്‍ണമായും ഇടിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 11ഓടെയാണ് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത്.
കാട്ടിക്കുളം: കനത്ത മഴയിലും കാറ്റിലും തൊട്ടടുത്ത റവന്യൂ ഭൂമിയില്‍നിന്ന് വീട്ടിമരം വീണ് തൊഴുത്ത് തകര്‍ന്നു. പാല്‍വെളിച്ചത്ത് കുറ്റിച്ചിറയില്‍ ഭാര്‍ഗവന്റെ തൊഴുത്താണ് മരം വീണതിനെ തുടര്‍ന്ന് തകര്‍ന്നത്. രാത്രി രണ്ടോടെ മരം വീഴുമ്പോള്‍ രണ്ടു കറവപ്പശുക്കള്‍ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടത്. അല്‍പ്പം മാറിയിരുന്നെങ്കില്‍ വീടും, വീട്ടില്‍ ഉറങ്ങിയിരുന്നവരും അപകടത്തില്‍പ്പെടുമായിരുന്നു. വീടുകള്‍ക്കും മറ്റും ഭീഷണിയായി തിരുനെല്ലി പഞ്ചായത്തിലെ റവന്യൂ ഭൂമികളില്‍ ഒട്ടനവധി മരങ്ങളുണ്ട്. മുറിച്ചുമാറ്റണം എന്ന കര്‍ഷകരുടെ ആവശ്യം ഉത്തരവാദപ്പെട്ടവര്‍ പരിഗണിക്കുന്നുമില്ല. കര്‍ഷകരുടെ പരാതിക്ക് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കര്‍ഷകസംഘം പ്രസിഡന്റ് ടി.സി ജോസഫ് ആവശ്യപ്പെട്ടു.
മാനന്തവാടി: മഴയിലും കാറ്റിലും വാഴകൃഷി നശിച്ചു. എടവക പഞ്ചായത്തിലെ അഗ്രഹാരം കാവനമാലില്‍ ത്രേസ്യ, മിനി എന്നിവരുടെ വാഴകൃഷിയാണ് നശിച്ചത്. കാലവര്‍ഷം ആരംഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് കൃഷിയിടത്തില്‍ വെള്ളം കയറിയത്. പകുതി മൂപ്പെത്തിയ 3,500 ഓളം വാഴകളാണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ കൃഷി നശിച്ചതെന്ന് ത്രേസ്യയുടെ മകന്‍ സന്തോഷ് പറഞ്ഞു. കൃഷി ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
അപ്പപാറ അരമംഗലം കോളനിയിലെ പാക്കന്റെ വീടിന് മുകളില്‍ രണ്ട് മരങ്ങള്‍ വീണു. വീടിന്റെ രണ്ട് ഭാഗവും പൂര്‍ണമായും തകര്‍ന്നു. ശക്തമായ മഴയില്‍ ചുറ്റിലും വെള്ളം കയറിതിനാല്‍ ബന്ധുവീട്ടിലേക്ക് താമസം മാറിയതിനാലാണ് അപകടം ഒഴിവായത്.
പടിഞ്ഞാറത്തറ: കനത്ത മഴയില്‍ വീട് ഭാഗീകമായി തകര്‍ന്നു. പുതുശ്ശേരിക്കടവ് ടൗണിനടുത്ത് പി.ഡബ്ല്യു.ഡി റോഡരികിലെ വാടക വീടാണ് ഭാഗീകമായി തകര്‍ന്നത്. വിടിനു തൊട്ടടുത്ത പറമ്പിലെ പ്ലാവില്‍നിന്ന് കൊമ്പുകളും ചക്കയും വീണ് ഓട് പൊട്ടി മഴവെള്ളം ഒലിച്ചിറങ്ങിയതാണ് വീട് തകരാന്‍ കാരണമായത്. താമസക്കാര്‍ ഒരാഴ്ച്ചയായി ഇവിടെയുണ്ടായിരുന്നില്ല. അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മിറിച്ചുമാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍, വില്ലേജ് ഓഫിസര്‍, ദുരന്തനിവാരണ അതോറിറ്റി, ആര്‍.ടി.ഒ എന്നിവര്‍ക്ക് കൈവശ അവകാശി പരാതി നല്‍കി.
വെള്ളമുണ്ട: പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ കൂവണ പണിയ കോളനിയിലെ വീടിന്റെ ചുമര്‍ മഴയില്‍ തകര്‍ന്നു വീണു. 10 കുടുംബങ്ങളിലായി 50 ഓളം ആളുകള്‍ താമസിക്കുന്ന അഞ്ച് വീടുകളാണ് കോളനിയിലുള്ളത്. ഇതില്‍ ഒരു വീടിന്റെ ചുമരാണ് തകര്‍ന്നത്. അപകട സമയത്ത് ആളുകള്‍ സ്ഥലത്തില്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. സമീപത്തുള്ള മറ്റൊരു വീടിന്റെ ചുമര്‍ ഏത് സമയവും വീഴാറായ അവസ്ഥയിലാണുള്ളത്.എത്രയും പെട്ടന്ന് അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ വേണമെന്നാണ് പൊതുപ്രവര്‍ത്തകരുടെ ആവശ്യം.
റോഡിന്റെ വശം ഇടിഞ്ഞു
കല്‍പ്പറ്റ: ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് തിരിച്ചടിയായി മരവയല്‍ റോഡിന്റെ ഒരു വശം ഇടിഞ്ഞുതാഴ്ന്നു. കനത്ത മഴയെ തുടര്‍ന്നാണ് മരവയല്‍ പാലത്തിന് സമീപത്തായി റോഡിന്റെ വശം ഇടിഞ്ഞത്. പൊതുവെ വീതി കുറഞ്ഞ റോഡാണിത്. രണ്ട് അടി വീതിയിലാണ് റോഡ് താഴ്ന്നിരിക്കുന്നത്. പുഴ വക്കിലായതിനാല്‍ മഴ തുടര്‍ന്നാല്‍ ഇനിയും റോഡ് ഇടിയാന്‍ സാധ്യതയുണ്ട്. ഇത് വലിയ വാഹനങ്ങള്‍ കടന്നു പോകുന്നതിന് തിരിച്ചടിയായേക്കും.
നിലവില്‍ ചെറുവാഹനങ്ങള്‍ മാത്രമെ ഇതുവഴി കടന്നു പോകുന്നുള്ളു. രണ്ടാഴ്ച്ച മുന്‍പാണ് ജില്ലാ സ്റ്റേഡിയത്തിന് തറക്കല്ലിട്ടത്. തൊട്ടടുത്ത ദിവസം തന്നെ പ്രാരംഭഘട്ട നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു. റോഡില്‍ ഇടിച്ചിലുണ്ടായതോടെ നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതിന് തിരിച്ചടി നേരിടും.
വെള്ളം തുറന്ന് വിടുന്നതിന്രാത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും
പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാം തുറന്ന് വിട്ടതോടെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ഇതേതുടര്‍ന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വെള്ളം തുറന്ന് വിടുന്നത് പരിമിതപ്പെടുത്തണമെന്ന ആവശ്യവുമായി ഡാം അസി.
എന്‍ജിനിയറെ സമീപിച്ചു. വെള്ളം തുറന്ന് വിട്ടില്ലെങ്കില്‍ ഡാമിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഷട്ടറുകള്‍ അടച്ചിടാന്‍ നിര്‍വാഹമില്ലെന്നും എങ്കിലും രാത്രിയില്‍ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും എന്‍ജിനിയര്‍ ജനപ്രതിനിധികളെ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.സി മമ്മുട്ടി, പഞ്ചായത്തംഗങ്ങളായ സി.ഇ ഹാരിസ്, കണ്ടിയന്‍ ഹാരിസ്, നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, സി.കെ അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവരാണ് എന്‍ജിനിയറെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചത്.
കിണര്‍ ഇടിഞ്ഞ് താഴ്ന്നു
സുല്‍ത്താന്‍ ബത്തേരി: ശക്തമായ മഴയെ തുടര്‍ന്ന് കിണര്‍ ഇടിഞ്ഞുതാണു. സുല്‍ത്താന്‍ ബത്തേരി കുപ്പാടി പന്നിയന്‍കോട് ശ്രീധരന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാണത്. കിണറിന്റെ അടിഭാഗമാണ് ആദ്യം വലിയശബ്ദത്തോടെ ഇടിഞ്ഞുതാഴ്ന്നത്. തുടര്‍ന്ന് മറ്റ്ഭാഗങ്ങളും ഇടിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."