ലക്ഷ്യം വിനോദസഞ്ചാര സാധ്യതകള്‍; രാമക്കല്‍മേട്ടിലേക്ക് റോഡ് നിര്‍മിക്കാനൊരുങ്ങി തമിഴ്‌നാട്
കട്ടപ്പന: അതിര്‍ത്തി മേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ ലക്ഷ്യംവച്ച് രാമക്കല്‍മേടിനു സമീപത്തേക്ക് റോഡ് നിര്‍മിക്കാന്‍ തമിഴ്‌നാട് പദ്ധതി തയാറാക്കി. ടൂറിസം വികസനത്തിനായുള്ള പ്രാഥമിക സാധ്യതാ പഠനങ്ങള്‍ തമിഴ്‌നാട് ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഒട്ടേറെ തവണ രാമക്കല്‍മേട് മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. രാമക്കല്‍മേട്, ചതുരംഗപ്പാറ മേഖലകളുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് തമിഴ്‌നാടിന്റെ നീക്കം. എന്നാല്‍ തമിഴ്‌നാട് നീക്കം കേരളം അറിഞ്ഞിട്ടില്ല.
അതിര്‍ത്തി മേഖലകളിലെ പ്രധാന വ്യൂ പോയിന്റുകളെല്ലാം തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ നിലവില്‍ ഈ പ്രദേശങ്ങളില്‍ കേരളത്തില്‍ കൂടി മാത്രമേ പ്രവേശനം സാധ്യമാകൂ. നിലവില്‍ രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട്ടിലെ അടിവാരത്തെത്തുന്ന നടപ്പാതയുണ്ട്. ഈ പാത വിപുലീകരിച്ച് കാല്‍നടയാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം. രാമക്കല്‍മേട്ടിലെ പ്രധാന വ്യൂപോയിന്റായ രാമക്കല്ല്, ചതുരംഗപ്പാറയിലെ കാറ്റാടികള്‍ തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലാണ്.
അതിര്‍ത്തി കേന്ദ്രീകരിച്ച് തമിഴ്‌നാട് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് കേരളത്തിന്റെ ഭൂമി കൈയ്ക്കലാക്കാനാണെന്നും ആരോപണമുണ്ട്. ചതുരംഗപ്പാറയില്‍ കാറ്റിന്റെ സാധ്യത പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി ആറ് കാറ്റാടികളാണു തമിഴ്‌നാട് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ മലമുകളില്‍ മികച്ച റോഡ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാടന്‍ കൃഷിയിടങ്ങളുടെ വിദൂര ദൃശ്യവും വീശിയടിക്കുന്ന കാറ്റുമാണ് ഇരു പ്രദേശങ്ങളിലെയും ആകര്‍ഷണം. ഇവിടത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിപ്പാണ് തമിഴ്‌നാട് ലക്ഷ്യം വയ്ക്കുന്നത്. സമാന രീതിയില്‍ ചതുരംഗപ്പാറയിലും പദ്ധതി ഒരുക്കും. കോമ്പെ, തേവാരം തുടങ്ങിയ പട്ടണങ്ങള്‍ വഴി രാമക്കല്‍മേട്, ചതുരംഗപ്പാറ മേഖലകളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കും. സമീപ ഭാവിയില്‍ തന്നെ പദ്ധതിക്കു തുടക്കം കുറിക്കാനാണു തമിഴ്‌നാട് ലക്ഷ്യം വയ്ക്കുന്നത്. രാമക്കല്‍മേട്ടിലെ പ്രധാന വ്യൂപോയിന്റില്‍ നിന്നുള്ള കാഴ്ചകള്‍ ആസ്വദിക്കാന്‍ വര്‍ഷം തോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്ന പ്രദേശം കൂടിയാണ് രാമക്കല്‍മേട്. അവധി ദിവസങ്ങളിലാണ് കൂടുതലായും സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. സീസണ്‍ കാലഘട്ടങ്ങളില്‍ ദിവസവും അയ്യായിരത്തോളം സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രാമക്കല്‍മേട്ടില്‍ രേഖപ്പെടുത്തിയത്. സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ഇതിന്റെ ഗുണം തമിഴ്‌നാടിന് ലഭ്യമാകുന്നില്ല. ഇതാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തമിഴ്‌നാടിനെ പ്രേരിപ്പിച്ചത്. മുന്തിരിത്തോപ്പ്, ട്രക്കിങ്, കാളവണ്ടിയാത്ര രാമക്കല്‍മേട്ടിലെ പ്രധാന വ്യൂ പോയിന്റിലേക്ക് കയറുന്നതിന് ടിക്കറ്റ് ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള സംവിധാനങ്ങളും ആലോചനയിലുണ്ട്. ഒപ്പം, മേഖലയുടെ വിവിധ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രകൃതിസൗഹൃദ സഞ്ചാരസാധ്യതകളാണ് തമിഴ്‌നാട് ലക്ഷ്യം വയ്ക്കുന്നത്. പടിപടിയായി തമിഴ്‌നാട്ടിലെ തന്നെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി അതിര്‍ത്തി മേഖലകളെ മാറ്റുക എന്നതാണ് ലക്ഷ്യം. ട്രക്കിങ്, വനമേഖലയിലൂടെയുള്ള യാത്ര, താഴ്‌വാരത്തിലെ മുന്തിരിപ്പാടങ്ങള്‍, കാളവണ്ടിയാത്ര തുടങ്ങിയ സാധ്യതകളെല്ലാം ഏകോപിപ്പിക്കാനാണു പദ്ധതി. തമിഴ്‌നാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളതിനാല്‍ രാമക്കല്‍മേട്, ചതുരംഗപ്പാറ മേഖലകളിലും മികച്ച പദ്ധതികള്‍ ഒരുക്കും. സഞ്ചാരികള്‍ക്കാവശ്യമായ ഇരിപ്പിടങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, മേഖലയുടെ ഭംഗി വര്‍ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ തുടങ്ങിയവ നടപ്പിലാക്കും. തമിഴ്‌നാട് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുസൃതമായി അതിര്‍ത്തി മേഖലയിലെ കേരള അധീന പ്രദേശങ്ങളായ ആമക്കല്ല് അടക്കമുള്ള പ്രദേശങ്ങളില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ഫാം, പ്ലാന്റേഷന്‍ ടൂറിസം, ജീപ്പ് സഫാരി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികള്‍ ഒരുക്കുകയും ചെയ്താല്‍ കേരളത്തിനും വന്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."