സംസ്ഥാന-കേന്ദ്ര പദ്ധതികള്‍; ജില്ല ചെലവിട്ടത് 737.11 കോടി രൂപ
ആലപ്പുഴ: സംസ്ഥാന-കേന്ദ്ര പദ്ധതികളിലായി ജില്ല ഇതുവരെ ചെലവഴിച്ചത് 737.11 കോടി രൂപ. 219 പദ്ധതികളിലായി അനുവദിച്ച ഫണ്ടിന്റെ 97.04 ശതമാനമാണിത്.
അസൂത്രണ സമിതി ഹാളില്‍ കലക്ടര്‍ വീണ എന്‍. മാധവന്റെ ആധ്യക്ഷതയില്‍ കൂടിയ ജില്ലാ വികസന സമിതി യോഗം പദ്ധതികളുടെ പുരോഗതി വിലയിരുത്തി. 191 സംസ്ഥാന പ്ലാന്‍ പദ്ധതികള്‍ക്കായി 296.35 കോടിയും 11 കേന്ദ്ര പദ്ധതികള്‍ക്കായി 300.01 കോടിയും 17 കേന്ദ്ര സഹായ പദ്ധതികള്‍ക്കായി 140.74 കോടി രൂപയും ചെലവഴിച്ചു.
സംസ്ഥാന പദ്ധതികളില്‍ 20 വകുപ്പുകള്‍ നൂറുശതമാനം തുകയും ചെലവഴിച്ചു.
കേന്ദ്ര പദ്ധതികളില്‍ ഫിഷറീസ്, പട്ടികവര്‍ഗവികസന വകുപ്പുകളും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വിഭാഗവും നൂറുശതമാന നേട്ടം കൈവരിച്ചു.
കേന്ദ്ര സഹായ പദ്ധതികളില്‍ ആറു വകുപ്പുകള്‍ നൂറുശതമാനം തുക ചെലവഴിച്ചു. എം.പി., എം.എല്‍.എ. ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെയും ഇരുപതിന പരിപാടിയുടെയും പുരോഗതി യോഗം വിലയിരുത്തി.
കലക്ടര്‍ വീണ എന്‍. മാധവന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍.കെ. രാജേന്ദ്രന്, നഗരസഭാധ്യക്ഷന്മാരായ തോമസ് ജോസഫ്, ഐസക് മാടവന, മന്ത്രിമാരുടെ പ്രതിനിധികളായ കെ.ഡി. മഹീന്ദ്രന്, സോണി ജോസഫ്, എം.പി.മാരുടെ പ്രതിനിധികളായ എം.എന്‍. ചന്ദ്രപ്രകാശ്, ബി. ബൈജു, പ്രതിപക്ഷനേതാവിന്റെ പ്രതിനിധി ജോണ്‍ തോമസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."