വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ല; ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രം: നിര്‍മാണം പാതിവഴിയില്‍
മാനന്തവാടി: പൊതുമരാമത്ത് വകുപ്പും നഗരസഭയും കൊമ്പുകോര്‍ത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി നിലച്ച നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ നടപടിയില്ല. മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ പൊതുമരാമത്ത് വകുപ്പ് റോഡിനോട് ചേര്‍ന്ന് നിര്‍മാണം തുടങ്ങിയ ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രത്തിന്റെ നിര്‍മാണമാണ് പാതിവഴിയില്‍ ഉപേക്ഷിച്ചത്.
നിര്‍മാണ സാമഗ്രികള്‍ സ്ഥലത്ത് നിരത്തയിട്ടത് കാരണം കാല്‍നടയാത്ര പോലും ഇതുവഴി ദുഷ്‌കരമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കബനീതീരം കൂടിയായ ഹൈസ്‌കൂള്‍ മുതല്‍ താലൂക്ക് ഓഫിസ് വരെയുള്ള ഭാഗങ്ങളില്‍ നവീകരണം നടത്താനും നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇടത്താവളമാക്കാനും ലക്ഷ്യമിട്ടാണ് രണ്ട്‌കോടി രൂപ ഇതിനായി അനുവദിച്ചത്.
ഇതില്‍ താലൂക്ക് ഓഫിസ് മുതല്‍ താഴെയങ്ങാടി റോഡ് വരെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും ഹൈസ്‌കൂളിന് മുന്‍വശത്തായുള്ള പുഴയോരത്തെ പ്രവൃത്തികളാണ് പാതിവഴിയിലായത്. റെയിന്‍ ഷെല്‍ട്ടര്‍, ടൈല്‍സ് പാകിയ നടപ്പാത, പുല്‍തകിടി, എല്‍.ഇ.ഡി ലൈറ്റുകള്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവയായിരുന്നു ഇവിടെ നിര്‍മിക്കാന്‍ വിഭാവനം ചെയ്തത്. ഇവിടെയുണ്ടായിരുന്ന റോഡിനോട് ചേര്‍ന്ന വന്‍മരങ്ങള്‍ മുറിച്ചുമാറ്റി നര്‍മാണം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇത് പ്രകൃതിസംരക്ഷകര്‍ തടഞ്ഞതോടെ നിര്‍മാണം റോഡിലേക്കിറങ്ങി.
ഇതിനെതിരെയാണ് നഗരസഭ രംഗത്തെത്തിയത്. തുടക്കത്തില്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ പ്രവൃത്തികള്‍ നടത്തുന്ന പൊതുമരാമത്ത് വകുപ്പിനോട് നഗരസഭ ആവശ്യപ്പെടുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് നിര്‍മാണങ്ങള്‍ നടത്താന്‍ നഗരസഭയുടെ അനുമതി വേണ്ടതില്ലെന്ന നിലപാടില്‍ നഗരസഭയുടെ നോട്ടിസ് വകവെക്കാതെ നിര്‍മാണം തുടര്‍ന്നെങ്കിലും നിര്‍മാണം പൊളിച്ച് മാറ്റാനുള്ള നോട്ടീസ് ലഭിച്ചതോടെ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് പാര്‍ക്കിന്റെ എതിര്‍വശത്തെ മണ്ണിടിച്ച് റോഡിന്റെ വീതി കൂട്ടിയെങ്കിലും റോഡിനോട് ചേര്‍ന്ന മതില്‍ നിര്‍മാണം പൊളിച്ചുമാറ്റി പ്രവൃത്തി നിര്‍ത്തിവെക്കുകയായിരുന്നു. 2016 ആഗസ്തിലാണ് പ്രവൃത്തികള്‍ നിര്‍ത്തിയത്. നിര്‍മാണത്തിനായി കൊണ്ടുവന്ന കല്ലും മറ്റ് നിര്‍മാണ സാധനങ്ങളും സ്ഥലത്ത് തന്നെ ഉപേക്ഷിച്ചത് ഇതു വഴിയുള്ള വാഹനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഒരു പോലെ പ്രയാസം സൃഷ്ടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."