സി.പി.എമ്മിനെ പരാമര്‍ശിക്കാതെ രാഹുല്‍, വയനാടിന് മാസ്റ്റര്‍പ്ലാന്‍ അവതരിപ്പിച്ച് കൈയടി നേടി
തിരുവമ്പാടി: സി.പി.എമ്മിനെ കുറിച്ച് ഒരക്ഷരം പറയാതെ വയനാടിന് വേണ്ടി മാസ്റ്റര്‍പ്ലാന്‍ അവതരിപ്പിച്ച് രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞായിരുന്നു രാഹുലിന്റെ തിരുവമ്പാടിയിലെ പ്രസംഗം. അതേസമയം സി.പി.എമ്മിനെ കുറിച്ച് ഒന്നും പറയാതെ മോദിയെയും സംഘ്പരിവാറിനെയും കടന്നാക്രമിക്കാനും രാഹുല്‍ തയാറായി. എല്ലാവര്‍ക്കും വിഷു, ഈസ്റ്റര്‍ ആശംസിച്ചാണ് അദ്ദേഹം പ്രസംഗത്തിലേക്കു കടന്നത്.
താന്‍ അഞ്ചുവര്‍ഷമായി രാജ്യത്ത് സഞ്ചരിക്കുകയായിരുന്നുവെന്നും എല്ലായിടത്തും ജനങ്ങള്‍ അസംതൃപ്തരാണെന്നും പറഞ്ഞായിരുന്നു രാഹുലിന്റെ പ്രസംഗത്തിന്റെ തുടക്കം. ഒരാളുടെ ആശയം മാത്രം അടിച്ചേല്‍പ്പിക്കുന്നതാണ് ഇതിനു കാരണമെന്നും വൈവിധ്യങ്ങളുടെ ഇന്ത്യ അസ്വസ്ഥമാകാന്‍ കാരണം ഇതാണെന്നും മോദിയെ പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിനു വേണ്ടി മോദി സംഘ്പരിവാര്‍ അജന്‍ഡ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹത്തിന് പറയാനുള്ളത് അദ്ദേഹത്തിന്റെ മാത്രം ആശയമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും വയനാടിനെ തെരഞ്ഞെടുക്കാന്‍ കാരണവും വിശദീകരിച്ചാണ് പ്രാദേശിക വിഷയങ്ങളിലേക്ക് കടന്നത്. സംസ്ഥാന രാഷ്ട്രീയത്തെ പരാമര്‍ശിക്കാതെ വയനാടിന്റെ മാസ്റ്റര്‍പ്ലാന്‍ പ്രഖ്യാപിക്കാനാണ് രാഹുല്‍ ശ്രമിച്ചത്.
വന്യജീവികള്‍ വിളനശിപ്പിക്കുന്നതുള്‍പെടെ കര്‍ഷകര്‍ നേരിടുന്ന വിഷയങ്ങള്‍ അദ്ദേഹം പ്രതിപാദിച്ചു. റബറിന്റെ വില കുറയാന്‍ കാരണം മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതിയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ നയം പുനഃപരിശോധിക്കും.
കര്‍ഷകരുടെ ഭയം നീക്കാനും റബര്‍ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതികള്‍ കൊണ്ടു വരും. വയനാട്ടില്‍ മികച്ച ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രിയില്ലാത്തത് പരിഹരിക്കുമെന്നും ബന്ദിപൂര്‍ പാതയില്‍ രാത്രിയാത്രാ നിരോധനത്തെ കുറിച്ച് താന്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന്റെ സൗന്ദര്യം തനിക്കു ബോധ്യപ്പെട്ടു. വയനാടിനെ ലോകത്തെ മികച്ച ടൂറിസം കേന്ദ്രമാക്കാന്‍ ശ്രമിക്കും. തൊഴിലുറപ്പ് പദ്ധതിയെ മോദി പാര്‍ലമെന്റില്‍ പരിഹസിച്ചിരുന്നു. ആ തൊഴിലുറപ്പ് തൊഴിലാളികളുടെ മകളാണ് ശ്രീധന്യയെന്നും അത്തരം 1000 ശ്രീധന്യമാരെ സൃഷ്ടിക്കാന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞു. തന്റെ ഉച്ചഭക്ഷണം ശ്രീധന്യയോടൊപ്പമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
മോദിയെപോലെ താന്‍ നുണ പറയാനല്ല വന്നത്. നിങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ മകനായും സഹോദരനായും സുഹൃത്തായുമാണ് താന്‍ നില്‍ക്കുന്നത്.
നിങ്ങളില്‍ നിന്ന് പഠിക്കാനാണ് ശ്രമിക്കുന്നതെന്നും നിങ്ങളെ കേള്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നുമുള്ള രാഹുലിന്റെ വാക്കുകളെ കരഘോഷത്തോടെയാണ് സദസ് എതിരേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."