ബൈറൂത്ത് സ്‌ഫോടനം: വിദേശ ഇടപെടല്‍ അന്വേഷിക്കുമെന്ന് പ്രസിഡന്റ്
ബൈറൂത്ത്: ബൈറൂത്തിലെ തുറമുഖ വെയര്‍ഹൗസിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ലബ്‌നാന്‍ പ്രസിഡന്റ് മിച്ചല്‍ ഔന്‍. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പുറത്തുനിന്നുള്ള ഇടപെടലിന് സാധ്യതയുണ്ട്. റോക്കറ്റോ ബോംബോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ ആകാം സ്‌ഫോടനത്തിന് കാരണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇത്രയും വീര്യമുള്ള സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ എത്തി, അപകടമാണോ അതോ അശ്രദ്ധയാണോ അപകട കാരണം, അപകടത്തിന് പിന്നില്‍ ബാഹ്യശക്തികളുടെ സ്വാധീനമുണ്ടോ എന്നീ മൂന്ന് കാര്യങ്ങളാണ് അന്വേഷിക്കുകയെന്നും പ്രസിഡന്റ് പറഞ്ഞു.
ചൊവ്വാഴ്ച ബൈറൂത്ത് തുറമുഖത്തിലെ കൂറ്റന്‍ വെയര്‍ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ ഇതുവരെ 158 പേരാണ് മരിച്ചത്. 6,000ത്തിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ഡച്ച് അംബാസഡറുടെ ഭാര്യ ഹെഡ്‌വിങ് മാള്‍ട്ടമാന്‍സ് മോലിമര്‍ ഇന്നലെ മരിച്ചു.
21 പേരെ കാണാതായിട്ടുമുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 16 പേരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനത്തിനുത്തരവാദികളായവരെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് ആയിരങ്ങളാണ് ബൈറൂത്തിലെ ചത്വരത്തില്‍ ഇന്നലെ ഒത്തുകൂടിയത്. ഇവരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
കതാഇബ് പാര്‍ട്ടിയിലെ മൂന്ന് എം.പിമാര്‍ ഇന്നലെ രാജിവച്ചു. തുറമുഖം പുനര്‍നിര്‍മിച്ചു നല്‍കാന്‍ തയാറാണെന്ന് തുര്‍ക്കി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."