ജീവിതകാലം മുഴുവന്‍ വയനാടിനൊപ്പം
കല്‍പ്പറ്റ: വയനാടിനെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും, വയനാടിന്റെ മകനും, സഹോദരനും സുഹൃത്തുമായി ജീവിതകാലം മുഴുവനും തുടരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായി രാഹുല്‍ഗാന്ധി. സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ സഹോദരിമാര്‍ക്ക് ഞാന്‍ സഹോദരനാണ്. ഇവിടുത്തെ കര്‍ഷകര്‍ക്ക് ഞാന്‍ മകനാണ്. യുവാക്കള്‍ക്ക് ഞാന്‍ സുഹൃത്താണ്. ഈ ബന്ധം ആര്‍ക്കും തുടച്ചുനീക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ശബ്ദം വയനാടിന്റെ മാത്രം ശബ്ദമല്ല. അത് കേരളത്തിന്റേതാണ്, അതിനുമപ്പുറം ഇന്ത്യയുടെ സ്വരമാണ്. എല്ലാവരും ഒത്തൊരുമയോടെയും, സ്‌നേഹത്തോടെയും ജീവിക്കുന്ന സ്ഥലമാണിത്. ഇതാണ് രാജ്യമെന്ന് നരേന്ദ്രമോദി തിരിച്ചറിയണം. ഇവിടെ മത്സരിക്കാന്‍ സാധിച്ചത് ഒരു അംഗീകാരമായി ഞാന്‍ കാണുന്നു. ദക്ഷിണേന്ത്യ രാജ്യത്തെ പ്രധാനപ്പെട്ടൊരിടമാണ്. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ലെന്നും, തനിക്ക് മല്‍സരിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് വയനാടെന്നും രാഹുല്‍ പറഞ്ഞു.
ദക്ഷിണേന്ത്യയുടെ ശബ്ദമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് വേണ്ടിയാണ് വയനാട്ടില്‍ മല്‍സരിക്കുന്നത്. കേരളം മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ലോകമെമ്പാടും കേള്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു. രാത്രി യാത്രാനിരോധനം, വന്യമൃഗ ശല്യം, മെഡിക്കല്‍ രംഗത്തെ സൗകര്യമില്ലായ്മ തുടങ്ങിയ വയനാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും ഒപ്പമുണ്ടാകും. വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്ന ഒരാളല്ല താനെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 20 ലക്ഷം തൊഴിലവസരങ്ങളും ഓരോ അക്കൗണ്ടിലേയ്ക്കും 15 ലക്ഷവും ഞാന്‍ വാഗ്ദാനം ചെയ്യില്ല. എന്നാല്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ആഗ്രഹിക്കുന്നു. എന്നും ഈ മണ്ണിനോട് സത്യസന്ധനായിരിക്കും. വയനാടില്‍ നിന്നും ജനവിധി തേടാന്‍ അവസരം നല്‍കിയതിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എ.ഐ.സി.സി ജന. സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, മുകുള്‍വാസ്‌നിക്, കെ.സി വേണുഗോപാല്‍, പി.ജെ ജോസഫ്, ജോണി നെല്ലൂര്‍, സുദര്‍ശന്‍ നാച്ചിയപ്പ, ലതികാസുഭാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."