വേനല്‍: കിഴക്കന്‍ മേഖലയില്‍ കുടിവെള്ളത്തിന് പണം നല്‍കണം
കൊഴിഞ്ഞാമ്പാറ: വേനല്‍ കനത്തതോടെ കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പാറ-എലപ്പുള്ളി, മേനോന്‍പാറ, കൊഴിഞ്ഞാമ്പാറ, മേഖലകളില്‍ വേനലായതോടെ കുടിവെള്ളം കിട്ടാക്കനിയാവുകയാണ്. വല്ലപ്പോഴും വരുന്ന പൈപ്പുവെള്ളംകൊണ്ട് എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് മേഖലയിലെ വീട്ടമ്മമാര്‍. എലപ്പുള്ളി പഞ്ചായത്തില്‍ വേനലിന്റെ തുടക്കത്തില്‍ തന്നെ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. ഇനിയും താപനില ഉയര്‍ന്നാല്‍ മേഖലയിലെ ജനങ്ങള്‍ക്ക് തൊണ്ട നനക്കാന്‍ പോലും തുള്ളി വെള്ളമില്ലാത്ത സ്ഥിതിയാവും. എലപ്പുള്ളി പഞ്ചായത്തിന്റെ കീഴിലുള്ള തേനാരി തീര്‍ഥപാടം കുടിവെള്ളം പദ്ധതിയില്‍നിന്നുമുള്ള വെള്ളമില്ലാതായതാണ് എലപ്പുള്ളി തീരെ കഷ്ടത്തിലായത്. വേനല്‍ കനത്തതോടെ ഇവിടത്തെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം മുടങ്ങിയിട്ട് ആഴ്ചകളായി. എലപ്പുള്ളി പഞ്ചായത്തിന്റെ പ്രദേശങ്ങളായ വേങ്ങോടി, കിഴക്കേത്തറ, ജംഗംതറ, കുന്നാച്ചി, പുഞ്ചക്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണിപ്പോള്‍. എന്നാല്‍ മേഖലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ രണ്ട് ദിവസത്തിലൊരിക്കല്‍ ഒരു മണിക്കൂര്‍ വെള്ളം ലഭിച്ചിരുന്നെങ്കിലും ഇത് ഒന്നിനും തികയാത്ത സ്ഥിതിയാണ്. മാത്രമല്ല പഞ്ചായത്തില്‍പ്പെട്ട മറ്റു പ്രദേശങ്ങളായ രാമശ്ശേരി, വള്ളേക്കുളം, പള്ളത്തേരി, നോമ്പിക്കോട് എന്നിവിടങ്ങളിലെല്ലാം പ്രദേശവാസികള്‍ ലോറിയിലെത്തുന്ന വെള്ളം അമിത വില കൊടുത്താണ് വാങ്ങുന്നത്. മേഖലയിലുള്ള കിണറുകളിലും കുഴല്‍ക്കിണറുകളിലും ചെറിയ ജലാശയങ്ങളിലുമുള്ള വെള്ളം വറ്റിയ സ്ഥിതിയാണ്. 45,000 ത്തോളം ജനസംഖ്യയുള്ള എലപ്പുള്ളി പഞ്ചായത്തിലെ 30,000 ത്തോളം ജനങ്ങളുമാശ്രയിക്കുന്നത് തീര്‍ഥപാദം കുടിവെള്ള പദ്ധതിയാണെന്നിരിക്കെ പദ്ധതിയില്‍നിന്നുള്ള ജലലഭ്യതയില്ലാതായത് എലപ്പുള്ളിക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മാത്രമല്ല വിതരണം ചെയ്യുന്ന വെള്ളത്തിനു രുചിയിലും വ്യത്യാസപ്പെടുന്നതിനാല്‍ ഇവ കുടിക്കാനും പാചകം ചെയ്യാനും പറ്റാത്ത സ്ഥിതിയാണ്.
എലപ്പുള്ളിക്കു പുറമെ വടകരപ്പതി പഞ്ചായത്തിലും കുടിവള്ള ക്ഷാമം രൂക്ഷമാണ്. മിക്കയിടത്തും ജലവിതരണത്തിനായി കുഴല്‍ക്കിണറുകളും പൈപ്പുകളുമൊക്കെയുണ്ടെങ്കിലും എവിടെയും തുള്ളി നക്കാനില്ലാത്ത സ്ഥിതിയാണ്. ഗ്രാമീണ മേഖലകളലില്‍ ജല വിതരണം നടത്തുന്ന ജലനിധി പോലുള്ള പദ്ധതികള്‍ പലതും പ്രഹസനമാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്ന മേഖലയാണ് കിഴക്കന്‍ മേഖലയെന്നിരിക്കെ ഓരോ വര്‍ഷം കഴിയുന്തോറും ഇവിടെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതികള്‍ വഴിപാടാവുകയാണ്. ഫലമോ വേനല്‍ക്കാലമായാല്‍ കുടിവെള്ളം പാചകം ചെയ്യുന്നതിനും ഇതര ആവശ്യങ്ങള്‍ക്കെല്ലാം വെള്ളം വിലകൊടുത്ത് വാങ്ങാന്‍ വിധിക്കപ്പെടുകയാണ് കിഴക്കന്‍ മേഖലക്കാര്‍. 4,000 ലിറ്റര്‍ ടാങ്കര്‍ വെള്ളത്തിന് 1,000 രൂപയാണെന്നിരിക്കെ ഇത്തരത്തില്‍ വാഹനങ്ങളില്‍ വരുന്ന വെള്ളത്തിന് 500 ലിറ്റര്‍ 1,000 ലിറ്റര്‍ എന്നിങ്ങനെ നിറക്കണമെങ്കിലും 500 രൂപ കൊടുക്കണമെന്ന സ്ഥിതിയാണിവിടങ്ങളില്‍. കുളിക്കാനും അലക്കാനുമൊക്കെ കുളങ്ങളെയാശ്രക്കുന്നവര്‍ ഇപ്പോള്‍ കുളങ്ങളില്‍ വെള്ളം വറ്റുന്നതിനാല്‍ ദുരിതത്തിലാവുകയാണ്. മഴക്കാലത്തുപോലും വെള്ളത്തിനു പാടുപെടുന്ന കിഴക്കന്‍ മേഖലക്കാര്‍ക്ക് ഇത്തവണത്തെ വേനല്‍ക്കാലം മുഴുവന്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടിവരുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."