പ്രചാരണം തീരാന്‍ രണ്ടുനാള്‍
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ആളിക്കത്തലിലാണ് സംസ്ഥാനത്തെ മുന്നണികള്‍. ആടിയുലയുന്ന വോട്ടറുടെ മനസ് പിടിച്ചുനിര്‍ത്താന്‍ ഇനിയുള്ള മൂന്നുദിവസത്തിനുള്ളില്‍ മുന്നണികള്‍ പതിനെട്ടാമത്തെ അടവും പയറ്റണം.
അടിയൊഴുക്കുകള്‍ എങ്ങോട്ടെന്ന നെഞ്ചിടിപ്പിലാണ് സ്ഥാനാര്‍ഥികള്‍. നേരത്തെ കരുത്തരെ കളത്തിലിറക്കി പ്രചാരണ രംഗത്ത് മുന്നേറിയ ഇടതുമുന്നണിയും താമസിച്ചാണെങ്കിലും ശക്തരായവരെ തന്നെ എതിരാളികളാക്കി ഇറക്കിയ യു.ഡി.എഫും വിശ്വാസം മാത്രം പ്രചാരണ വിഷയമാക്കി വോട്ടാക്കി മാറ്റാന്‍ ഇറങ്ങിയ എന്‍.ഡി.എയും അവസാന അടവുകള്‍ പയറ്റാന്‍ തയാറെടുത്തു കഴിഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ വരവും അഭിപ്രായ സര്‍വേകളില്‍ മേല്‍ക്കോയ്മയും യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നുവെങ്കിലും ഇടതുമുന്നണിയുടെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ താഴെതട്ടു മുതലുള്ള പ്രചാരണം പല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെയും ചങ്കിടിപ്പ് ഉയര്‍ത്തിയിട്ടുണ്ട്. വര്‍ഗീയവാദികള്‍ക്ക് കേരളത്തിലെ മണ്ണില്‍ ഇടം നല്‍കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതു, വലതു മുന്നണികള്‍. മറ്റന്നാള്‍ പ്രചാരണം അവസാനിക്കുന്നതിനു മുന്‍പു തന്നെ കൂടുതല്‍ ദേശീയ നേതാക്കളെ രംഗത്തിറക്കാനാണ് മൂന്നു മുന്നണികളുടെയും തീരുമാനം.
അവസാന ലാപ്പില്‍ സി.പി.എം അടവുകള്‍ പുറത്തിറക്കി കഴിഞ്ഞു. പല മണ്ഡലങ്ങളിലും ബി.ജെ.പി, കോണ്‍ഗ്രസ് രഹസ്യ ധാരണയുണ്ടെന്നും അതിനാലാണ് വര്‍ഗീയ വിഷം ചീറ്റുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരേ കോണ്‍ഗ്രസ് നേതൃത്വം മൃദുസമീപനം സീകരിച്ചതെന്നും സി.പി.എം കുടുംബ യോഗങ്ങളില്‍ പ്രസംഗിച്ചു തുടങ്ങി.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പിക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നതും പ്രധാന ആയുധമാക്കുകയാണ് എല്‍.ഡി.എഫ്. വാഹന പ്രചാരണം ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ഥികള്‍ ഇനി റോഡ് ഷോകളിലേക്ക് മാറിയിരിക്കുകയാണ്.
തിരുവനന്തപുരത്തെ വിധി നിശ്ചയിക്കുന്ന തീരദേശ മേഖലകളില്‍ കുമ്മനത്തിനുവേണ്ടി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ റോഡ് ഷോ നടത്തിയെങ്കിലും തീരദേശ മനസ് പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, ഉയിര്‍ത്തെഴുന്നേല്‍പ്പ് നാള്‍ എ.കെ ആന്റണിയുടെ റോഡ് ഷോ തീരദേശത്തെ ഇളക്കി മറിക്കുമെന്നുതന്നെയാണ് യു.ഡി.എഫ് കേന്ദ്രങ്ങളിലെ കണക്കുകൂട്ടല്‍.
പഴുതുകള്‍ എല്ലാം അടച്ച് വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങളാണ് മൂന്നു മുന്നണികളുടെയും ക്യാംപുകളില്‍ ഉരുത്തിരിയുന്നത്. ജയിക്കുമെന്ന വിശ്വാസത്തില്‍ നയിക്കപ്പെടുന്ന മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കും. ഞായറാഴ്ച അഞ്ച് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. തിങ്കളാഴ്ച നിശബ്ദ പ്രചാരണവും ചൊവ്വാഴ്ച വിധിയെഴുത്തുമാണ്. വോട്ടിങ് ശതമാനം കൂട്ടാന്‍ മുന്നണികള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മിഷനുമുണ്ട്. തങ്ങളുടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ കൂടുതല്‍ സ്‌ക്വാഡിനെ ഇറക്കാനാണ് സി.പി.എം തീരുമാനം.
അഭിപ്രായ സര്‍വേകളിലും രാഹുല്‍ തരംഗത്തിലും ജയിച്ചു കയറാമെന്ന് കരുതിയിരിക്കുന്ന കോണ്‍ഗ്രസാകട്ടെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാനാണ് ശ്രമം. വിജയത്തിന് വഴിയൊരുക്കുന്ന ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പമാക്കാന്‍ മണ്ഡലങ്ങളില്‍ ഇടതു-വലതു മുന്നണികള്‍ മത്സരിക്കുകയാണ്. അതേസമയം, ആര്‍ത്തലച്ചു പെയ്യുന്ന വേനല്‍ മഴ അവസാന ലാപ്പിലെ പ്രചാരണത്തിന് വിലങ്ങുതടിയാകുമോ എന്ന നെഞ്ചിടിപ്പും മുന്നണികള്‍ക്കുണ്ട്. ഇന്നുമുതല്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. വോട്ടെടുപ്പ് ദിവസവും മഴയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."