കരിപ്പൂര്‍ വിമാന ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള കോടികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ: മംഗളൂരു ആവര്‍ത്തിക്കുമോയെന്ന് ആശങ്ക
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നത് വൈകുമോയെന്ന് ആശങ്ക. മംഗളൂരു വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് 10 വര്‍ഷമായിട്ടും മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിന്റെ അനുഭവമാണ് കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവരെ ആശങ്കയിലാക്കുന്നത്.
വിദേശത്തെ ജോലി നഷ്ടപ്പെട്ടവര്‍, ഇവരുടെ കുടംബങ്ങള്‍ തുടങ്ങിയവരാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ കൂടുതലുമുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷവും പരുക്കേറ്റവര്‍ക്ക് അര ലക്ഷം മുതല്‍ രണ്ടുലക്ഷം രൂപ വരെയും പ്രഖ്യാപിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സെക്ടറില്‍ സര്‍വിസ് നടത്തുന്ന വിമാനം അപകടത്തില്‍പ്പെട്ട് മരിച്ചാല്‍ കുടുംബങ്ങള്‍ക്ക് ഒരുകോടി 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് ഇന്‍ഷൂറന്‍സ് മേഖലയിലുള്ളവര്‍ പറയുന്നത്. പരുക്കേറ്റവര്‍ക്ക് പരുക്കിന്റെ തീവ്രത, പ്രായം, ജോലി തുടങ്ങിയവ മുന്‍നിര്‍ത്തി ഇന്‍ഷൂറന്‍സ് തുക കോടിക്ക് മുകളിലും താഴേയുമായി ലഭിക്കും. ചികിത്സാച്ചെലവുകളും തുടര്‍ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതിന്റെ നിശ്ചിത തുകയും ലഭിക്കും.
കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന് 380 കോടിയോളം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ടെന്നാണ് വിമാനക്കമ്പനി പറയുന്നത്. ഒന്നിലധികം ഇന്‍ഷൂറന്‍സ് കമ്പനികളാണ് വിമാനങ്ങളുടെ ഇന്‍ഷൂറന്‍സ് ഏറ്റെടുക്കുന്നത്. വലിയ ദുരന്തങ്ങളില്‍ ഒരു കമ്പനിക്ക് മാത്രം നഷ്ടപരിഹാരം താങ്ങാനാവാത്തതിനാലാണിത്. അതിനാല്‍ ഇന്‍ഷൂറന്‍സ് തുക മുഴുവനായി ലഭിക്കുന്ന കാര്യവും സംശയമാണ്. കരിപ്പൂര്‍ അപകടത്തില്‍ മരണസംഖ്യയും ഗുരുതര പരുക്കുള്ളവരുടെയും എണ്ണം കുറവായതിനാല്‍ ആറുമാസത്തിനകം ഇന്‍ഷൂറന്‍സ് നടപടികളില്‍ തീര്‍പ്പാക്കാനാണ് എയര്‍ഇന്ത്യയുടെ ശ്രമം.
ഐ.എല്‍.എസ് തകരാറ് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കും
കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനാപകടത്തെ തുടര്‍ന്ന് തകര്‍ന്ന ഇന്‍സ്ട്രുമെന്റര്‍ ലാന്‍ഡിങ് സിസ്റ്റത്തിന്റെ( ഐ.എല്‍.എസ്) തകരാറ് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കും. വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ട വിമാനം ഐ.എല്‍.എസിന്റെ ആന്റിനകളും തകര്‍ത്താണ് നിലംപൊത്തിയത്. വിമാന ലാന്‍ഡിങ്ങിനെ സഹായിക്കുന്ന ഉപകരണമാണ് ഐ.എല്‍.എസ്. രണ്ട് ഐ.എല്‍.എസുകളാണ് കരിപ്പൂരിലുള്ളത്. ഇതില്‍ കിഴക്കുഭാഗത്ത് സ്ഥാപിച്ച ഐ.എല്‍.എസ് ആന്റിനകളാണ് തകര്‍ന്നത്.
ബാഗേജുകള്‍ ക്ലിയര്‍ ചെയ്യാന്‍ യു.എസ് സംഘം
കൊണ്ടോട്ടി: അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് ബാഗേജുകള്‍ ഉടമസ്ഥര്‍ക്കെത്തിക്കുന്നതിന് സഹായിക്കാന്‍ അമേരിക്കന്‍ സംഘം. വിമാനക്കമ്പനിയുടെ നിര്‍ദേശാനുസരണമാണ് യു.എസില്‍ നിന്ന് 17 പേരടങ്ങുന്ന സംഘം കരിപ്പൂരിലെത്തിയത്. വിമാനത്തില്‍ നിന്ന് ബാഗേജുകള്‍ അണുനശീകരണം നടത്തി ടെര്‍മിനലിലേക്ക് മാറ്റിയിട്ടുണ്ട്.
കസ്റ്റംസ് പരിശോധനകള്‍ക്കുശേഷമായിരിക്കും ബാഗേജുകള്‍ കൈമാറുക. ഓരോ യാത്രക്കാരുടെയും ബാഗേജുകള്‍ കൃത്യമായി ക്രമീകരിക്കാനാണ് പ്രത്യേക സംഘം കരിപ്പൂരിലെത്തിയത്.
രക്ഷാപ്രവര്‍ത്തനം: മലപ്പുറത്തുകാരെ അഭിനന്ദിച്ച് തമിഴ്‌നടന്‍ സൂര്യ
കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാന അപകടമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ മലപ്പുറത്തുകാരെ അഭിനന്ദിച്ച് തമിഴ്‌നടന്‍ സൂര്യ. വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമായ യാത്രക്കാര്‍ക്കും പൈലറ്റുമാര്‍ക്കും സൂര്യ ആദരമര്‍പ്പിച്ചു. അപകടത്തില്‍ ഉറ്റവരെ നഷ്ടമായവരുടെ വേദനയില്‍ പങ്കുചേരുന്നതായും സൂര്യ പറഞ്ഞു. 190 യാത്രക്കാരുമായി ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനം വെള്ളിയാഴ്ച രാത്രിയാണ് റണ്‍വേയില്‍ നിന്ന് തെന്നി അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മഴയെപോലും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."