പറക്കുന്നൂ, വി.ഐ.പി പണപ്പെട്ടികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കേ വിവാദങ്ങളില്‍നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ മുദ്രവച്ച പെട്ടി സ്വകാര്യ വാഹനത്തിലേക്ക് മാറ്റുകയും പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യുകയും ചെയ്ത സംഭവം വിവാദമായതിന് പിന്നാലെ സംസ്ഥാനത്ത് കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്റെ ഹെലികോപ്റ്ററിലും സംശയാസ്പദമായ സാഹചര്യത്തില്‍ പെട്ടി കണ്ടെത്തി.
ധര്‍മേന്ദ്രപ്രധാന്റെ പെട്ടി പരിശോധിക്കാനെത്തിയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരോട് അദ്ദേഹം തട്ടിക്കയറുകയും പരിശോധന തടസപ്പെടുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം കൂടുതല്‍ വിവാദമായത്. സംഭവത്തില്‍ ഒഡിഷയിലെ ഭരണകക്ഷിയായ ബി.ജെ.ഡി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
കേന്ദ്ര പെട്രോളിയം മന്ത്രിയായ പ്രധാനെതിരേ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കാണ് ബി.ജെ.ഡി പരാതി നല്‍കിയത്. ബി.ജെ.പി നേതാവ് ധര്‍മേന്ദ്രപ്രധാന്റെ ഹെലികോപ്റ്ററില്‍ മുദ്രവച്ച പെട്ടി കണ്ടെത്തിയതായും അത് പരിശോധിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം തടയുകയും ചീത്തവിളിക്കുകയും ചെയ്തത് ചൊവ്വാഴ്ച വിവിധ ചാനലുകള്‍ സംപ്രേഷണം ചെയ്തതാണ്. തെരഞ്ഞെടുപ്പ് ചുമതലകളുടെ ഭാഗമായി പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയ നടപടി ഔദ്യോഗിക കൃത്യനിര്‍വഹണം തടയലും പെരുമാറ്റച്ചട്ട ലംഘനവുമാണ്.
അതിനാല്‍ മുദ്രവച്ച പെട്ടിയില്‍ ഉണ്ടായിരുന്നത് എന്താണെന്ന് പൊതുജനങ്ങളെ അറിയിക്കേണ്ടതുണ്ട്. പെട്ടിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പണം ആവാന്‍ സാധ്യത കൂടുതലാണെന്നും ബി.ജെ.ഡി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോഴാണ് നരേന്ദ്രമോദി സഞ്ചരിച്ച ഹെലികോപ്റ്ററില്‍നിന്ന് മുദ്രവച്ച പെട്ടി സ്വകാര്യവാഹനത്തിലേക്കു മാറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തുടങ്ങിയവര്‍ സഞ്ചരിക്കുന്ന ഹെലികോപ്റ്ററുകളിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞദിവസം ഒഡിഷയില്‍ പ്രചാരണത്തിനെത്തിയ മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് നിരീക്ഷണ ചുമതലയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്‌സിനെ കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ഇതിനെതിരെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധവുമായി രംഗത്തുവന്നുകൊണ്ടിരിക്കെയാണ് ധര്‍മേന്ദ്രപ്രധാന്റെ വാഹനത്തിലും പെട്ടി കണ്ടെത്തിയത്. ബി.ജെ.പി വോട്ടര്‍മാരെ സ്വാധീനിക്കാനായി വന്‍തോതില്‍ പണം ഒഴുക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ സാധൂകരിക്കുന്നതാണ് പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും കോപ്റ്ററുകളില്‍നിന്ന് മുദ്രവച്ച പെട്ടികള്‍ കണ്ടെത്തിയത്. അതേസമയം, പ്രധാനമന്ത്രിയുടെ യാത്ര 15 മിനിറ്റ് വൈകിച്ചെന്നാരോപിച്ചാണ് 1996 ബാച്ചിലെ കര്‍ണാടക കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്‌സിനെ സസ്‌പെന്‍ഡ് ചെയ്തത്.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കുള്ള എസ്.പി.ജി സംഘത്തെ ഇത്തരത്തിലുള്ള പരിശോധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അതു ലംഘിച്ച് പരിശോധന നടത്തിയതിനാണ് സസ്‌പെന്‍ഷനെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കമ്മിഷന്റെ ഉത്തരവില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനത്തെ ഒഴിവാക്കിയിട്ടില്ലെന്നും ഈ നടപടി അപലപനീയമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
പരിശോധന നടന്നതുമായി ബന്ധപ്പെട്ട് സ്ഥലം കലക്ടറും എസ്.പിയും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. ഒഡിഷയിലെ സാംബല്‍പൂരില്‍ നിരീക്ഷകനായിട്ടായിരുന്നു മുഹ്‌സിനെ നിയമിച്ചിരുന്നത്. സര്‍ക്കാര്‍ സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്. കമ്മിഷന്‍ 2014ല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനത്തെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടില്ല.
പ്രധാനമന്ത്രിയുടെ ജീവന് ഏതെങ്കിലും രീതിയിലുള്ള ഭീഷണിയുള്ള സാഹചര്യത്തില്‍ മാത്രമേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കാവൂ. എങ്കിലും പരിശോധന നടത്തുന്നതിന് തടസമില്ല. ഈ സാഹചര്യത്തില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെതിരേ നടപടിയ്ക്കും വകുപ്പില്ല. രാജ്യത്തിന് കാണാന്‍ പറ്റാത്ത എന്താണ് മോദിയുടെ ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്ന് ഇതേക്കുറിച്ച് കോണ്‍ഗ്രസ് ചോദിച്ചു. എന്താണ് ചൗക്കിദാര്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതെന്നും തന്റെ സുരക്ഷാ കവചങ്ങള്‍ക്കുള്ളിലാണോ ചൗക്കിദാര്‍ ജീവിക്കുന്നതെന്നും ആംആദ്മി പാര്‍ട്ടി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."