ഐ.എസ്: ക്രീസില്‍ കളിക്കുന്നവരും ഗ്യാലറിയില്‍ ഇരിക്കുന്നവരും
ഐ.എസ് പ്രത്യേകലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉദയംകൊണ്ട സ്വതന്ത്രസംഘമോ യജമാനനുവേണ്ടി ഗോള്‍ഫ് കളിക്കുന്ന കളിപ്പാവയോയെന്നതു ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. രണ്ടുവശങ്ങളെയും ന്യായീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്ന ധാരാളം കുറിപ്പുകളും പ്രസ്താവനകളും സുലഭമാണ്. ഓരോ വാദത്തെയും തിരുത്തിയും ശരിവച്ചുമുള്ള എക്‌സ്‌ക്ലൂസീവ് വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നു.
സ്വന്തന്ത്രസംഘമാണ് ഐ.എസ് എങ്കില്‍ അവര്‍ക്കുള്ള പ്രചോദനവും പിന്‍ബലവുമെന്താണെന്നതാണു പ്രസക്തമായ ആദ്യചോദ്യം. ഏതെങ്കിലും രാജ്യങ്ങളുടെയോ രാഷ്ട്രീയശക്തികളുടെയോ ചട്ടുകമാണെങ്കില്‍ നിയന്ത്രിക്കുന്ന കൈകളേതെന്ന ചോദ്യവും ഉയര്‍ത്തേണ്ടതുണ്ട്.
മധ്യപൗരസ്ത്യദേശത്തു വളരെ ചുരുങ്ങിയ പ്രായംമാത്രമുള്ള സംഘമാണ് ഐ.എസ്. ഏതെങ്കിലും രാഷ്ട്രത്തിന്റെയോ മതത്തിന്റെയോ പിന്‍ബലം ഔദ്യോഗികമായി അവര്‍ക്കില്ല. എന്നിട്ടും കുറഞ്ഞകാലയളവുകൊണ്ടു ലോകത്തിന്റെ മൊത്തം ചര്‍ച്ചയായും ഇതുവരെ കീഴ്‌പ്പെടുത്താനാവാത്ത പൊതു ഭീഷണിയായും മാറിയിരിക്കുന്നു അവര്‍. അറബ്്‌ലോകത്തെ പരിഷ്‌കാരങ്ങളോ അഭിവൃദ്ധിയോ ഇല്ലാത്ത സാധാരണജനവിഭാഗത്തിന് എങ്ങനെയാണ് വളരെകൃത്യമായ അജന്‍ഡകളോടെ നാടുനീളെ ആക്രമണം നടത്താന്‍ സാധിക്കുന്നത്. ആരാണവര്‍ക്ക് സാമ്പത്തികവും ധൈഷണികവുമായ പിന്തുണ നല്‍കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പുറത്തു പ്രകടിപ്പിക്കപ്പെടുന്നതിലപ്പുറം മറ്റുവല്ല അജന്‍ഡകളോ അധോലോക ഇടപാടുകളോ അവരുടെ മുഖ്യവിഷയമാണോ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമന്വേഷിക്കുമ്പോഴാണ് ഐ.എസ് താടിനീട്ടിയ മുജാഹിദീങ്ങളുടെ കേവലമൊരു സംഘമല്ലെന്നും ഞെട്ടിപ്പിക്കുന്ന അധോലോകബന്ധങ്ങളും സാമ്രാജ്യത്വഅജന്‍ഡകളും അതിനുപിന്നിലുണ്ടെന്നുമുള്ള സംശയം ബലപ്പെടുന്നത്. മതത്തിന്റെ മറവില്‍ ആരാലോ മെനഞ്ഞെടുക്കപ്പെട്ട് പ്രത്യേകം ചിട്ടകളും പദ്ധതികളുമായി മുസ്്‌ലിംലോകത്തെ ഒറ്റുകൊടുക്കാനിറങ്ങിയതിന്റെ ചുരുള്‍നിവരുകയാണിവിടെ. ലോക മുസ്്‌ലിംകളുടെ എന്നത്തെയും പ്രഖ്യാപിതശത്രുക്കളായ അമേരിക്കയും ഇസ്രാഈലും ഇവിടെ സൂത്രധാരന്മാരായി തെളിയുന്നു. ഇറാഖിലും സിറിയയിലുംമറ്റും ഐ.എസ് നടത്തിക്കൊണ്ടിരിക്കുന്ന ചോരക്കളികളും സമീപരാഷ്ട്രങ്ങളോടു പ്രത്യേകമായെടുക്കുന്ന നിലപാടുകളും ആഴത്തില്‍ പരിശോധിക്കുമ്പോള്‍ നിഘൂഢതകള്‍ ബോധ്യപ്പെടും.
എല്ലാ വിഷയത്തിലുമെന്നപോലെ ഇവിടെയും അമേരിക്കയുടെയും സയണിസത്തിന്റെയും കരങ്ങളാണെന്നു പറയുന്നത് ഉത്തരവാദിത്വത്തില്‍നിന്നുള്ള ഒളിച്ചോട്ടമായി വിമര്‍ശിച്ചേക്കാം. എന്നാല്‍, പല ലോകനേതാക്കളും ചിന്തകന്മാരും മാധ്യമങ്ങളും ആരോപിക്കുന്ന അക്കാര്യം കണ്ണുമടച്ചു തള്ളിക്കളയാനാകില്ല. ലോകരാഷ്ട്രനേതാക്കള്‍ക്കിടയില്‍ ഗൗരവമായ ചര്‍ച്ച ഐ.എസിന്റെ പിതൃത്വത്തെച്ചൊല്ലിയാണ്. ഓരോ രാഷ്ട്രവും എതിരാളികളുടെമേല്‍ പിതൃത്വംചാര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അമേരിക്കയും ഇസ്രയേലും പരിണതിയെക്കുറിച്ചാണു സംസാരിക്കുന്നത്. മധ്യപൗരസ്ത്യദേശത്തു ഇടപെടാന്‍ അമേരിക്കയും ഇസ്രാഈലും നീക്കംതുടങ്ങിയിട്ടു കാലമേറെയായി. ഇറാഖിലും അഫ്ഗാനിലും ഭരണം തകിടംമറിക്കാനും തങ്ങളുടെ പാവസര്‍ക്കാറിനെ പ്രതിഷ്ഠിക്കാനും അതുവഴി അവര്‍ക്കു സാധിക്കുകയും ചെയ്തു.
2003 മുതല്‍ അമേരിക്കയും ബ്രിട്ടനും മധ്യപൗരസ്ത്യദേശങ്ങളിലും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലുമുള്ള മുസ്്‌ലിം ജിഹാദി ഗ്രൂപ്പുകള്‍ക്കു പിന്തുണയും സഹായവും നല്‍കിവരുന്നുണ്ട്. അറബ് നാടുകളിലെ എണ്ണ സ്രോതസും ഇസ്രാഈലിന്റെ വ്യാപനവും മുന്നില്‍ക്കണ്ടായിരുന്നു ഇത്. നിരന്തര ഇടപെടലിലൂടെ അറബ് നാടുകളെ അടിമയാക്കിനിര്‍ത്തിയാല്‍ മധ്യപൗരസ്ത്യ ദേശങ്ങളുടെ ഭൂപടംതന്നെ മാറ്റിവരയ്ക്കാനാകുമെന്നാണ് അവര്‍ സ്വപ്നംകാണുന്നത്. ഇറാഖ് യദ്ധവേളയില്‍പ്പോലും സര്‍ഖാവിയുടെ നേതൃത്വത്തിലുള്ള അല്‍ ഖാഇദ ഗ്രൂപ്പിന് അമേരിക്ക ആയുധംനല്‍കി സഹായിച്ചിരുന്നു. അവരെ കൂട്ടുപിടിച്ചു ശിയാ മുന്നേറ്റത്തെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഐസിസിന്റെ പിറവിയില്‍ മുഖ്യപങ്കു വഹിച്ച സര്‍ഖാവിയെ വളര്‍ത്തിയത് അമേരിക്കയാണെന്നര്‍ഥം. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇതു നയതന്ത്രത്തിന്റെയോ യുദ്ധതന്ത്രത്തിന്റെയോ ഭാഗമാവാം. പുറംലോകം ഉള്ളുകള്ളികള്‍ തിരിച്ചറിയാതെ വൃഥാചര്‍ച്ചകള്‍ നടത്തുകയാണ്.
2009 ല്‍ സിറിയയില്‍ സൈനിക ഓപ്പറേഷനു പദ്ധതിയിട്ട ബ്രിട്ടന്‍ അതിനുള്ള പോരാളികളെ സജ്ജീകരിച്ചതും അവിടെനിന്നുതന്നെയുള്ള ഭീകരകൂട്ടായ്മകള്‍ക്ക് ആയുധംനല്‍കിക്കൊണ്ടാണ്. മുപ്പതോളംവരുന്ന വിമതഗ്രൂപ്പുകള്‍ക്ക് ആയുധവും പണവും നല്‍കി ജോര്‍ദാന്‍- സിറിയ അതിര്‍ത്തിയില്‍ ഇസ്രാഈലും ഇതുപോലെ ചെയ്തുകൊണ്ടിരുന്നു. അമേരിക്കയും ഇസ്രാഈലും ബ്രിട്ടനുമടങ്ങുന്ന ഛിദ്രരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ് ഇക്കാലയളവില്‍ ഇവിടെ അശാന്തിയുടെ വിത്തിറക്കിയത്. ഇന്ന് അവര്‍ തന്നെയാണ് അതിന്റെ ലാഭം കൊയ്തുകൊണ്ടിരിക്കുന്നത്.
രാഷ്ട്രീയലക്ഷ്യം സാധിച്ചെടുക്കാന്‍ അമേരിക്കയും ഇസ്രാഈലും കണ്ടെത്തിയ കുറുക്കുവഴിയാണ് തീവ്രവാദസംഘങ്ങളെ പാലൂട്ടിവളര്‍ത്തല്‍ എന്ന് ഇന്നു മുസ്്‌ലിം ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ഇറാഖ്-സിറിയ പോലെയുള്ള ചില മതേതര-ശിയ അറബ് രാജ്യങ്ങളെ നിലംപൊത്തിക്കാനും അവിടെ സയണിസ്റ്റ് പൊളിറ്റിക്കല്‍ അജന്‍ഡ നടപ്പാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണിത്. അമേരിക്കയുടെയും ഇസ്രാഈലിന്റെയും രഹസ്യപട്ടാള ഏജന്‍സികളായ സി.ഐ.എയും മൊസാദുമാണ് ഇതിനുപിന്നില്‍ ചരടുവലിക്കുന്നത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയഉപജാപങ്ങള്‍ അതിരഹസ്യമായാണു സംഭവിക്കുന്നതെന്നതിനാല്‍ സാധ്യതകളുടെയും വരികള്‍ക്കിടയിലൂടെയുള്ള വായനയും മാത്രമേ ഇവിടെ കരണീയമായുള്ളു. പ്രത്യക്ഷമായ തെളിവുകള്‍ എടുത്തുകാട്ടാന്‍ സാധിക്കണമെന്നില്ല.
സണിസത്തിന്റെ ചിരകാല സ്വപ്നമായ 'ഗ്രൈറ്റര്‍ ഇസ്രാഈല്‍' എന്ന രാഷ്ട്രീയഅജന്‍ഡയാണു പല പേരുകളിലായി ഇന്നു മുസ്്‌ലിം ലോകത്തു നടന്നുകൊണ്ടിരിക്കുന്നതെന്നുവേണം കരുതാന്‍. പത്തുവര്‍ഷമായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തകൃതിയിലാണ്. ഇസ്രാഈലില്‍ നെതന്യാഹു സര്‍ക്കാര്‍ വന്നതോടെ ഇത് ദ്രുതഗതിയിലായി. ഈജിപ്തു മുതല്‍ യൂഫ്രട്ടീസ് തീരംവരെ നീണ്ടുകിടക്കുന്നതാണു യഥാര്‍ഥ ജൂതരാജ്യമെന്നാണ് സണിസത്തിന്റെ പിതാവ് തിയഡോല്‍ ഹെര്‍സല്‍ പറയുന്നത്. സയണിസ്റ്റ് നേതാവായ റബ്ബി ഫിഷ്മാനും ഇതുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈജിപ്തിലെ നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് നദിവരെ നീണ്ടുകിടക്കുന്നു ജൂതവാഗ്ദത്തഭൂമിയെന്ന് അദ്ദേഹം പറയുന്നു.
ഇങ്ങനെ വരുമ്പോള്‍ ലബനന്‍, ജോര്‍ദാന്‍, സിറിയ, സീനായ്, ഇറാഖ്, സഊദി അറേബ്യ തുടങ്ങിയ മുസ്്‌ലിംരാജ്യങ്ങളുടെ വലിയൊരു മേഖലയുള്‍ക്കൊള്ളുന്ന പ്രദേശമായിരിക്കുമത്. പത്തുവര്‍ഷത്തെ മധ്യപൗരസ്ത്യദേശങ്ങളിലെ രാഷ്ട്രീയചലനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇസ്രയേല്‍ അതിന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിലേയ്ക്ക് അടുത്തടുത്ത് വരികയാണെന്നു ബോധ്യമാകും. 2001 മുതല്‍ ബിന്‍ ലാദനെ പിടിക്കാനെന്നപേരില്‍ ആരംഭിച്ചതും വിവിധ മുസ്്‌ലിംരാഷ്ട്രങ്ങളിലേയ്ക്കു വ്യാപിച്ചതുമായ യുദ്ധവും 2003 ലെ ഇറാഖ് യുദ്ധവും 2006 ലെ ലെബനന്‍ യുദ്ധവും 2011 ല്‍ ലിബിയക്കെതിരേ നടന്ന യുദ്ധവും പിന്നീടുണ്ടായ ഇറാഖിലെയും സിറിയയിലെയും യുദ്ധങ്ങളും അതിനിടെ യമനിലും ഈജിപ്തിലുമുണ്ടായ കലാപങ്ങളുമെല്ലാം ഈ ഗൂഢാലോചനയുടെ ഭാഗമായിത്തന്നെ നടന്നതായിരിക്കണം.
അതേസമയം, ഫലസ്തീനില്‍ വെസ്റ്റ് ബാങ്കും ഗാസയുംകൂടി പിടിച്ചെടുത്തു മുസ്്‌ലിംകളെ പൂര്‍ണമായും അവിടെനിന്നു തുടച്ചുനീക്കി 'ഇസ്രാഈല്‍ വിപുലീകരണം' അവര്‍ സ്വപ്നം കാണുന്നു. യിനോന്‍ പ്ലാന്‍ എന്ന പേരിലറിയപ്പെടുന്ന ഈ ഗ്രൈറ്റര്‍ ഇസ്രാഈല്‍ പദ്ധതി സജീവമായി നടക്കുന്നുണ്ടെന്നതാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. 2006 ല്‍ പുറത്തിറങ്ങിയ യു.എസ് മിലിറ്ററിയുടെ ആംഡ് ഫോഴ്‌സ് ജേണലും 2008 ലെ ദി അറ്റ്‌ലാന്റിക് ജേണലും യിനോന്‍ പ്ലാന്‍ അനുസരിച്ചുള്ള ഗ്രൈറ്റര്‍ ഇസ്രായേലിന്റെ ഭൂപടം പ്രസിദ്ധീകരിക്കുകയുണ്ടായി. തങ്ങളുടെ ലക്ഷ്യം അടുത്തുകൊണ്ടിരിക്കുകയാണെന്നതിലേയ്ക്കുള്ള ഒരോര്‍മപ്പടുത്തായിരിക്കണം ഇത്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."