എല്ലാ കുടുംബങ്ങള്‍ക്കും വീട്, കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഗവര്‍ണറും മുഖ്യമന്ത്രിയും പെട്ടിമുടി സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍
മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എല്ലാ കുടുംബങ്ങള്‍ക്കും വീട്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കും. പെട്ടിമുടി സന്ദര്‍ശനത്തിന് ശേഷം മൂന്നാറില്‍ അവലോകന യോഗം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മരണപ്പെട്ട കുടുംബങ്ങളുടെ അവസ്ഥ പരിശോധിക്കുമ്പോള്‍ ചുരുക്കം ചിലര്‍ മാത്രമാണ് ആ കുടുംബങ്ങളില്‍ അവശേഷിക്കുന്നത്.
ചിലര്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളു. രക്ഷപ്പെട്ട കുടുംബങ്ങളില്‍ കുട്ടികളുണ്ട്. അവരുടെ വിദ്യാഭ്യാസം നടപ്പാക്കേണ്ടതുണ്ട്.
ഒരു പ്രദേശം ഒന്നിച്ചു പോകുന്ന അവസ്ഥയാണുണ്ടായത്. പുതിയ വീടുകള്‍ അവിടെ പണിയുക പ്രയാസകരമാണ്.
പുതിയ വീടും പുതിയ സ്ഥലവും ഇവര്‍ക്ക് വേണ്ടി കണ്ടെത്തേണ്ടിവരും.
കമ്പനി നല്ല രീതിയില്‍ സഹായവുമായി മുന്നോട്ടു വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കമ്പനി പ്രതിനിധികളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
പ്രത്യേകമായി എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അത് പ്രത്യേകമായി തന്നെ സര്‍ക്കാര്‍ പരിഗണിക്കും.
അതോടൊപ്പം കമ്പനിയുടെ ഭാഗത്തുനിന്നും ചില നടപടികള്‍ കൂടി ഉണ്ടാവേണ്ടതുണ്ട്.
പെട്ടിമുടിയില്‍ നിന്നും മറ്റ് ലയങ്ങളിലേക്ക് മാറി താമസിക്കുന്നവര്‍ക്ക് നിലവില്‍ വരുമാനമില്ല. അത്തരം കാര്യങ്ങള്‍ കമ്പനി പരിഗണിച്ച് അവര്‍ക്ക് ആവശ്യമായ സഹായം ചെയ്യണം.
ലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ അടക്കം ചില കാര്യങ്ങള്‍ കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്ന് ലയങ്ങളുടെ പൊതുവായ പ്രശ്‌നമാണ്.അത് സര്‍ക്കാരിന്റെ ഗൗരവമായ പരിഗണനയില്‍ ഉള്ള കാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മന്ത്രിമാരായ എം എം മണി, ഇ ചന്ദ്രശേഖരന്‍, അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി , എം എല്‍ എമാരായ എസ് രാജേന്ദ്രന്‍, ഇ എസ് ബിജിമോള്‍, പി ജെ ജോസഫ്, റോഷി അഗസ്റ്റിന്‍, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ യമുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."