പക്രന്തളം ചുരത്തില്‍ അനധികൃത കൈയേറ്റവും കുന്നിടിക്കലും വ്യാപകം
തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം-പക്രന്തളം ചുരം റോഡില്‍ സ്വകാര്യവ്യക്തികളുടെ അനധികൃത കൈയേറ്റവും കുന്നിടിക്കലും വ്യാപകമാവുന്നു.
അതീവ പാരിസ്ഥിതിക പ്രദേശവും ചെങ്കുത്തായ കുന്നുമായ ചുരം പ്രദേശത്താണു സ്വകാര്യവ്യക്തികളുടെ ഈ അനധികൃത പ്രവര്‍ത്തനം. അവധി ദിവസങ്ങളിലും അര്‍ധരാത്രികളിലുമാണ് ഇവര്‍ കുന്നിടിച്ചു നികത്തുന്നത്. ഇത്തരം കൈയേറ്റം വര്‍ഷകാലത്തു മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാവുമെന്ന് വിദഗ്ധര്‍ പറയുന്നു.
സമീപ ജില്ലകളില്‍ നിന്നുള്ളവരായ റിയല്‍ എസ്റ്റേറ്റ് മാഫിയകളാണ് 11 ഹെയര്‍പിന്‍ വളവുകളുള്ള ചുരത്തില്‍ മോഹവില നല്‍കി ഭൂമി കൈക്കലാക്കി അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്.
അതേസമയം ഇത്തരം കൈയേറ്റത്തിന് റവന്യൂ അധികൃതരുടെ സഹായമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
കുന്നിടിക്കലിലൂടെ ഉയരത്തിലുള്ള പ്രദേശത്ത് എന്തെങ്കിലും പ്രകൃതിദുരന്തം സംഭവിച്ചാല്‍ താഴ്ന്ന പ്രദേശത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. കൂടാതെ പ്രകൃതിദത്ത നീരുറവകളും വംശനാശഭീഷണി നേരിടുന്ന അമൂല്യ വനസമ്പത്തുകളും നഷ്ടമാവുകയും ചെയ്യും.
എന്നാല്‍ വന്‍ദുരന്തത്തെ ക്ഷണിച്ചു വരുത്തുന്ന കൈയേറ്റം തടയണമെന്ന ആവശ്യം ശക്തമായിട്ടും ചുരംറോഡിലെ അഞ്ചാം വളവിലും എട്ടാം വളവിലും കുന്നിടിക്കലും നികത്തലും വ്യാപകമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."