HOME
DETAILS

ഇസ്‌ലാമിന്റെ ഹൃദയം തേടി

  
backup
August 15 2020 | 03:08 AM

sadiya-2020

 


സാദിയ ദെഹ്‌ലവിയുടെ ചരമ വാര്‍ത്ത ടി.വി സ്‌ക്രോളില്‍ തെളിഞ്ഞു കണ്ടപ്പോള്‍ ഓര്‍മ വന്നത് മുമ്പെപ്പെഴോ വായിച്ച അവരുടെ ഒരു പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ അവരെഴുതിയ ചില വാചകങ്ങളാണ്. സൂഫിസം, ദി ഹാര്‍ട്ട് ഓഫ് ഇസ്‌ലാം (സൂഫിസം: ഇസ്‌ലാമിന്റെ ഹൃദയം) എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ അവര്‍ എഴുതിയത്, കുട്ടികളില്ലാത്ത തനിക്ക് ഒരു കുഞ്ഞുണ്ടായത് അജ്മീറില്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തിയുടെ ദര്‍ഗയില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണെന്നായിരുന്നു. സിനിമയും ടി.വി സീരിയലും പത്രപ്രവര്‍ത്തനവും ആക്ടിവിസവുമൊക്കെയായി ഡല്‍ഹിയുടെ സാംസ്‌കാരിക ജീവിതത്തില്‍ ഉന്നതശ്രേണിയില്‍ 'വിലസിടും നാരി' സാധാരണ നിലയ്ക്ക് ഇങ്ങനെയൊരു കാര്യം ഏറ്റു പറയുകയില്ല. അത് അവരുടെ 'ആധുനിക വനിത'യെന്ന പ്രതിഛായക്ക് ഏല്‍പ്പിക്കുന്ന പരുക്ക് ചില്ലറയായിരിക്കുകയില്ല. എന്നാല്‍ തികച്ചും ഹൃദ്യവും വികാരനിര്‍ഭരവുമായ വാക്കുകളില്‍ അവര്‍ അത് ഏറ്റുപറഞ്ഞു. തന്റെ പുസ്തകത്തിന്റെ ആമുഖമായി അവര്‍ എഴുതിയ കുറിപ്പ് ജീവിതവ്യഥകളുടെ പാരാവാരത്തിരകളില്‍ സാന്ത്വനത്തിന്റെ മറുകര തേടി അലയുന്ന ഏകാകിനിയായ ഒരു അന്വേഷിയുടെ ഹൃദയ വികാരങ്ങളാണ് തുടിച്ചുനിന്നത്. അജ്മീറിലെ ഭക്തി തീര്‍ഥം ഒരു ബിംബം മാത്രം. സാദിയാ ദഹ്‌ലവി തേടിയത് പരമ സത്യമായിരുന്നു.

സൂഫിസത്തിന്റെ
പൊരുളുകള്‍ തേടി

വളരെ രസകരമായി വായിച്ചു പോകാവുന്ന പുസ്തകമാണ് ഇസ്‌ലാമിന്റെ ഹൃദയമായ സൂഫിസത്തിന്റെ പൊരുളന്വേഷിക്കുന്ന അവരുടെ പുസ്തകം. മതത്തെ ആത്മീയതയില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നതുമായി പൊരുത്തപ്പെട്ടു പോകാത്ത മനസിന്റെ ഉടമയായിരുന്നു സാദിയ. ഹിന്ദു മതമില്ലാതെ വേദാന്തം നിലനിക്കുമോ? അവര്‍ ചോദിക്കും. അതേ പോലെയാണ് ഇസ്‌ലാമിക വേരുകള്‍ ഇല്ലാത്ത സൂഫിസവും. ഇസ്‌ലാമിന്റെ ആത്മീയ തലങ്ങളാണ് സൂഫീ ദര്‍ശനങ്ങളിലൂടെയും ജീവിത രീതികളിലൂടെയും ആവിഷ്‌കരിക്കപ്പെടുന്നത്. അതില്‍ ദൈവാസ്തിത്വത്തിന്റെ പൊരുളിനെക്കുറിച്ചുള്ള അന്വേഷണമുണ്ട്, ഭക്തിയുണ്ട്, കലയും സാഹിത്യമുണ്ട്. നൃത്തവും സംഗീതവുമുണ്ട്. ഹാര്‍ട്ട് ഓഫ് ഇസ്‌ലാം സൂഫി ദര്‍ശനത്തിന്റെ ആന്തരിക യാഥാര്‍ഥ്യങ്ങള്‍ വൈകാരികാനുഭവങ്ങളെന്ന നിലയില്‍ വായനക്കാരിലേക്ക് എത്തിക്കുന്ന രചനയാണ്. ഒട്ടേറെ സൂഫി കവിതകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത് അവര്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'ദി സൂഫി കോര്‍ട്ട് യാര്‍ഡ്: ദര്‍ഗ്ഗാസ് ഓഫ് ഡല്‍ഹി'യാണ് സാദിയ ദെഹ്‌ലവിയുടെ മറ്റൊരു പുസ്തകം. 2012 ല്‍ പുറത്തിറങ്ങിയ ഈ കൃതി ഡല്‍ഹിയുടെ സൂഫി ചരിത്രമാണ്. സൂഫിസം എങ്ങനെയാണ് ഡല്‍ഹിയുടെ മതജീവിതത്തിന്റെയും ചരിത്ര യാഥാര്‍ഥ്യങ്ങളുടേയും ഭാഗമായത് എന്ന് പഠന ഗവേഷണങ്ങളുടെ കൃത്യതയോടെ അവര്‍ രേഖപ്പെടുത്തുന്നു. അതേസമയം അതൊരു കുറ്റമറ്റ വിവരസ്രോതസ്സ് കൂടിയാണ്.

സാദിയയുടെ ഡല്‍ഹി

രസിച്ചു വായിക്കാവുന്ന സാദിയയുടെ പുസ്തകമാണ് 2017 ല്‍ പുറത്തിറങ്ങിയ 'ജാസ്മിന്‍ ആന്‍ഡ് ജിന്‍സ്: മെമ്മറീസ് ആന്‍ഡ് റെസീപ്പീസ് ഓഫ് മൈ ഡല്‍ഹി'. മൈ ഡല്‍ഹി എന്നു പറഞ്ഞാല്‍ സാദിയയുടെ ദില്ലി തന്നെ. സര്‍ദാര്‍ പട്ടേല്‍ റോഡിലെ ഷമാ കോത്തിയെ ചുറ്റിപ്പറ്റി വളര്‍ന്ന ബാല്യ കൗമാരങ്ങള്‍ പഞ്ചാബി പാരനോയിയ, ഷാജഹാനാബാദിലെ മിസ്റ്റിക്ക്, ദില്ലി ദസ്തര്‍ ഖാന്‍ എന്നിങ്ങനെയുള്ള ഏതാനും അധ്യായങ്ങളിലൂടെ അവര്‍ ഓര്‍മകളും ചുറ്റുപാടുകളും കൂട്ടിച്ചേര്‍ത്ത് വിസ്മയകരമായ ഒരു ലോകം സൃഷ്ടിക്കുന്നു. സഈദയുമായുള്ള ബാല്യകാല ബന്ധവും അമ്മക്കും അബ്ബയ്ക്കും ഒന്നിച്ചു വളര്‍ന്ന ബാല്യകാലവും കറാച്ചിയിലെ നാനിയെ കുറിച്ചുള്ള ഓര്‍മകളുമെല്ലാം ചേര്‍ന്നു രസകരമായ പുസ്തകം.
എന്നാല്‍ പുസ്തകത്തിന്റെ സവിശേഷത അതില്‍ എടുത്തു ചേര്‍ത്തിട്ടുള്ള പാചകക്കുറിപ്പുകളാണ്. ചിക്കന്‍ സ്റ്റൂവും ബിരിയാണിയും കുറുമയും താലി മച്‌ലിയും ഒക്കെത്തന്നെ. നല്ലൊരു പാചക വിദഗ്ധയായ സാദിയ മുഗള പാരമ്പര്യം ഇന്ത്യയിലെ ഭക്ഷ്യസംസ്‌കാരത്തെ എങ്ങനെയാണ് സ്വാധീനിച്ചത് എന്നതിനെപ്പറ്റി ഗാഢമായ ആലോചനകള്‍ നടത്തിയിട്ടുണ്ട്. ഇസ്‌ലാമിക- ഭാരതീയ സംസ്‌കാരങ്ങളുടെ സമന്വയമാണ് മുഗളായ് പാചക രീതിയിലൂടെ പ്രകടമാവുന്നത്. സൂഫിസത്തിലും ഈ ആദാനപ്രദാനങ്ങളുടെ മുദ്രകള്‍ കാണാവുന്നതാണ്. വെപ്പിലൂടെയും തീനിയിലൂടെയും ഊണ്‍ മേശകളിലൂടെയും ഇന്ത്യ സാക്ഷാത്കരിച്ച സാംസ്‌കാരിക സമന്വയത്തെ സാദിയ ആത്മീയ ധാരകളുമായി ബന്ധിപ്പിക്കുന്നു.
ഖുശ്വന്ത് സിങ് ഡിറ്റ് ചെയ്ത 'സിറ്റി ഇം പ്രോബബിള്‍: ആന്‍ ആന്തോളജി ഓഫ് റൈറ്റിങ്‌സ് ഓണ്‍ ഡല്‍ഹി' എന്നൊരു സമാഹാരമുണ്ട്. പേരു സൂചിപ്പിക്കുന്നത് പോലെ ഡല്‍ഹി നഗരത്തെക്കുറിച്ച് വ്യത്യസ്തരായ ആളുകളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമാഹാരമാണത്. അതില്‍ സാദിയയുടെ ഒരു രചനയുണ്ട്. ദില്ലി കാ ദാസ്താര്‍ ഖ്വാന്‍. ഡല്‍ഹിയില്‍ എപ്രകാരമാണ് പേര്‍ഷ്യന്‍- ഇന്ത്യന്‍ ഭക്ഷ്യ രീതികള്‍ പരസ്പരം സമന്വയിച്ച് പുതിയൊരു പാചക സംസ്‌കാരം ഉരുത്തിരിഞ്ഞുവന്നത് എന്ന് അവര്‍ വിവരിക്കുന്നു. തുര്‍ക്കി പാചകക്കാരും ഡല്‍ഹിയിലെ കായസ്ത രും ചേര്‍ന്നു പുതിയ വിഭവങ്ങള്‍ പരീക്ഷിച്ചു. ദാസ്താര്‍ ഖ്വാന്‍ എന്ന വാക്കിന് തീന്‍ മേശ എന്ന് അര്‍ഥം പറയാം. തുര്‍ക്കി ഭാഷയില്‍ തീന്‍ മേശയില്‍ വിരിക്കുന്ന വിരി എന്നാണ് കൃത്യമായ അര്‍ഥം. പല പശ്ചിമേഷ്യന്‍ ഭാഷകളിലും ഈ പ്രയോഗമുണ്ട്, നമ്മുടെ സുപ്ര പോലെ. ഈ പദം തന്നെയും സൂചിപ്പിക്കുന്നത് പാചകവിദ്യയിലേയും ഭക്ഷ്യരീതികളിലേയും സാംസ്‌കാരിക സമന്വയമാണ്. അതിന്റെ ആത്മീയ വിവക്ഷകളിലായിരുന്നു സാദിയക്ക് താല്‍പ്പര്യം. ദില്ലി കാ ദാസ്താര്‍ ഖ്വാനില്‍ അവര്‍ ഈ സമന്വയത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു.

സൂഫിസവും ഭക്ഷണവും

സൂഫി മജ്‌ലിസുകള്‍ ഒരര്‍ഥത്തില്‍ ദൈവ സ്‌തോത്രങ്ങളും സഹജീവിതവും പങ്കുവച്ചു കൊണ്ടുള്ള കമ്മ്യൂണുകളാണ്. ഒന്നിച്ച് പ്രാര്‍ഥിക്കുന്നു, ഒന്നിച്ച് ആഹാരം കഴിക്കുന്നു, ഒന്നിച്ച് സംഗീതമാസ്വദിക്കുന്നു, നൃത്തം ചെയ്യുന്നു. ഈ ഏകീഭാവത്തിലൂടെ അവര്‍ ദൈവാസ്തിത്വത്തിന്റെ പൊരുള്‍ തേടുന്നു. ആഹാരം ഈ സഹജീവിതത്തിലെ ഐക്യബോധത്തിന് ബലം നല്‍കുന്ന അടിസ്ഥാനശ്രുതികളിലൊന്നാണ്. കേരളത്തിലെ റാത്തീബ്- മൗലിദ് സദസുകളിലെ ചീരണി വിതരണവും ഒന്നുചേര്‍ന്നുള്ള ഭക്ഷണം കഴിക്കലുമോര്‍ക്കുക. ആന്‍ മേരി ഷിമ്മല്‍ സൂഫീപാരമ്പര്യത്തിലെ മധുരം പങ്കുവയ്ക്കലിനെക്കുറിച്ച് എഴുതിയതും. ചീരണി (ഷീര്‍നി) ആത്മീയതയിലധിഷ്ഠിതമായ മുസ്‌ലിം ജീവിതത്തിലെ ഒരു ജീവത്തായ മോട്ടീഫ് ആയിത്തീരുന്നത് അങ്ങനെയാവാം. സാദിയാ ദെഹ്‌ലവിയുടെ താല്‍പ്പര്യങ്ങളില്‍ സൂഫീ ആത്മീയതയും ഭക്ഷ്യ സംസ്‌കാരവും കടന്നുവരുന്നതിന്ന് ഈ പാരസ്പര്യം കാരണമായിട്ടുണ്ടാവാം എന്ന് കരുതാവുന്നതാണ്.

പ്രസിദ്ധീകരണ ലോകം

സൂഫി ആയിരിക്കുന്നതോടൊപ്പം ആധുനികതയുടെ മുഖരൂപം കൂടി ആയിരുന്നു സാദിയ. അതില്‍ അവരുടെ കുടുംബ പാരമ്പര്യം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒരു കാലത്ത് ഡല്‍ഹിയുടെ സാംസ്‌കാരിക സിരാകേന്ദ്രമായിരുന്നു അവരുടെ ഭവനമായ ഷമാഘര്‍. ഷമാ പ്രസിദ്ധീകരണങ്ങളുടെ ഉടമയായ യൂനുസ് ദെഹ്‌ലവിയായിരുന്നു പിതാവ് ഉര്‍ദു പത്രപ്രവര്‍ത്തനത്തിലെ ഗാലിബും ആസാദുമായിരുന്നു അദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഷമാ എന്ന ഒരു കാലത്ത് ഏറെ പ്രസിദ്ധമായിരുന്ന ഉര്‍ദു ചലച്ചിത്ര പ്രസിദ്ധീകരണം പ്രസ്തുത ഗ്രൂപ്പാണ് പുറത്തിറക്കിയിരുന്നത്. ഷമക്ക് പുറമെ സുഷമ, ഖിലോന, ബാനു തുടങ്ങിയവയും അവര്‍ പ്രസിദ്ധപ്പെടുത്തി. ബാനു വനിതാ മാസികയും ഖിലോന കുട്ടികളുടെ മാസികയുമായിരുന്നു. ബാനുവിന്റെ പത്രാധിപയായിരുന്നു സാദിയ. ഒരു പത്ര സ്ഥാപനമെന്നതിലേറെ എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും സിനിമക്കാരുടേയുമെല്ലാം സംഗമ സ്ഥാനമായിരുന്നു ഷമാ കോത്തി. കിഷന്‍ ചന്ദര്‍, ഇസ്മത് ചുഗ്തായ്, രാജീന്ദര്‍ സിങ് ബേദി തുടങ്ങിയവര്‍ സ്ഥിരമായി ഷമാ ഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങളില്‍ എഴുതി. പലരും അവിടത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു. നര്‍ഗീസ്, മീനാകുമാരി, അലി സര്‍ദാര്‍ ജഅഫരി, ദിലീപ് കുമാര്‍, രാജ് കപൂര്‍ തുടങ്ങിയ സിനിമാ വ്യക്തിത്വങ്ങളടക്കം. അതേസമയം യൂനുസ് ദെഹ്‌ലവി തന്റെ മതപാരമ്പര്യങ്ങള്‍ എപ്പോഴും മുറുകെപ്പിടിച്ചു. ആധുനികതയിലേക്ക് നീട്ടിയിട്ട ഇസ്‌ലാമികപാരമ്പര്യത്തില്‍ നിന്നുള്ള പാലങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങള്‍. സാദിയയിലെ സാംസ്‌കാരികവ്യക്തിത്വത്തെ രൂപപ്പെടുത്തിയത് ഈ അനുഭവങ്ങള്‍ പ്രസരിപ്പിച്ച ഊര്‍ജ്ജമാണ്.

അര്‍ബുദം കവരുമ്പോഴും

പ്രക്ഷുബ്ധതകളിലൂടെ നീങ്ങിയ വ്യക്തിജീവിതമായിരുന്നു സാദിയയുടേത് എന്ന് ഒരര്‍ഥത്തില്‍ പറയാം. റിസാ പെര്‍വായിസ് എന്ന പാകിസ്താനിയായിരുന്നു ഭര്‍ത്താവ്. പന്ത്രണ്ട് കൊല്ലത്തെ വിവാഹ ജീവിതത്തിന്ന് ശേഷം അയാള്‍ അവരെ തലാഖ് ചൊല്ലി. മൂന്നുവട്ടം തലാഖ് ചൊല്ലി ഇമെയില്‍ അയച്ചത് അന്ന് വാര്‍ത്തയായിരുന്നു. പിന്നീടവര്‍ സെയ്യിദ് കറാമത്ത് അലിയെ വിവാഹം കഴിച്ചു. ഹസ്‌റത്ത് ഷാഫര്‍ഹദ് എന്ന സൂഫി ദര്‍ഗയില്‍ വച്ച്കണ്ടുമുട്ടിയ കറാമത്ത് അലിയുടെ ഭാര്യയായി അവര്‍ അഭിമാനപൂര്‍വ്വം ജീവിച്ചു. അര്‍മാന്‍ അലിയാണ് മകന്‍.
അസാധാരണമായ ആത്മ ബലത്തോടെയാണ് സാദിയാ ദെഹ്‌ലവി സ്തനാര്‍ബുദത്തെ നേരിട്ടത്. രോഗം വളരെ ഗുരുതരമായതിന്നുശേഷമേ കണ്ടെത്തിയുള്ളു. എന്നിട്ടും അസാമാന്യമായ ധീരതയോടെ അവര്‍ അതിനെ നേരിട്ടു. ആധുനിക വൈദ്യശാസ്ത്രത്തില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു. അതോടൊപ്പം തന്റെ മതത്തിലും. ദൈവം തന്നോടൊപ്പമുണ്ടാവുമെന്നായിരുന്നു അവരുടെ അചഞ്ചല വിശ്വാസം. അവസാന ശ്വാസം വരെ ധൈര്യത്തോടെ പിടിച്ചു നില്‍ക്കാന്‍ അവരെ പ്രാപ്തയാക്കിയത് ഈ വിശ്വാസം തന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago