ദാഇറത്തുല്‍ മആരിഫ്: അറബി പ്രസാധക രംഗത്തെ ഇന്ത്യന്‍ മുദ്ര
അറബികളുമായി മുമ്പു മുതലേ പ്രത്യേക ബന്ധമുള്ള ഹൈദരാബാദില്‍ നൈസാം ആറാമന്‍, മഹ്ബൂബ് അലി ഖാന്‍ ബഹാദുരിന്റെ (1866- 1911) കാലത്ത് സ്ഥാപിതമായ 'ദാഇറതുല്‍ മആരിഫില്‍ ഉസ്മാനിയ്യ' അറബി- ഇസ്‌ലാമിക വിജ്ഞാന ലോകത്ത് നിസ്തുല സംഭാവനകളിലൂടെ തലമുറകളെ പ്രചോദിപ്പിച്ച പ്രസാധന കേന്ദ്രമാണ്. അറബ് രാജ്യങ്ങളില്‍ തന്നെ അറബി പ്രിന്റിങ്ങ് വിരളമായിരുന്ന കാലത്താണ് ഇന്ത്യയില്‍ ആദ്യമായി അറബി ഗ്രന്ഥങ്ങള്‍ അച്ചടിക്കാനുള്ള പ്രസ് സ്ഥാപിക്കുന്നത്. 1888 ലാണത്. തുടര്‍ന്ന് ജനുവരി രണ്ടിന് ജംഇയ്യത്തു ദാഇറതില്‍ മആരിഫില്‍ ഉസ്മാനിയ്യ' എന്ന പേരില്‍ പ്രസാധന കേന്ദ്രം നിലവില്‍ വന്നു.
നൈസാം ഭരണത്തില്‍ സുല്‍ത്താന്‍ ആറാമന്റെ പ്രൈവറ്റ് സെക്രട്ടറിയും രാജ്യത്തെ വിദ്യാഭ്യാസ വകുപ്പ് മേധാവിയുമായിരുന്ന നവാബ് ഇമാദുല്‍ മുല്‍ക് ഹുസൈന്‍ അല്‍ബല്‍ഗ്രാമിയാണ് ഇത്തരമൊരു സൊസൈറ്റി നിര്‍മിക്കാന്‍ മുന്‍കൈയെടുത്തത്. പ്രമുഖ പണ്ഡിതര്‍ മൗലാനാ അബ്ദുല്‍ ഖയ്യൂം, നവാബ് അന്‍വാറുല്ലാഹ് ഖാന്‍ തുടങ്ങിയവര്‍ സഹകരിച്ചു.
മുസ്‌ലിം ലോകത്ത് വെളിച്ചം കാണാതെ കിടക്കുന്ന അമൂല്യ കയ്യെഴുത്ത് പ്രതികളും പ്രിന്റ് ചെയ്ത ശേഷം കോപ്പികള്‍ ലഭ്യമല്ലാതെ ഒറ്റപ്പെട്ട ലൈബ്രറികളില്‍ കിടക്കുന്ന അപൂര്‍വ പ്രതികളുടെ ഫോട്ടോ (ഫിലിം) കോപ്പികളും തേടിപ്പിടിച്ച് സംഘടിപ്പിച്ച് അവ പരിശോധിച്ചു, പരിഷ്‌കരിച്ചു, ടിപ്പണികളും വിശദീകരണക്കുറിപ്പുകളും നല്‍കി പ്രസിദ്ധീകരിക്കുകയോ പുന:പ്രസിദ്ധം ചെയ്യുകയോ ആണ് ഈ സൊസൈറ്റിയുടെ പ്രധാന കര്‍മപരിപാടിയായി സ്വീകരിച്ചത്. അറബ് ഇസ്‌ലാമിക പൈതൃകങ്ങള്‍ കാത്തു സൂക്ഷിക്കുക, അനാഥാവസ്ഥയില്‍ അവഗണിക്കപ്പെട്ട നിലയില്‍ നാമാവശേഷമായിപ്പോകുന്ന വൈജ്ഞാനിക സമ്പത്ത് പ്രയോജനപ്രദമായ രീതിയില്‍ പുതിയ തലമുറകള്‍ക്ക് കൈമാറുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ പദ്ധതികള്‍ക്ക് അവര്‍ ഊന്നല്‍ നല്‍കിയത്.
ആശിര്‍വദിക്കാന്‍
പ്രമുഖ പണ്ഡിതര്‍
ഈ പദ്ധതിയെ കുറിച്ച് മനസിലാക്കിയത് മുതല്‍ തന്നെ ഇന്ത്യയിലെ പ്രമുഖ മതപണ്ഡിതരും ബുദ്ധിജീവികളും ഇതുമായി സഹകരിക്കാനും അവര്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനും മുന്നോട്ടുവന്നു. മുഫ്തി മുഹമ്മദ് സഈദ് മദിരാശി, മൗലാനാ മുസഫറുദ്ദീന്‍, അബ്ദുല്‍ ഹഖ് ഖൈറാബാദി, അല്ലാമാ ശിബ്‌ലി നുഅ്മാനി, സര്‍ സയ്യിദ് അഹ്മദ് ഖാന്‍, നവാബ് വഖാറുല്‍ മുല്‍ക്, നവാബ് മുഹ്‌സിനുല്‍ മുല്‍ക്, നവാബ് ഇഖ്ബാല്‍ പാര്‍ജങ്ക്, നവാബ് രിഫ്അത് പാര്‍ജങ്ക് തുടങ്ങിയവര്‍ അവരില്‍ ചിലരായിരുന്നു.
ഇവിടെ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ പരിശോധന, പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പ്രമുഖ പണ്ഡിതരായ അബ്ദുര്‍ റഹ്മാന്‍ ബിന്‍ യഹ്‌യാ അല്‍ മുഅല്ലിമി, ഖുതുബുദ്ദീന്‍ മഹ്മൂദ് ബിന്‍ ഗിയാസുദീന്‍ അലി ഖൈറാബാദി, മുഹമ്മദ് ബദ്‌റുദ്ദീന്‍ അലവി, മുഹമ്മദ് അന്‍വാറുല്ലാഹ് ഖാന്‍ തുടങ്ങിയവരായിരുന്നു. കൂടാതെ ഫ്രിറ്റ്‌സ് ക്രെന്‍കോവിനെ പോലുള്ള ഓറിയന്റലിസ്റ്റുകളും ഈ പ്രവൃത്തിയില്‍ മുഴുകിയിരുന്നു. ഇബ്‌നു ദുറൈദിന്റെ അല്‍ ജംഹറ, അല്ലാമാ ഇബ്‌നു ഹജറിന്റെ അദ്ദുററുല്‍ കാമിന തുടങ്ങിയ കൃതികള്‍ ഇദ്ദേഹമാണ് എഡിറ്റിങ്ങ് നിര്‍വഹിച്ചത്.
ഇരുനൂറോളം കനപ്പെട്ട കൃതികള്‍ ഇവിടെ പ്രസാധനം ചെയ്യപ്പെട്ടു. മിക്കതും നിരവധി വാള്യങ്ങളുള്ള വിലപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങളാണ്. ഒരപൂര്‍വ ഖുര്‍ആന്‍ പ്രതിയും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 120 പേജ് മാത്രം വരുന്ന ഈ പ്രതിയില്‍ ഓരോ വരിയും ആരംഭിക്കുന്നത് വാവ് എന്ന അക്ഷരം കൊണ്ടാണ്.
'ഗീത'യുടെ അറബി പരിഭാഷ
ഇന്ത്യ സ്വാതന്ത്ര്യം നേടി അധികം വൈകാതെ സ്വതന്ത്ര രാജ്യങ്ങളായി നിലനിന്നിരുന്ന ഇന്ത്യന്‍ അതിര്‍ത്തിയിലെ നാട്ടുരാജ്യങ്ങള്‍ ഇന്ത്യയുടെ ഭാഗമായി. അങ്ങനെ ഹൈദരാബാദില്‍ നൈസാമിന്റെ ഭരണം അവസാനിച്ചതോടെ ഈ സ്ഥാപനവും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായി. തുടര്‍ന്നും പഴയ പൈതൃക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രീതി തുടര്‍ന്നു. ആറ് വാള്യങ്ങളുള്ള അബൂബക്ര്‍ മുഹമ്മദ് സകരിയ്യ അര്‍റാസിയുടെ പ്രസിദ്ധമായ 'അല്‍ ഹാവി ഫി ത്വിബ്ബ്' ഇക്കാലത്താണ് വെളിച്ചം കണ്ടത്. കൂടാതെ 1951 ല്‍ ഹിന്ദു പുരാണ ഗ്രന്ഥമായ ഗീതയുടെ അറബി പരിഭാഷയും ഇവിടെ നിന്ന് പുറത്തിറങ്ങി. മക്കന്‍ ലാല്‍ റായ് ചൗധരിയാണ് ജാമിഉല്‍ അസ്ഹറിലെ പ്രൊഫസറായിരുന്ന മുഹമ്മദ് ഹബീബുമായി സഹകരിച്ച് ഇതിന്റെ മൊഴിമാറ്റം നിര്‍വഹിച്ചത്.
1938 ല്‍ ഉസ്മാനിയ്യ യൂനിവേഴ്‌സിറ്റി നിലവില്‍ വന്നതോടെ ഈ സ്ഥാപനം കൂടി സര്‍വകലാശാലയുടെ കീഴിലേക്ക് മാറ്റപ്പെട്ടു. നൈസാം ഏഴാമന്‍ മീര്‍ ഉസ്മാന്‍ ഖാനാണല്ലോ ഉസ്മാനിയ്യയുടെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ പേരിലേക്ക് ചേര്‍ത്താണ് സര്‍വകലാശാല ഉസ്മാനിയ്യ എന്ന നാമകരണം ചെയ്യപ്പെട്ടത്. (അല്ലാതെ ഉസ്മാനിയ്യ ഖിലാഫത്തുമായി -ഓട്ടമന്‍ എമ്പയര്‍- ഇതിന് ബന്ധമൊന്നുമില്ല.) ദാഇറതുല്‍ മആരിഫും 'ഉസ്മാനിയ്യ' എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത് അതിന് ശേഷമായിരിക്കണം.
റഫറന്‍സ് കൃതികള്‍
2013 ല്‍ പ്രസിദ്ധീകരിച്ച 'അല്‍ ഫഹ്‌രിസുല്‍ വസ്ഫി' (ഉലരെൃശുശേ്‌ല കിറലഃ) ഇവിടെ നിന്ന് ഇതുവരെ പുറത്തിറങ്ങിയ ഗ്രന്ഥങ്ങളുടെ വിശദമായ വിവരണം ഉള്‍ക്കൊള്ളുന്നു. അസ്മതുല്ലാഹ് നദ്‌വിയും അഹ്മദ് സക്കരിയ്യ നദ്‌വിയും കൂടി ഡോ. ഉമറുല്‍ ഹാഷിമിയുടെ നേതൃത്വത്തിലാണ് ഇന്‍ഡക്‌സ് തയ്യാറാക്കിയത്. അതനുസരിച്ച് ഇരുനൂറോളം കനപ്പെട്ട കൃതികളാണ് ദാഇറ ലോകത്തിന് സമര്‍പ്പിച്ചത്. ഇതില്‍ ബഹുഭൂരിഭാഗം കോപ്പികളും അറബ് രാജ്യങ്ങളിലാണ് വിതരണം ചെയ്യപ്പെട്ടത്. അറബ് ലോകത്തെ പ്രമുഖ ലൈബ്രറികളൊന്നും ദാഇറതുല്‍ മആരിഫ് പ്രസിദ്ധം ചെയ്ത ഗ്രന്ഥങ്ങളില്‍ നിന്ന് മുക്തമായി കാണാന്‍ കഴിയില്ലെന്ന് അറബ് പണ്ഡിതര്‍ തന്നെ വ്യക്തമാക്കുന്നു.
സ്ഥാപനം പുറത്തിറക്കിയ കൃതികളില്‍ ബഹുഭൂരിഭാഗവും ഹദീസ് വിജ്ഞാന ശാസ്ത്രവും അനുബന്ധ വിഷയങ്ങളുമാണെന്ന് ഇന്‍ഡെക്‌സ് വ്യക്തമാക്കുന്നു. പ്രശസ്ത ഹദീസ് പണ്ഡിതനായ ഇമാം ബൈഹഖിയുടെ അസ്സുനനുല്‍ കുബ്‌റാ 10 വാള്യങ്ങളിലാണ് പ്രസിദ്ധീകരിച്ചത്. ഇമാം ഹാക്കിമിന്റെ അല്‍ മുസ്തദ്‌റക് നാല് വാള്യങ്ങളില്‍. അതുപോലെ 'കന്‍സുല്‍ ഉമ്മാല്‍ ഫീ സുനനില്‍ അഖ്‌വാലി വല്‍ അഅ്മാല്‍' എന്ന അലി ബിന്‍ അബ്ദില്‍ മലിക് അല്‍ ഹിന്ദിയുടെ ബൃഹത് ഗ്രന്ഥം 22 വാള്യങ്ങളിലാണ് പ്രസിദ്ധീകരിച്ചത്. അല്ലാമാ ഇബ്‌നു ഹജറിന്റെ 'ലിസാനുല്‍ മീസാന്‍' ആറ് ഭാഗങ്ങള്‍. അബൂ മുഹമ്മദ് അഹ്മദ് അല്‍ കൂഫിയുടെ 'അല്‍ഫുതൂഹ്' എട്ട് വാള്യങ്ങള്‍.
കൂടാതെ ഇമാം അബൂഹനീഫയുടെ 'അല്‍ ഫിഖ്ഹുല്‍ അക്ബര്‍', ഇബ്‌നു ഖുതൈബയുടെ 'അല്‍ അന്‍വാ', അല്‍ ബിറൂനിയുടെ 'തഹ്ഖീഖു മാലില്‍ ഹിന്ദി മിന്‍ മഖൂല' (അല്‍ ബിറൂനി കണ്ട ഇന്ത്യ) ഇമാം മുഹമ്മദ് അശൈബാനിയുടെ 'കിതാബുല്‍ അസ്ല്‍' (5 ഭാഗങ്ങള്‍) തുടങ്ങി ഇമാം സുബ്കിയുടെ 'ത്വബഖാതുശ്ശാഫിഇയ്യ' വരെയുള്ള കനപ്പെട്ടതും പണ്ഡിത ലോകത്ത് സുപരിചിതവുമായ നിരവധി അമൂല്യ കൃതികള്‍ പ്രിന്റ് ചെയ്തു വിതരണം നടത്തുക വഴി അറബ് ഗ്രന്ഥലോകത്തെ സമ്പന്നമാക്കിയ ഇന്ത്യന്‍ പ്രസാധക സംഘം എന്ന ഖ്യാതി ദാഇറതുല്‍ മആരിഫിന് മാത്രം അവകാശപ്പെട്ടതാണ്.
നൈസാം ഭരണത്തിളക്കം
ദാഇറതുല്‍ മആരിഫിനെ കുറിച്ച് ഇത്രയും പറഞ്ഞപ്പോള്‍ അതിന്റെ അനുബന്ധമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കാതിരിക്കുന്നത് അനൗചിത്യമാകും. ഹൈദരാബാദിനെ വൈജ്ഞാനിക സാങ്കേതിക ഹബ് ആക്കി മാറ്റുന്നതില്‍ നൈസാമുമാരുടെ പങ്കാണത്. നൈസാം ഭരണ കാലത്തെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇന്നവിടെ കാണുന്ന പുരോഗതികള്‍. നിസാമിയ്യ യൂനിവേഴ്‌സിറ്റി, ദാഇറതുല്‍ മആരിഫില്‍ ഉസ്മാനിയ്യ, ഉസ്മാനിയ്യ യൂനിവേഴ്‌സിറ്റി, ഉസ്മാനിയ്യ മെഡിക്കല്‍ കോളജ്, സാലാറെ ജങ്ക് മ്യൂസിയം തുടങ്ങി ഇന്ത്യയിലും പുറത്തും പ്രശസ്തി നേടിയ നിരവധി വൈജ്ഞാനിക, സാംസ്‌കാരിക സ്ഥാപനങ്ങള്‍ നൈസാം ഭരണത്തിന്റെ സംഭാവനകളാണ്.
ഇതില്‍ ഉസ്മാനിയ്യ മെഡിക്കല്‍ കോളജിന്റെ ആരംഭം നൈസാം അഞ്ചാമന്റെ കാലത്താണെങ്കില്‍ ദാഇറതുല്‍ മആരിഫ് ആറാം നൈസാമിന്റ ഭരണത്തിലാണ് തുടക്കം കുറിച്ചത്. സാലാറെ ജങ്ക് മ്യൂസിയം നൈസാമിന്റെ കീഴില്‍ പതിറ്റാണ്ടുകളോളം പ്രധാനമന്ത്രിയായി സേവനം ചെയ്ത നവാബ് മീര്‍ യൂസുഫലി ഖാന്‍ സാലാറെ ജങ്കിന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നാണ് രൂപം കൊണ്ടത്. ഈ മ്യൂസിയം 1951 ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഉദ്ഘാടനം ചെയ്തത്. ഇന്നീ മ്യൂസിയം ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് ദേശീയ മ്യൂസിയങ്ങളിലൊന്നാണ്. ഉസ്മാനിയ്യ യൂനിവേഴ്‌സിറ്റി ഇന്ന് ഇന്ത്യയിലെ എണ്ണപ്പെട്ട വന്‍കിട യൂനിവേഴ്‌സിറ്റികളിലൊന്നാണ്.
എന്നാല്‍ ഇതെല്ലാം പുഷ്ടിപ്പെട്ടതും പുരോഗതിയുടെ പുതിയ ചക്രവാളങ്ങള്‍ താണ്ടിയതും നൈസാം ഏഴാമന്‍ ഉസ്മാന്‍ അലി ഖാന്റെ ഭരണകാലത്താണ്. അതുകൊണ്ട് അവ മിക്കതും അദ്ദേഹത്തിലേക്ക് ചേര്‍ത്തു ഉസ്മാനിയ്യ എന്ന പേരില്‍ അറിയപ്പെട്ടു. അക്കാലത്തെ അതിസമ്പന്നനായിരുന്ന ഉസ്മാന്‍ അലി ഖാന് ഗോല്‍കുണ്ടയിലെ ഡയമണ്ട് ഖനികളാണ് ഇത്രയും ധനം നേടികൊടുത്തത്. അക്കാലത്ത് ആഗോള വജ്ര മാര്‍ക്കറ്റിലെ ഏറ്റവും വലിയ ഇറക്കുമതി ഇവിടെ നിന്നായിരുന്നു. 1937 ഫെബ്രുവരി 22 ന് ഇറങ്ങിയ അമേരിക്കയിലെ ടൈം മാഗസിന്‍ ഇദ്ദേഹത്തിന്റെ കവര്‍ ചിത്രവുമായാണ് ഇറങ്ങിയത്. ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്നാണ് ഖാനെ മാസിക പരിചയപ്പെടുത്തിയത്.
1940കളില്‍ രണ്ട് ബില്യന്‍ യു.എസ് ഡോളറായിരുന്നു ഖാന്റെ ആസ്തി. ഇന്നത്തെ ഏതാണ്ട് 36.5 ബില്യന്‍ ഡോളര്‍ വരും. ഇത് അമേരിക്കയുടെ മൊത്തം വാര്‍ഷിക വരുമാനത്തിന്റെ രണ്ട് ശതമാനം വരും. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വന്ന സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ് ഏതാണ്ട് ഒരു ബില്യന്‍ യു.എസ് ഡോളറിന് തുല്യമായിരുന്നുവെന്ന് കൂടി ഓര്‍ക്കുക. 1967ല്‍ അദ്ദേഹം മരണപ്പെടുന്നത് വരെ സൗത്ത് ഏഷ്യയിലെ അതിസമ്പന്നന്‍ അദ്ദേഹം തന്നെയായിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ സ്വത്തില്‍ നിന്ന് 97 ശതമാനവും സര്‍ക്കാര്‍ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."