HOME
DETAILS

അവകാശങ്ങള്‍ അവകാശമാക്കിയ സാര്‍വദേശീയ തൊഴിലാളി ദിനം

  
backup
May 01 2017 | 01:05 AM

%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

ഇന്ന് മെയ് 1, തൊഴിലാളി ദിനമായി ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ ആഘോഷിക്കുകയാണ്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന തൊഴിലാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ ഓര്‍മയാണ് മെയ്ദിനം. 1886ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന 'ഹേമാര്‍ക്കറ്റ് മനുഷ്യക്കുരുതി'യുടെ സ്മരണാര്‍ത്ഥമാണ് മെയ് ദിനം ആചരിക്കപ്പെടുന്നത്. സാര്‍വ്വദേശീയമായി തൊഴിലാളികളുടെ അവകാശങ്ങള്‍ അനുവദിച്ചുകിട്ടുന്നതിന് തുടക്കം കുറിച്ച പോരാട്ടത്തിന് വര്‍ത്തമാനകാലത്ത് പ്രസക്തി വര്‍ദ്ധിക്കുകയാണ്.

 

ആഗോളവല്‍ക്കരണം സൃഷ്ടിച്ച രൂക്ഷമായ സാമ്പത്തിക അസമത്വത്തിന്റെയും തുടര്‍ച്ചയായ ലോകസാമ്പത്തിക പ്രതിസന്ധിയുടെ ഉപോല്‍പന്നങ്ങളായ വളര്‍ച്ചാ മുരടിപ്പിന്റെയും വിപണി സമ്മര്‍ദത്തിന്റെയും ഭാരം തൊഴിലാളികളുടെ ചുമലില്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമമാണ് ലോകമാകെ നടക്കുന്നത്. മുതലാളിത്തത്തിന്റെ ലാഭം കുന്നുകൂട്ടാനുള്ള ധനമൂലധനത്തിന്റെ ഇരകളായി തൊഴിലാളിവര്‍ഗ്ഗം മാറുകയാണ്. സ്ഥിരം തൊഴിലാളികള്‍ എന്ന കാഴ്ചപ്പാട് അട്ടിമറിച്ചുകൊണ്ട് പുറംകരാര്‍, താല്‍ക്കാലികദിവസക്കൂലി സമ്പ്രദായം, ട്രെയിനി സമ്പ്രദായം തുടങ്ങിയവ വ്യാപകമാകുന്നു. വേതനം മരവിപ്പിക്കലും വെട്ടിക്കുറയ്ക്കലും പിരിച്ചുവിടലും നിര്‍ബാധം തുടരുന്നു. ലോകത്താകെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ജീവിതം അരക്ഷിതമായി തുടരുകയാണ്.


തൊഴിലാളികളുടെ വേതനഘടനയില്‍ ഈ കാലയളവില്‍ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. ലാഭനിരക്ക് കുത്തനെ ഉയരുമ്പോഴും വേതന അനുപാതം 30%ല്‍ നിന്ന് 9.5% ആയി കുറയുകയാണ്. അമേരിക്കന്‍ ഐക്യനാടുകള്‍ അടക്കമുള്ള മുതലാളിത്ത രാജ്യങ്ങളിലെ സാധാരണ തൊഴിലാളികളുടെയും കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളുടെയും ശമ്പളത്തിലെ അന്തരം പിന്നിട്ട 5 വര്‍ഷക്കാലയളവില്‍ 520 ഇരട്ടിയായി വര്‍ദ്ധിച്ചു, ഇത്തരത്തില്‍ അസമത്വം വര്‍ദ്ധിക്കുന്നത് തൊഴിലാളികള്‍ക്കിടയില്‍ അസ്വസ്ഥതയും അരാജകത്വവും വര്‍ദ്ധിപ്പിക്കുകയും സംഘടിത വിലപേശലിനുള്ള ശക്തിപോലും ദുര്‍ബ്ബലപ്പടുത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.


ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ രാജ്യത്തെ തൊഴിലാളികളുടെ ജീവിതവും ദുസഹമാക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നു. കഴിഞ്ഞ വര്‍ഷം 1.30 കോടി യുവജനങ്ങള്‍ പുതുതായി തൊഴില്‍ കമ്പോളത്തിലെത്തിയെങ്കിലും പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ കേവലം 1.35 ലക്ഷം മാത്രമാണ്. സ്ഥിരം ജീവനക്കാരുടെയും തൊഴിലാളികളുടെയും എണ്ണം വെട്ടിക്കുറച്ചുകൊണ്ടും കരാര്‍വല്‍ക്കരണം വ്യാപകമാക്കിയും രാജ്യത്തെ തൊഴില്‍മേഖലയെ തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ സര്‍വിസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഒഴിവുകള്‍ നികത്താന്‍ തയാറാകാതെ തൊഴിലാളികളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ്.


രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ യാതൊരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കുന്നതിനുള്ള തീരുമാനവും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലും ഈ മേഖലകളിലെ തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, കോള്‍ ഇന്ത്യാലിമിറ്റഡ്, ഐ.ഒ.സി എന്നിവയടക്കമുള്ള മഹാനവരത്‌ന നവരത്‌ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ഇ.ടി.എഫ് (എക്‌സ്‌ചേഞ്ച് ട്രേഡ്‌സ് ഫണ്ട്) എന്ന രീതിയില്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 74 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ നീതി ആയോഗ് തയാറെടുക്കുന്നു. വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി.


ട്രേഡ് യൂണിയന്‍ നിയമം, ഫാക്ടറീസ് നിയമം, വ്യവസായ തൊഴില്‍ തര്‍ക്കനിയമം, കരാര്‍ തൊഴിലാളി നിയമം എന്നിവയെല്ലാം തന്നെ ഭേദഗതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിക്കഴിഞ്ഞു. ഇ.എസ്.ഐ, ഇ.പി.എഫ്, പ്രസവാനുകൂല്യങ്ങള്‍ തുടങ്ങിയ തൊഴിലാളികളുടെ സാമൂഹ്യസുരക്ഷാ നിയമങ്ങളെ സംയോജിപ്പിക്കുവാനുള്ള ബൃഹത് പദ്ധതി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായത്തിനായി അയച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ തൊഴില്‍ നിയമങ്ങളെ തൊഴിലുടമ പക്ഷത്തുനിന്നുകൊണ്ട് മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരേ രാജ്യത്തെ തൊഴിലാളിവര്‍ഗം ഒന്നടങ്കം പ്രക്ഷോഭത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പാതയിലാണ്.
500, 1000 രൂപ കറന്‍സികള്‍ പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനവും തൊഴില്‍ മേഖലയെ തകര്‍ക്കുന്നതായിരുന്നു. ചില്ലറ വില്‍പന മേഖലയില്‍ ഇതേ തുടര്‍ന്നുണ്ടായ മാന്ദ്യം ഇനിയും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ചില്ലറ വില്‍പന മേഖലയില്‍ 30%ലധികം ഇടിവുണ്ടായി. വിവിധ മേഖലകളിലെ തൊഴിലാളികളുടെ വേതന വിതരണമടക്കം താളംതെറ്റുന്ന നിലതുടരുകയാണ്.


2016 മെയ് മാസത്തില്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേന്ദ്ര ഭരണാധികാരികളുടെ തൊഴിലാളി വിരുദ്ധ സാമ്പത്തിക നയങ്ങളുടെ കെടുതികളില്‍ നിന്ന് സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് സംരക്ഷണകവചം തീര്‍ത്തുകൊണ്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അങ്ങേയറ്റം അശാന്തമായ ഒരു തൊഴില്‍ അന്തരീക്ഷത്തിലാണ് സര്‍ക്കാര്‍ അധികാരമേറ്റത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍, തൊഴിലും കൂലിയുമില്ലാത്ത പരമ്പരാഗത വ്യവസായ മേഖല, പ്രതിസന്ധിയിലായ തോട്ടം മേഖല, മാസങ്ങള്‍ കുടിശ്ശികയായ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനുകളും എന്നതായിരുന്നു സംസ്ഥാനത്തെ തൊഴില്‍ മേഖലയിലെ അവസ്ഥ. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ തന്നെ ഈ മേഖലകളില്‍ ശ്രദ്ധേയമായ മാറ്റം കൊണ്ടുവരാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് കഴിഞ്ഞു. സംസ്ഥാനത്തെ തൊഴിലാളി തൊഴിലുടമാ ബന്ധം ഊട്ടിയുറപ്പിക്കുകയും അതിലൂടെ ഒരു സംരംഭക സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനും ഉതകുന്ന തരത്തില്‍ സമഗ്രമായ ഒരു തൊഴില്‍ നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിവരികയാണ്.


സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ച് ഈ രംഗത്ത് നടപ്പിലാക്കേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് കര്‍മ്മപദ്ധതി നടപ്പിലാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന 'മിനിമം വേതന ഉപദേശക സമിതി' പുന:സംഘടിപ്പിക്കുകയും വിവിധ മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഹോസ്റ്റല്‍, ഐസ് ഫാക്ടറി, ഫാര്‍മസ്യൂട്ടിക്കല്‍ സെയില്‍സ് പ്രമോഷന്‍, പ്രിന്റിംഗ് പ്രസ്, ഗോള്‍ഡ് & സില്‍വര്‍ ഓര്‍ണമെന്റ്‌സ്, ആനപരിപാലനം, ചൂരല്‍മുള, ഉച്ചഭക്ഷണ തൊഴിലാളികള്‍, ആയുര്‍വേദ അലോപ്പതി മരുന്ന്, കടകളും വാണിജ്യസ്ഥാപനങ്ങളും, ഗാര്‍ഹികമേഖല, ബീഡി& സിഗാര്‍ എന്നീ മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. സെക്യൂരിറ്റി സര്‍വിസ്, അഗ്രിക്കള്‍ച്ചറല്‍ ഓപ്പറേഷന്‍, മലഞ്ചരക്ക് വ്യവസായം, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഓയില്‍ മില്‍, ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി, പേപ്പര്‍ പ്രൊഡക്ഷന്‍, പ്രൈവറ്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ തുടങ്ങിയ മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.


സംസ്ഥാനത്തെ വിവിധ മേഖലകളില്‍ ഉയര്‍ന്നുവരുന്ന തൊഴില്‍ തര്‍ക്കങ്ങളില്‍ ഉദ്യോഗസ്ഥതലത്തില്‍ ഫലപ്രദമായി ഇടപെടുകയും ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം മന്ത്രിതലത്തില്‍ തന്നെ അനുരഞ്ജന യോഗങ്ങള്‍ നടത്തി പ്രശ്‌നപരിഹാരം സാധ്യമാക്കുകയും ചെയ്തുവരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ഡിമോണറ്റൈസേഷന്‍ നടപടി എറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച മേഖലയാണ് തോട്ടം മേഖല. ബാങ്കുകളില്‍ നിന്ന് കറന്‍സി ലഭ്യമാകാത്തതുമൂലം തൊഴിലാളികളുടെ വേതന വിതരണത്തില്‍ വന്‍ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. തോട്ടങ്ങള്‍ ഉള്ള ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ മുഖേന കറന്‍സി ലഭ്യമാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം നടത്തുകയുണ്ടായി. തോട്ടം മേഖലയില്‍ കൂടുതല്‍ ബാങ്കിങ് സൗകര്യങ്ങളും, എ.ടി.എം കൗണ്ടറുകളും മൊബൈല്‍ ബാങ്കിങ് സംവിധാനവും ഏര്‍പ്പെടുത്തി ശാശ്വതമായ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


സംസ്ഥാനത്ത് തോട്ടം മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങളും ജീവിതസാഹചര്യങ്ങളും പഠിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ പരിശോധന നടന്നുവരികയണ്. ഇതിന്റെ ഭാഗമായി തോട്ടം മേഖലയിലെ തൊഴിലാളി സംഘടനകളുടെയും തൊഴിലുടമകളുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു. തൊഴിലാളി തൊഴിലുടമാ സംഘടനകളുടെ നിര്‍ദേശങ്ങളുടെ കൂടി അഭിപ്രായത്തില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളും. തോട്ടം മേഖലയിലെ പാര്‍പ്പിട പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷന്‍ ഓഫ് കേരളയും സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് മിഷനുമായി സഹകരിച്ച് പദ്ധതി രൂപീകരിക്കും.


സംസ്ഥാനത്തെ അസംഘടിത തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന് ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പിലാക്കാനും അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് പുന:സംഘടിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ തൊഴില്‍ മേഖലയുടെ അവഗണിക്കാനാവാത്ത ഭാഗമായി മാറിയിരിക്കുകയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍, നിര്‍മാണം, കാര്‍ഷികം, വ്യാവസായികം, വാണിജ്യം തുടങ്ങി സമസ്തമേഖലകളിലും ഇന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷന്‍ നടത്തിയ പഠനത്തില്‍ 25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് ജോലിചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. തദ്ദേശീയരായ തൊഴിലാളികള്‍ക്കൊപ്പം ഇവരുടെ ക്ഷേമത്തിനും സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിവരുന്നത്. മിനിമം വേതനം നടപ്പിലാക്കിയിട്ടുള്ള മേഖലകളില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം അതേ അളവില്‍ ലഭ്യമാക്കുവാനും സേവന വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ വിഭാഗം തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലെ ശുചിത്വവും താമസസൗകര്യവും മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇതിനായി തൊഴില്‍ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സംയുക്തമായ ഇടപെടലുകള്‍ നടത്തിവരുന്നു. അതോടൊപ്പം തൊഴിലാളികള്‍ക്കായി സംസ്ഥാന വ്യാപകമായി മെഡിക്കല്‍ ക്യാംപുകളും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചുവരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിപാലനം, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, വിവരശേഖരണം എന്നിവ ഉറപ്പാക്കുന്നതിന് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മാതൃകയില്‍ 'ആവാസ്' എന്ന പേരില്‍ ഒരു ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയിലൂടെ ആഭ്യന്തരം, ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകള്‍ക്ക് ആവശ്യമായ വിവരങ്ങളും ലഭ്യമാക്കാന്‍ കഴിയും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ 'അപ്നാഘര്‍' പദ്ധതിയുടെ ഭാഗമായി പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഹോസ്റ്റല്‍ മാതൃകയിലുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നു. 768 തൊഴിലാളികള്‍ക്ക് ഇവിടെ താമസ സൗകര്യമൊരുക്കാന്‍ കഴിയും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ ജാതിമതട്രേഡ് യൂണിയന്‍ ഭാഷ പ്രദേശ ലിംഗ ഭേദമില്ലാതെ തൊഴിലാളി വര്‍ഗത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് മെയ്ദിന സന്ദേശത്തിന്റെ കാതല്‍. തൊഴിലാളി വര്‍ഗത്തിന്റെ ഐക്യം തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരേ ജാഗരൂകരായിരിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്.
എല്ലാ തൊഴിലാളി സുഹൃത്തുക്കള്‍ക്കും മെയ്ദിനത്തിന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago