ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂരില്‍ മാത്രം
തൃശൂര്‍: ശിശു ലിംഗാനുപാതം കുത്തനെ കുറയുന്നത് തടയാനും പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്താനുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് തൃശൂര്‍ ജില്ല മാത്രം. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ശിശുലിംഗാനുപാത നിരക്ക് കാണപ്പെടുന്നുവെന്ന ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് തൃശൂരിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്. രാജ്യത്ത് പെണ്‍കുട്ടികളുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ 100 ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2001 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് തൃശൂര്‍ ജില്ലയിലെ ശിശു ലിംഗാനുപാതം 958 ആയിരുന്നുവെങ്കില്‍ 2011 ലെ കണക്കില്‍ ഇത് 950 ആയി കുറഞ്ഞു.
പെണ്‍ഭ്രൂണഹത്യ വ്യാപകമാവുന്നുവോ എന്ന ആശങ്കയുണര്‍ത്തുന്നതാണ് ഈ കുറവെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈയൊരു പ്രതികൂല സാഹചര്യത്തിലാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂര്‍ ജില്ലയില്‍ നടപ്പിലാക്കിവരുന്നത്. ലിംഗവിവേചനപരമായ ഭ്രൂണഹത്യ തടയുക, പെണ്‍കുട്ടികളുടെ അതിജീവനവും സംരക്ഷണവും ഉറപ്പുവരുത്തുക, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നിവയാണ് പരിപാടിയുടെ ഉദ്ദേശ്യം.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ - ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക ബോധവല്‍കരണ പരിശീലന ശില്‍പശാല നടന്നു. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ ആരോഗ്യം, വിദ്യാഭ്യാസം, പൊലിസ്, ബ്ലോക്ക് ഡവലപ്‌മെന്റ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."