കേരളത്തില്‍ കൊട്ടിക്കലാശം ഇന്ന്
തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നു വൈകീട്ട് അവസാനിക്കും. നാളെ നിശബ്ദപ്രചാരണവും നടക്കും. മറ്റന്നാള്‍ കേരളാ ജനത വിധിയെഴുതും. പ്രചാരണത്തിന്റെ അവസാനദിവസമായ ഇന്ന് രാവിലെ ഏഴുമണിയോടെ തന്നെ കേരളത്തിലെ തെരുവുകളെ വിവിധകക്ഷികളുടെ പ്രചാരണവാഹനങ്ങള്‍ കീഴടക്കിയിട്ടുണ്ട്. ഞായറാഴ്ചയായതിനാല്‍ കൊട്ടിക്കലാശത്തിന്റെ ആവേശം കൂടും. കേരളത്തോടൊപ്പം മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാര്‍ (5), ഛത്തിസ്ഗഡ് (7), ഗുജറാത്ത് (26), ഗോവ (2), ജമ്മു കശ്മീര്‍ (1), കര്‍ണാടക (14), മഹാരാഷ്ട്ര (14), ഒഡീഷ (6), ഉത്തര്‍പ്രദേശ് (10), പശ്ചിമബംഗാള്‍ (5), ദാദ്ര ആന്‍ഡ് നഗര്‍ ഹവേളി (1), ദമന്‍ ദിയു (1) എന്നിവിടങ്ങളിലും ഇന്നു പ്രചാരണം അവസാനിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതിനുമുന്നോടിയായി രാവിലെ ആറിന് ബൂത്തുകളില്‍ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്‌പോള്‍ നടത്തി വോട്ടിങ് യന്ത്രങ്ങളുടെ കൃത്യത ഉറപ്പാക്കും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
2,61,51,534 വോട്ടര്‍മാരാണുള്ളത്. 1,34,66,521 സ്ത്രീകളും 1,26,84,839 പുരുഷന്മാരും 174 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. മലപ്പുറത്താണു കൂടുതല്‍ വോട്ടര്‍മാര്‍- 31,36,191 പേര്‍. കുറവ് വയനാട് ജില്ലയില്‍- 5,94,177 പേര്‍. 867 മോഡല്‍ പോളിങ് സ്‌റ്റേഷനുകളുണ്ട്. സമ്പൂര്‍ണമായി വനിതകള്‍ നിയന്ത്രിക്കുന്ന 240 ബൂത്തുകളാണു സംസ്ഥാനത്തുള്ളത്. പ്രശ്‌നസാധ്യതയുള്ള 3621 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. 35,193 വോട്ടിങ് മെഷീനുകളാണുള്ളത്. 32,746 കണ്‍ട്രോള്‍ യൂണിറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്. ആറ്റിങ്ങല്‍, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ രണ്ടു ബാലറ്റ് യൂണിറ്റുകള്‍ വീതം ഉപയോഗിക്കും. 227 സ്ഥാനാര്‍ഥികളില്‍ 23 വനിതകളുണ്ട്. കണ്ണൂരിലാണ് വനിതാ സ്ഥാനാര്‍ഥികള്‍ കൂടുതല്‍- അഞ്ചു പേര്‍.
സംസ്ഥാനത്ത് 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 219 ബൂത്തുകളില്‍ മാവോവാദി ഭീഷണിയുള്ളതായി വിലയിരുത്തിയിട്ടുണ്ട്. ഇതില്‍ 72 ബൂത്തുകള്‍ വയനാട്ടിലും 67 എണ്ണം മലപ്പുറത്തും 39 എണ്ണം കണ്ണൂരിലുമാണ്. കോഴിക്കോട്ടെ 41 ബൂത്തുകളും ഈ ഗണത്തില്‍പ്പെടുന്നു. 57 കമ്പനി കേന്ദ്രസേനയെയാണ് കേരളത്തില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."