അടുത്തത് ബഹ്‌റൈനും ഒമാനുമെന്ന് ഇസ്‌റാഈല്‍
ടെല്‍അവീവ്: യു.എ.ഇയെ പിന്തുടര്‍ന്ന് അടുത്തതായി ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങള്‍ ബഹ്‌റൈനും ഒമാനുമായിരിക്കുമെന്ന് വെളിപ്പെടുത്തി ഇസ്‌റാഈല്‍ ഇന്റലിജന്റ്‌സ് മന്ത്രി എലി കോഹന്‍. ഇനി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളുമായും ആഫ്രിക്കന്‍ മുസ്‌ലിം രാജ്യങ്ങളുമായും ഇതുപോലെയുള്ള കരാറുകളുണ്ടാക്കും- സൈനിക റേഡിയോയോട് അദ്ദേഹം പറഞ്ഞു.
ബഹ്‌റൈനും ഒമാനും തീര്‍ച്ചയായും അതിലുണ്ടാകും. അതിനു പുറമെ അടുത്ത വര്‍ഷം സുദാന്‍ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുമായും സമാധാന കരാറുണ്ടാക്കും- കോഹന്‍ വ്യക്തമാക്കി.
ഈജിപ്തും ജോര്‍ദാനുമാണ് യു.എ.ഇക്കു മുമ്പേ ഇസ്‌റാഈലുമായി കരാറുണ്ടാക്കിയ മുസ്‌ലിം രാജ്യങ്ങള്‍. ഈജിപ്ത് 1979ലും ജോര്‍ദാന്‍ 1994ലുമാണ് ജൂതരാഷ്ട്രവുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. സഊദി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം കുവൈത്ത് ഇസ്‌റാഈലിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
യു.എ.ഇയില്‍ ഇനി ഫലസ്തീന്‍
സ്ഥാനപതി ഉണ്ടാവില്ല
റമല്ല: ഇസ്‌റാഈലുമായി യു.എ.ഇ കരാറുണ്ടാക്കിയതോടെ അവിടെയുള്ള ഫലസ്തീന്‍ അംബാസഡര്‍ യു.എ.ഇ വിട്ടതായും ഇനിയൊരിക്കലും അദ്ദേഹത്തെ യു.എ.ഇയിലേക്ക് തിരിച്ചയക്കില്ലെന്നും വ്യക്തമാക്കി ഫതഹ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജിബ്‌രീല്‍ അല്‍ റജബ്. അതേസമയം ഫതഹ് പാര്‍ട്ടി പുറത്താക്കിയ നേതാവായ മുഹമ്മദ് ദഹ്‌ലാന്‍ യു.എ.ഇ-ഇസ്‌റാഈല്‍ കരാറിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ദഹ്‌ലാന്‍ നിലവില്‍ യു.എ.ഇയിലാണ് കഴിയുന്നത്.
വ്യാപാരകരാറില്‍ ഒപ്പുവച്ച്
യു.എ.ഇയും ഇസ്‌റാഈലും
ദുബൈ: വ്യാഴാഴ്ച യു.എസ് പ്രസിഡന്റ് ട്രംപിന്റെ അധ്യക്ഷതയില്‍ ഒപ്പുവച്ച സമാധാന കരാറിനെ തുടര്‍ന്ന് യു.എ.ഇയും ഇസ്‌റാഈലും ഇതാദ്യമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു. യു.എ.ഇയിലെ അപെക്‌സ് നാഷനല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ഇസ്‌റാഈലിലെ തേര ഗ്രൂപ്പുമായി കൊവിഡ് ഗവേഷണത്തിന് തന്ത്രപ്രധാന വാണിജ്യ കരാറില്‍ ഒപ്പുവച്ചതായി യു.എ.ഇയിലെ വാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌റാഈലുമായുള്ള ബന്ധം
ഇറാനെ ലക്ഷ്യമിട്ടല്ലെന്ന് യു.എ.ഇ
ദുബൈ: ഇസ്‌റാഈലുമായി സാധാരണനിലയിലുള്ള ബന്ധം സ്ഥാപിച്ചത് യു.എ.ഇയുടെ പരമാധികാരത്തില്‍ പെട്ട തീരുമാനമാണെന്നും ഇറാനെ ലക്ഷ്യമാക്കിയുള്ളതല്ലെന്നും യു.എ.ഇ. ഞങ്ങളുടെ തീരുമാനത്തില്‍ ആരും ഇടപെടേണ്ടതില്ലെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
അതിനിടെ അബൂദബിയിലെ ഇറാന്‍ വിദേശകാര്യ പ്രതിനിധിയെ യു.എ.ഇ വിളിച്ചുവരുത്തി. യു.എ.ഇ വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും ഇത് ചതിയാണെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചതിലുള്ള അതൃപ്തി അദ്ദേഹത്തെ അറിയിച്ചു. യു.എ.ഇ ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുന്നത് തങ്ങള്‍ക്ക് ഭീഷണിയായാണ് ഇറാന്‍ കാണുന്നത്. റൂഹാനിയുടെ ഭീഷണിയെ ജി.സി.സി സെക്രട്ടറി ജനറല്‍ അപലപിച്ചിട്ടുണ്ട്. എന്നാല്‍ ജി.സി.സിയോ അറബ് ലീഗോ യു.എ.ഇയുടെ നടപടിയെ അപലപിച്ചിട്ടില്ല.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് യു.എ.ഇ
ദുബൈ: ഇസ്‌റാഈലുമായി സമാധാന കരാറുണ്ടാക്കിയതിനെതിരേ പ്രതിഷേധിക്കുന്നവരെ രഹസ്യമായി അറസ്റ്റ് ചെയ്ത് യു.എ.ഇ. അറസ്റ്റിലായവരില്‍ യു.എ.ഇ പൗരന്മാര്‍ക്കു പുറമെ രാജ്യത്ത് കഴിയുന്ന ഫലസ്തീന്‍, ജോര്‍ദാന്‍ പൗരന്മാരും ഉള്‍പ്പെടും. പൊതു പരിപാടികള്‍ നിരോധിക്കപ്പെട്ട യു.എ.ഇയില്‍ സ്വകാര്യ യോഗങ്ങളിലോ സാമൂഹ്യമാധ്യമങ്ങളിലൂടെയോ കരാറിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ദ എമിറേറ്റ്‌സ് ലീക്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിനു പുറത്ത് കഴിയുന്ന യു.എ.ഇക്കാരും കരാറിനെതിരാണ്. ജനത്തെയും രാജ്യത്തെയും ഒറ്റിക്കൊടുത്തിരിക്കുകയാണ് അധികാരികളെന്നും ഭരണകൂടത്തിന്റെ മുഖത്തേറ്റ കളങ്കമാണിതെന്നും അവര്‍ പറയുന്നു.
യമനിലെ ജൂതന്മാര്‍ അബൂദബിയിലേക്ക്
സന്‍ആ: യു.എ.ഇ ഇസ്‌റാഈലുമായി കരാറുണ്ടാക്കിയതോടെ യമനിലെ ശേഷിക്കുന്ന ജൂതസമുദായക്കാര്‍ അബൂദബിയിലേക്ക് കുടിയേറാനൊരുങ്ങുന്നു. 100 ജൂതന്മാര്‍ യു.എ.ഇയിലേക്ക് പോകുമെന്ന് യമനിലെ മുതിര്‍ന്ന ജൂതപുരോഹിതന്‍ പറഞ്ഞതായി അല്‍ അറബി അല്‍ ജദീദ് റിപ്പോര്‍ട്ട് ചെയ്തു.
യു.എസാണ് ഇതിനു പിന്നില്‍. ഇവര്‍ക്ക് യു.എ.ഇയിലേക്കു പോകാനുള്ള സൗകര്യം ചെയ്തുകൊടുക്കാന്‍ ഇറാനോട് യു.എ.ഇ അഭ്യര്‍ഥിച്ചിട്ടുണ്ട്. യമനിലെ ജൂതസമുദായത്തിലെ അരലക്ഷത്തോളം പേരാണ് 1948ല്‍ ഇസ്‌റാഈല്‍ രൂപീകരിക്കപ്പെട്ടതോടെ വ്യോമമാര്‍ഗം അവിടേക്കു പോയത്. യമനില്‍ ഭീഷണിയില്ലാത്തതിനാല്‍ മിക്ക ജൂതന്മാര്‍ക്കും രാജ്യം വിടാന്‍ താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
യു.എ.ഇ ജനത കരാറിനെതിര്
ദുബൈ: യു.എ.ഇയിലെ 80 ശതമാനം പൗരന്മാരും ഇസ്‌റാഈലുമായുണ്ടാക്കിയ കരാറിനെ എതിര്‍ക്കുന്നതായി അഭിപ്രായ സര്‍വേ. വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസി നടത്തിയ സര്‍വേയിലാണ് രാജ്യത്തെ 80 ശതമാനം ആളുകളും ഇസ്‌റാഈല്‍ ബന്ധത്തെ എതിര്‍ക്കുന്നതായി വ്യക്തമായത്.
കരാറിനെ തുടര്‍ന്ന് ഫലസ്തീനിലെ ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയ വെസ്റ്റ്ബാങ്കിനെ ജൂതരാജ്യത്തോട് കൂട്ടിച്ചേര്‍ക്കുന്നത് അവസാനിപ്പിക്കുമെന്ന് യു.എ.ഇ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം കരാറിനു മുമ്പേ തീരുമാനിച്ചതാണെന്ന് കഴിഞ്ഞദിവസം ഇസ്‌റാഈല്‍ ധനമന്ത്രി വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."