പാപ്പാത്തിച്ചോലയിലെ കുരിശ് കള്ളന്മാരുടേതെന്ന് കാനം; വിശ്വാസികളുടേതെന്ന് എം.എം മണി
കോട്ടയം: കുരിശിന്റെ പേരില്‍ വീണ്ടും സി.പി.ഐ- സി.പി.എം തര്‍ക്കം. പാപ്പാത്തിച്ചോലയിലെ കുരിശ് കളളന്റെ കുരിശാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
എന്നാല്‍, അത് കൈയേറ്റക്കാരുടെ കുരിശല്ലെന്നും വിശ്വാസികളുടെ കുരിശാണെന്നും മന്ത്രി എം.എം മണി. മുഖ്യമന്ത്രിയെ കടന്നാക്രമിക്കാതെ അന്തസ് പാലിക്കണമെന്ന് മണി സി.പി.ഐക്ക് മുന്നറിയിപ്പും നല്‍കി. ഇതോടെ മൂന്നാര്‍ വിഷയത്തില്‍ സി.പി.ഐ- സി.പി.എം പോര് വീണ്ടും കനത്തു. കോട്ടയത്ത് മെയ് ദിനത്തോടനുബന്ധിച്ചുളള വ്യത്യസ്ത ചടങ്ങുകളിലാണ് കാനവും മണിയും നയം വ്യക്തമാക്കിയത്.
വൈക്കത്ത് രാവിലെ എ.ഐ.ടി.യു.സി സംഘടിപ്പിച്ച മെയ് ദിന റാലി ഉദ്ഘാടനം ചെയ്യവേയാണ് കാനം പാപ്പാത്തിച്ചോല വിഷയമാക്കിയത്. പൊളിച്ചത് ത്യാഗത്തിന്റെ കുരിശാണെന്ന് തെറ്റിദ്ധരിക്കേണ്ട. മണിയുടെ പ്രസ്താവനകള്‍ പ്രതിപക്ഷത്തിന് വടി നല്‍കുന്നതാണ്.
പാമ്പാടിയിലെ മെയ്ദിന ആഘോഷ പരിപാടിയിലാണ് മന്ത്രി എം.എം മണി സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ചത്. മുന്നണിയുളള സുഹൃത്തുക്കള്‍ക്കാര്‍ക്കെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം.
മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയും കടന്നാക്രമിക്കുകയും ചെയ്താല്‍ അത് ചോദ്യം ചെയ്യും. സംരക്ഷിക്കേണ്ടവര്‍ തന്നെ വിമര്‍ശകരായാല്‍ എന്തു ചെയ്യും. കുരിശ് പൊളിച്ചതിനോട് യോജിപ്പില്ല. കൈയേറ്റ ഭൂമിയിലാണ് കുരിശെന്ന് വരുത്താനാണ് പരിപാടി.
മിണ്ടരുതെന്നല്ല പാര്‍ട്ടി ശാസനയിലുടെ അര്‍ഥമാക്കുന്നതെന്നും മന്ത്രി മണി പറഞ്ഞു. വേണ്ടപ്പോള്‍ സംസാരിക്കാം. താന്‍ പെമ്പിളൈ ഒരുമൈയെക്കുറിച്ച് ഒന്നു പറഞ്ഞില്ല.
താന്‍ മാപ്പുപറയാന്‍ ചെന്നാല്‍ അവര്‍ വെറെ വല്ലോം പറഞ്ഞാലോ. ഇനിയും മൂന്നാറില്‍ പോകും. ഇപ്പോള്‍ പോകാത്തത് വിവാദം വേണ്ടെന്നു വച്ചാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."