ഓണക്കൂര്‍ തോട് ശുചീകരിച്ച് പാമ്പാക്കുടയില്‍ മെയ്ദിനാഘോഷം
കൂത്താട്ടുകുളം: ഓണക്കൂര്‍ തോടും പരിസരവും ശുചീകരിച്ച് സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ മെയ് ദിനാഘോഷം നാടിന് വേറിട്ടൊരനുഭവമായി.
രാവിലെ തന്നെ മേഖലയിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇരുനൂറിലധികം പാര്‍ട്ടി പ്രവര്‍ത്തകരും തൊഴിലാളികളും ഓണക്കൂര്‍ പഴയപാലത്തിനു സമീപം ഒത്തുചേര്‍ന്ന് റാലിയായി ശുചീകരണത്തില്‍ പങ്കെടുത്തു.കൈമെയ് മറന്നുള്ള അധ്വാനത്തിലൂടെ വൈകുന്നേരമായപ്പോഴേക്കും നാടിന്റെ ജലസ്രോതസിനെ തനിമയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മെയ്ദിന കൂട്ടായ്മക്കായി.
ഉഴവൂര്‍ തോട്ടില്‍ കാക്കൂര്‍ മുതല്‍ പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ കര വരെയുള്ള ഭാഗത്തെ ഹരിതാഭമായി നിലനിര്‍ത്തുന്നത് ഊരനാട്ടുചിറ ചെക്ക്ഡാമാണ്. ചെക്കു ഡാമിനു ഒരു കിലോമീറ്റര്‍ ഇപ്പുറത്ത് നടക്കാവ് കൂത്താട്ടുകുളം റോഡിന്റെ സാമീപ്യം ഓണക്കൂര്പാലം ഭാഗത്ത് വന്‍തോതില്‍ മാലിന്യങ്ങള്‍ അടിയുന്നതിന് കാരണമായി.അധികം തൊഴിലാളികളും പ്രവര്‍ത്തകരും സംഘടിക്കുന്ന അവസരത്തില്‍ മാത്രമേ ഇത്രയും വലിയൊരു പ്രദേശം ശുചീകരിക്കുന്നതിന് സാധിക്കു.
മറ്റെല്ലാ പരിപാടികളും മാറ്റി എല്ലാ വിഭാഗം തൊഴിലാളികളും നാട്ടുകാരും ഒരു ദിവസം മുഴുവനും ശുദ്ധീകരണത്തിനായി പങ്കെടുത്താണ് പാമ്പാക്കുടയിലെ മെയ് ദിനാചരണം വ്യത്യസ്തമാക്കിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മൂവാറ്റുപുഴ ആര്‍ഡിഒ എം ജി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവന് അധ്യക്ഷയായി. സി പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, ലോക്കല്‍ സെക്രട്ടറി എം.എന്‍ കേശവന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."